/sathyam/media/media_files/0zHE8oyZ98n9GwN5NHmy.jpg)
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിയുടെ ഇളയ സഹോദരൻ ബാബുൻ ബാനർജിക്ക് വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ തിങ്കളാഴ്ച വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. ഹൗറ ടൗണിലെ വോട്ടറായ ബാബുൻ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴാണ് ലിസ്റ്റിൽ പേരില്ലെന്ന് കണ്ടെത്തിയത്.
"ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ മുഴുവൻ കാര്യങ്ങളും പരിശോധിക്കുകയാണ്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് അവർക്ക് മാത്രമേ വിശദീകരിക്കാൻ കഴിയൂ," തൃണമൂൽ കോൺഗ്രസ് വക്താവ് ശന്തനു സെൻ പറഞ്ഞു. സംഭവത്തില്‍ പിടിഐ ബാബുനിന്റെ പ്രതികരണം തേടിയെങ്കിലും അദ്ദേഹം മൗനം പാലിച്ചു.
മാർച്ചിൽ ഹൗറ ലോക്‌സഭാ സീറ്റിലേക്ക് ടിഎംസി സിറ്റിംഗ് എംപി പ്രസൂൺ ബാനർജിയെ വീണ്ടും മത്സരിപ്പിച്ചതില്‍ ബാബുൻ തൻ്റെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ തള്ളിപ്പറയാനും അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിക്കാനും തീരുമാനിച്ചതായി മമത ബാനർജി പറഞ്ഞിരുന്നു.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാത്തതിനെ തുടർന്ന് ബാബുൻ ആ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. പാർട്ടി തനിക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു. ബാബുൻ ബി.ജെ.പിയിൽ ചേരാൻ ആലോചിക്കുന്നതായി അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
ബംഗാൾ ഒളിമ്പിക് അസോസിയേഷൻ്റെയും ബംഗാൾ ഹോക്കി അസോസിയേഷൻ്റെയും പ്രസിഡൻ്റാണ് ബാബുൻ ബാനർജി. ബംഗാൾ ബോക്സിംഗ് അസോസിയേഷൻ്റെ സെക്രട്ടറി കൂടിയായ ഇദ്ദേഹം ടിഎംസിയുടെ കായിക വിഭാഗത്തിൻ്റെ ചുമതല വഹിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us