കാലാവസ്ഥാ സുരക്ഷയ്ക്കായി നബാർഡിൻ്റെ 'നാഷണൽ ക്ലൈമറ്റ് സ്റ്റാക്ക് ഇന്നൊവേഷൻ ചലഞ്ച്'

New Update
nabard

മുംബൈ: ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതങ്ങൾ നേരിടുന്നതിനും പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി  നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) 'നാഷണൽ ക്ലൈമറ്റ് സ്റ്റാക്ക് ഇന്നൊവേഷൻ ചലഞ്ച്' പ്രഖ്യാപിച്ചു. നബാർഡ്, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ, ഡാൽബെർഗ് അഡ്വൈസേഴ്‌സ് എന്നിവർ സംയുക്തമായാണ് ഈ ദേശീയ സംരംഭത്തിന് തുടക്കം കുറിച്ചത്.

Advertisment

കൃഷി, ഗ്രാമീണ ഉപജീവനമാർഗങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന താപതരംഗങ്ങൾ, പ്രളയം, വരൾച്ച, ചുഴലിക്കാറ്റുകൾ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളെ മുൻകൂട്ടി അറിയാനും അവയെ പ്രതിരോധിക്കാനുമുള്ള അത്യാധുനിക സാങ്കേതിക മാതൃകകൾ വികസിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിൽ വിവിധ ഇടങ്ങളിലായി ചിതറിക്കിടക്കുന്ന കാലാവസ്ഥാ വിവരങ്ങളെ ഏകോപിപ്പിച്ച്, അടുത്ത 10-15 വർഷത്തേക്കുള്ള മാറ്റങ്ങൾ കൃത്യമായി പ്രവചിക്കാൻ കഴിയുന്ന ഒരു ഏകീകൃത ഡിജിറ്റൽ സംവിധാനം ഇതിലൂടെ നിലവിൽ വരും.

സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൂടുതൽ കരുത്തുറ്റ ഒരു ഗ്രാമീണ ഇന്ത്യയെ കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ നീക്കമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കെ.വി. വ്യക്തമാക്കി. ഗവേഷണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, സ്റ്റാർട്ടപ്പുകൾ, സ്വകാര്യ മേഖലയിലെ വിദഗ്ധർ എന്നിവർക്ക് ഈ ചലഞ്ചിൽ പങ്കെടുക്കാവുന്നതാണ്.

അപേക്ഷകൾ 2026 മാർച്ച് 6 മുതൽ സ്വീകരിച്ചു തുടങ്ങും. തിരഞ്ഞെടുക്കപ്പെടുന്ന ടീമുകൾക്ക് ആറ് മുതൽ എട്ട് ആഴ്ച വരെ നീളുന്ന വിദഗ്ധ പരിശീലനവും അവരുടെ മാതൃകകൾ പരിഷ്കരിക്കാനുള്ള അവസരവും ലഭിക്കും. മികച്ച മൂന്ന് പരിഹാരങ്ങൾ സമർപ്പിക്കുന്ന ടീമുകൾക്ക് യഥാക്രമം 15 ലക്ഷം, 10 ലക്ഷം, 5 ലക്ഷം രൂപ വീതം പുരസ്കാരം ലഭിക്കും. നബാർഡിന്റെ കാലാവസ്ഥാ ഡാറ്റാ പ്ലാറ്റ്‌ഫോമായ 'ഡിക്ര' (DiCRA) വഴിയാണ് ഈ പദ്ധതിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കുമായി www.climatestackinnovationchallenge.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Advertisment