ആരോഗ്യ വകുപ്പിനെതിരെ എൻ.കെ പ്രേമചന്ദ്രൻ എം.പി ;കൊല്ലം ആശ്രാമം ഇ.എസ്.ഐ മോഡല്‍ ആന്‍റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ 50 എം.ബി.ബി.എസ് സീറ്റിലേയ്ക്ക് 2026-27 അധ്യയന വര്‍ഷം പ്രവേശനം നടത്താനുളള ഇ.എസ്.ഐ കോര്‍പ്പറേഷന്‍റെ തീരുമാനത്തെ സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് അട്ടിമറിച്ചു; ആരോഗ്യമേഖലയിലെ കച്ചവടത്തില്‍ ലാഭമുണ്ടാക്കുവാന്‍ സിപിഎം സര്‍ക്കാര്‍ മേഖലയിലുളള ആരോഗ്യ പരിപാലന സംവിധാനത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും ആർ.എസ്.പി നേതാവ്

New Update
N-K-Premachandran-MP-Criticize-Budget-2024

ഡൽഹി :കൊല്ലം ആശ്രാമം ഇ.എസ്.ഐ മോഡല്‍ ആന്‍റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ 50 എം.ബി.ബി.എസ് സീറ്റിലേയ്ക്ക് 2026-27  അധ്യയന വര്‍ഷം പ്രവേശനം നടത്താനുളള ഇ.എസ്.ഐ കോര്‍പ്പറേഷന്‍റെ  തീരുമാനത്തെ സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് അട്ടിമറിച്ചു. 600 കോടി രൂപയോളം പൂര്‍ണ്ണമായും കേന്ദ്ര സഹായം ലഭിക്കുന്ന വന്‍കിട പദ്ധതിയാണ്   സംസ്ഥാന സര്‍ക്കാരിന്‍റെ പിടിവാശി മൂലം ഈ വര്‍ഷം നഷ്ടമാകുന്നത്.   കേരള സര്‍ക്കാര്‍  തൊഴിലാളി ദ്രോഹത്തിന്‍റെ മുഖമുദ്രയാണ്.  

Advertisment

കേരളത്തിന് എയിംസ് ലഭിക്കാത്തതില്‍ പരാതി പറയുന്ന ആരോഗ്യ വകുപ്പ്  എയിംസിന് സമാനമായ സൗകര്യത്തോടെ തൊഴിലാളികള്‍ക്കായി ഇ.എസ്.ഐ കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുളള ആശ്രാമം ഇ.എസ്.ഐ മോഡല്‍ ആന്‍റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തുവാനുളള എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് ദുരൂഹമാണ് എന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു.  കൊല്ലത്ത് ആരോഗ്യ മേഖലയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് തുല്ല്യമായ ഫീസ് ഈടാക്കി പ്രവര്‍ത്തിക്കുന്ന സിപിഎം നിയന്ത്രണത്തിലുളള ആശുപത്രിയുടെ കച്ചവട താല്പര്യമാണ് തൊഴിലാളികളുടെ ചികിത്സയ്ക്കും തൊഴിലാളികളുടെ മക്കളുടെ കുറഞ്ഞ ഫീസിലുളള മെഡിക്കല്‍ വിദ്യാഭ്യാസത്തിനും എതിര് നില്‍ക്കുന്നത്.

ആരോഗ്യമേഖലയിലെ കച്ചവടത്തില്‍ ലാഭമുണ്ടാക്കുവാന്‍ സിപിഎം സര്‍ക്കാര്‍ മേഖലയിലുളള ആരോഗ്യ പരിപാലന സംവിധാനത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്.  പാരിപ്പളളി മെഡിക്കല്‍ കോളേജ് ആരംഭിക്കുന്ന സമയത്ത് കോളേജിനെതിരായി സ്വകാര്യ മാനേജ്മെന്‍റുകളുമായി അവിശുദ്ധബന്ധം പുലര്‍ത്തിയെന്ന ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ മുന്‍നിര്‍ത്തിയാണ് ആശ്രാമം ഇ.എസ്.ഐ ആശുപത്രിയുടെ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതിനും റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

 കേരളത്തിലെ ആരോഗ്യ മേഖല പൂര്‍ണ്ണമായും വാണിജ്യവല്‍ക്കരിക്കുന്നതിനുളള സര്‍ക്കാരിന്‍റെ കരുതിക്കൂട്ടിയുളള ശ്രമത്തിന്‍റെ ഭാഗമാണ് സര്‍ക്കാര്‍ ആശുപത്രികളിലെ പരിതാപകരമായ അവസ്ഥയും തൊഴിലാളികള്‍ക്കുളള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുളള ചികിത്സയ്ക്കുളള അവസരം നിഷേധിക്കലും. ആരോഗ്യ വകുപ്പ് മന്ത്രിയും മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ ആശുപത്രികളും തമ്മിലുളള അവിശുദ്ധ ബന്ധത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.  കേരളത്തിലെ സര്‍ക്കാര്‍ പൊതുമേഖല ആരോഗ്യ സംവിധാനം തകരുന്നതിന്‍റെ പിന്നില്‍ ആരോഗ്യ മന്ത്രിയുടെയും മന്ത്രിയുടെ ചുറ്റും പ്രവര്‍ത്തിക്കുന്ന ചില ഉദ്യോഗസ്ഥരുടെയും മനപ്പൂര്‍വ്വമായ നടപടികളാണെന്ന് വ്യക്തമാക്കുന്നതാണ് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച നിലപാട്.  

ആദ്യ വിജ്ഞാപന പ്രകാരം നാഷണല്‍ മെഡിക്കല്‍ കമ്മീഷനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന  ദിവസം 2026 ജനുവരി മാസം 28 ആയിരുന്നു. അപേക്ഷ സമര്‍പ്പിക്കുന്നതിന് സര്‍ക്കാരിന്‍റെ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്. 2026 ജനുവരി മാസം  9-ാം  തീയതി അപേക്ഷ സമര്‍പ്പിച്ചിട്ടും, 2026 ജനുവരി മാസം  25-ാം തീയതി വരെ യാതൊരു മറുപടിയും നല്‍കാതെ ഫയല്‍ വൈകിപ്പിച്ചു. 2026 ജനുവരി മാസം  25-ാം തീയതി കുറവുകള്‍ നികത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കാണിച്ച് കത്ത് നല്‍കി. കോളേജിന്‍റെ പ്രവര്‍ത്തനം തുടങ്ങുന്ന അവസാന ഘട്ടത്തില്‍ ആവശ്യമായ കാര്യങ്ങളാണ് അപേക്ഷ നല്‍കുന്ന സമയത്ത് കുറവുകളായി കണ്ടെത്തിയത്.  2026 ജനുവരി മാസം  26-ാം തീയതി തന്നെ കോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ എല്ലാ കുറവുകളും നികത്തിക്കൊളളാമെന്ന് ഇ.എസ്.ഐ അധികൃതര്‍ അണ്ടര്‍ടേക്കിംഗ് നല്‍കി.  

28-ാം തീയതി രാവിലെ ഇ.എസ്.ഐ ഡയറക്ടര്‍ ജനറല്‍ നേരിട്ട്  അണ്ടര്‍ടേക്കിംഗ് നല്‍കുകയും എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.  എന്നാല്‍ 27-ാം തീയതി  മന്ത്രിയുടെ അടുത്തെത്തിയ ഫയല്‍ അപേക്ഷ കൊടുക്കാനുളള അവസാന ദിവസമായ 2026 ജനുവരി മാസം 28-ാം തീയതി രാത്രി 8 മണി വരെ യാതൊരു തീരുമാനവും എടുക്കാതെയും മറുപടി നല്‍കാതെയും അപേക്ഷ സമര്‍പ്പിക്കുന്നതില്‍ ഇ.എസ്.ഐ കോര്‍പ്പറേഷനെ തടസ്സപ്പെടുത്തി.   നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട  തീയതി 03/02/2026 വരെ ദീര്‍ഘിപ്പിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രിയോടും തൊഴില്‍ വകുപ്പ് മന്ത്രിയോടും മുഖ്യമന്ത്രിയോടും എത്രയും പെട്ടെന്ന് വിഷയത്തില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മനപ്പൂര്‍വ്വമായി കാലതാമസം ഉണ്ടാക്കി. പുതിയ മെഡിക്കല്‍ കോളേജിലേയ്ക്കുളള പ്രവേശനവും പ്രവര്‍ത്തനവും തടസ്സപ്പെടുത്തിയിട്ടുളളതാകുന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ആരോഗ്യ വകുപ്പ് മന്ത്രി 2026 ജനുവരി 27-ാം തീയതി മുതല്‍ ഫെബ്രുവരി മാസം 3-ാം തീയതി വൈകുന്നേരം വരെ ഫയല്‍ കൈവശം വയ്ക്കുകയും ഇ.എസ്.എ കോര്‍പ്പറേഷന് ഒരു കാരണവശാലും എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ്  സഹിതം നാഷണല്‍ മെഡിക്കല്‍ കമ്മീഷന് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ലായെന്ന് ഉറപ്പ് വരുത്തിയ ശേഷം ഫെബ്രുവരി  മാസ 3-ാം തീയതി രാത്രി ഇ.എസ്.ഐ കോര്‍പ്പറേഷന് കത്ത് നല്‍കിയിട്ടുളളത്.  

എന്തിനു വേണ്ടിയാണ് മന്ത്രി അപേക്ഷ കൊടുക്കുന്ന അവസാന ദിവസം വരെയും ഫയലില്‍ തീരുമാനമെടുക്കാതെ ഫയല്‍ പൂഴ്ത്തി വച്ചത്. സമഗ്രമായ റിപ്പോര്‍ട്ട് ആവശ്യമുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ആയത് നേരത്തെ ആവശ്യപ്പെട്ടിട്ടില്ല. ഫെബ്രുവരി 3-ാം തീയതി അപേക്ഷ സമര്‍പ്പിക്കുവാനുളള അവസാന ദിവസമാണെന്ന് അറിഞ്ഞിട്ടും രാത്രി മാത്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന്‍റെ പിന്നില്‍ ദുരുദ്ദേശം വ്യക്തമാണ്.  

കേന്ദ്ര സര്‍ക്കാരിന്‍റെ നേരിട്ട് നിയന്ത്രണത്തിലുളള ഇ.എസ്.ഐ കോര്‍പ്പറേഷന്‍റെ സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡയറക്ടര്‍ ജനറലിന്‍റെ അണ്ടര്‍ടേക്കിംഗ് പരിഗണിക്കാതിരിക്കുവാനുളള കാരണം എന്താണ് ?  സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഭൂരിപക്ഷത്തിനും പ്രവര്‍ത്തിക്കുന്നതിനായി വിവിധ ഘട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അണ്ടര്‍ടേക്കിംഗ് കേന്ദ്രം പരിഗണിക്കുമ്പോള്‍ എന്തുകൊണ്ടാണ് സംസ്ഥാനം കേന്ദ്രത്തിന്‍റെ അണ്ടര്‍ടേക്കിംഗിന് യാതൊരു വിലയും കല്‍പ്പിക്കാത്തത് ? പാരിപ്പളളി മെഡിക്കല്‍ കോളേജിന്‍റെ പ്രവര്‍ത്തനം പോലും സാധ്യമായത് സംസ്ഥാനം നല്‍കിയ അണ്ടര്‍ടേക്കിംഗിന്‍റെ അടിസ്ഥാനത്തിലാണ്.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിശ്ചയിച്ചിട്ടുളള എല്ലാ നിബന്ധനകളും അതേപടി പാലിച്ചിട്ടാണോ പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ മന്ത്രിയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടരും വ്യക്തമാക്കണം.  വസ്തുത ഇതായിരിക്കെ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ്  നല്‍കാതിരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വിലകുറഞ്ഞ സമീപനം അങ്ങേയറ്റം അപലപനീയവും കേരളത്തിലെ തൊഴിലാളികളോടുളള വെല്ലുവിളിയുമാണ്.  

തൊഴിലാളി വിരുദ്ധമായ  ഈ ദ്രോഹത്തിന് കശുവണ്ടി തൊഴിലാളികളുടെ ശാപത്തില്‍ നിന്നും ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് മോചനം ലഭിക്കില്ല.  ആരോഗ്യ മേഖലയിലെ വാണിജ്യവല്‍ക്കരണത്തിന് പൂര്‍ണ്ണമായ പിന്തുണ നല്‍കുന്നതും പാവപ്പെട്ടവന്‍റെയും തൊഴിലാളികളുടെയും ചികിത്സാ സൗകര്യ നിഷേധിക്കുന്നതുമായ  ആരോഗ്യ വകുപ്പിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും വഞ്ചനാപരമായ നിലപാടിന് ജനം ശക്തമായ മറുപടി നല്‍കുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.

Advertisment