ഇന്ത്യ പിടികൂടിയ ഇറാൻ ബന്ധമുള്ള കപ്പൽ പാക് സമുദ്രമേഖലയിൽ ഒളിവിൽ കഴിഞ്ഞു; നിർണ്ണായക വിവരങ്ങൾ പുറത്ത്

ഫെബ്രുവരി 4, 5 തീയതികളില്‍ അറബിക്കടലില്‍ വെച്ചാണ് എംടി അസ്ഫാല്‍റ്റ് സ്റ്റാര്‍, എംടി അല്‍ ജാഫ്സിയ, എംടി സ്റ്റെല്ലാര്‍ റൂബി എന്നീ മൂന്ന് കപ്പലുകള്‍ ഇന്ത്യ തടഞ്ഞത്.

New Update
Untitled

മുംബൈ: മുംബൈ തീരത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയ ഇറാന്‍ ബന്ധമുള്ള എണ്ണക്കപ്പലുകളില്‍ ഒന്ന് പാകിസ്താന്റെ സമുദ്രമേഖലയില്‍ ദിവസങ്ങളോളം ട്രാക്കിംഗ് സംവിധാനങ്ങള്‍ ഓഫാക്കി ഒളിവില്‍ കഴിഞ്ഞതായി റിപ്പോര്‍ട്ട്.

Advertisment

യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയ മൂന്ന് കപ്പലുകളില്‍ ഒന്നായ 'എംടി അസ്ഫാല്‍റ്റ് സ്റ്റാര്‍' ആണ് പാകിസ്താന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയത്.


ജനുവരി 20 മുതല്‍ 28 വരെ ഈ കപ്പല്‍ പാക് സമുദ്രമേഖലയിലായിരുന്നു. ജനുവരി 28-ന് കപ്പലിലെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം, വിഎച്ച്എഫ് റേഡിയോ, സെന്‍സറുകള്‍ എന്നിവ ഏകദേശം 11 മണിക്കൂറോളം ഓഫാക്കി കപ്പലിന്റെ ഐഡന്റിറ്റി മറച്ചുവെച്ചു. കള്ളക്കടത്തുമായി ബന്ധപ്പെട്ട നീക്കമാണിതെന്നാണ് കോസ്റ്റ് ഗാര്‍ഡ് വിലയിരുത്തുന്നത്.


ഫെബ്രുവരി 4, 5 തീയതികളില്‍ അറബിക്കടലില്‍ വെച്ചാണ് എംടി അസ്ഫാല്‍റ്റ് സ്റ്റാര്‍, എംടി അല്‍ ജാഫ്സിയ, എംടി സ്റ്റെല്ലാര്‍ റൂബി എന്നീ മൂന്ന് കപ്പലുകള്‍ ഇന്ത്യ തടഞ്ഞത്. ഇന്ത്യന്‍ അധികൃതരെ അറിയിക്കാതെ ഈ കപ്പലുകള്‍ കടലില്‍ വെച്ച് ഇന്ധന കൈമാറ്റം നടത്തിയതായി എഫ്.ഐ.ആറില്‍ പറയുന്നു.

കപ്പലുകള്‍ വ്യാജ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകളും വ്യാജ തിരിച്ചറിയല്‍ രേഖകളും ഉപയോഗിച്ചാണ് ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്. മാലി രാജ്യത്തിന്റെ താല്‍ക്കാലിക രജിസ്ട്രേഷന്‍ രേഖകളാണ് പിടിച്ചെടുത്ത കപ്പലുകളില്‍ ഉണ്ടായിരുന്നത്.


കപ്പലിലെ ജീവനക്കാരുടെ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് വിദേശത്തുള്ള സംഘങ്ങളുമായി വാട്‌സാപ്പ് വഴി ആശയവിനിമയം നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കപ്പല്‍ ഉടമകള്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും മാസ്റ്റര്‍മാര്‍ക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചന, കള്ളക്കടത്ത്, രേഖകള്‍ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി മുംബൈ പോലീസ് കേസെടുത്തു.

അന്താരാഷ്ട്ര ഉപരോധങ്ങള്‍ മറികടക്കാനായി കപ്പലുകളുടെ പേരും ഉടമസ്ഥാവകാശവും നിരന്തരം മാറ്റുന്ന തന്ത്രമാണ് ഈ സംഘം പയറ്റിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇറാന്‍ ദേശീയ എണ്ണക്കമ്പനി ഈ കപ്പലുകളുമായുള്ള ബന്ധം നിഷേധിച്ചിട്ടുണ്ട്.

Advertisment