ഭഗവാന്‍ ജഗന്നാഥന്‍ മോദി ഭക്തനെന്ന് ഒഡീഷയിലെ ബിജെപി സ്ഥാനാര്‍ത്ഥി; ഇത് ദൈവത്തോടുള്ള അവഹേളനമെന്ന് നവീന്‍ പട്‌നായിക്ക്; അഹങ്കാരമെന്ന് വിമര്‍ശിച്ച് അരവിന്ദ് കെജ്‌രിവാള്‍; ഒടുവില്‍ 'നാക്കുപിഴ'യെന്ന് വിശദീകരിച്ച് സ്ഥാനാര്‍ത്ഥി

Jagannath : സംഭവത്തില്‍ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. തങ്ങൾ ദൈവത്തിനു മുകളിലാണെന്ന് അവർ ചിന്തിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് കെജ്‌രിവാള്‍ വിമര്‍ശിച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
modi question.jpg

ഭുവനേശ്വര്‍: ഭഗവാന്‍ ജഗന്നാഥന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനാണെന്ന് പുരിയിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി സംബിത് പത്ര. പത്രയുടെ പരാമര്‍ശം വന്‍ വിവാദമാണ് സൃഷ്ടിച്ചത്. സംബിത് പത്രയുടെ പരാമർശത്തെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് അപലപിച്ചു. ഭഗവാന്‍ ജഗന്നാഥനെ അപമാനിച്ചെന്ന് അദ്ദേഹം വിമര്‍ശിച്ചു.

Advertisment

“മഹാപ്രഭുവിനെ മറ്റൊരു മനുഷ്യൻ്റെ ഭക്തൻ എന്ന് വിളിക്കുന്നത് ഭഗവാനോടുള്ള അവഹേളനമാണ്. ഇത് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജഗന്നാഥ ഭക്തരുടെയും ഒഡീഷക്കാരുടെയും  വികാരങ്ങളെ വ്രണപ്പെടുത്തുകയും വിശ്വാസത്തെ അവഹേളിക്കുകയും ചെയ്തു,” പട്നായിക് എക്‌സിൽ കുറിച്ചു.

“ബിജെപിയുടെ പുരിയിലെ ലോക്‌സഭാ സ്ഥാനാർത്ഥിയുടെ പ്രസ്താവനയെ ഞാൻ ശക്തമായി അപലപിക്കുന്നു. ഭഗവാനെ രാഷ്ട്രീയത്തിനും മുകളില്‍ കാണണമെന്ന്‌ ഞാൻ ബിജെപിയോട് അഭ്യർത്ഥിക്കുന്നു. ഇതിലൂടെ നിങ്ങള്‍ ഒഡീഷക്കാരെ വല്ലാതെ വേദനിപ്പിച്ചു. ഇത് ഒഡീഷയിലെ ജനങ്ങൾ വളരെക്കാലം ഓർമ്മിക്കുകയും അപലപിക്കുകയും ചെയ്യും, ”മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംഭവത്തില്‍ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. തങ്ങൾ ദൈവത്തിനു മുകളിലാണെന്ന് അവർ ചിന്തിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് കെജ്‌രിവാള്‍ വിമര്‍ശിച്ചു. ഇത് അഹങ്കാരമാണ്. ദൈവത്തെ മോദിഭക്തന്‍ എന്ന് വിളിക്കുന്നത് ദൈവത്തെ അപമാനിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി പത്ര രംഗത്തെത്തി. തന്റേത് നാക്കുപിഴയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

“നവീൻ ജി നമസ്‌കാരം ! നരേന്ദ്ര മോദിജിയുടെ പുരിയിലെ റോഡ് ഷോയുടെ വൻ വിജയത്തിന് ശേഷം ഞാൻ ഇന്ന് ഒന്നിലധികം മാധ്യമ ചാനലുകൾക്ക് നിരവധി പ്രതികരണങ്ങള്‍ നൽകി. മോദി ജി ജഗന്നാഥ മഹാപ്രഭുവിൻ്റെ കടുത്ത ഭക്തനാണെന്നാണ് എല്ലായിടത്തും പറഞ്ഞത്. എന്നാല്‍ ഒരിടത്ത് പറഞ്ഞത് അബദ്ധത്തില്‍ തിരിഞ്ഞുപോയി. നിങ്ങൾക്കും ഇത് അറിയാമെന്നും മനസ്സിലാക്കാമെന്നും എനിക്കറിയാം. സർ, ഇല്ലാത്ത ഒരു ഇല്ലാത്ത ഒരു കാര്യത്തെ പ്രശ്‌നമാക്കരുത്. നമുക്കെല്ലാവര്‍ക്കും ചിലപ്പോള്‍ നാക്കുപിഴ സംഭവിക്കും," പത്ര പറഞ്ഞു.

Advertisment