/sathyam/media/media_files/ryZisLdpSXX4RP7cLsjx.jpg)
പൂനെ: അമിതവേഗതയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ച 17കാരന്‍ അറസ്റ്റിലായി, 15 മണിക്കൂറിന് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി. ട്രാഫിക് പൊലീസിനെ സഹായിക്കണം, അപകടങ്ങളെക്കുറിച്ച് ഉപന്യാസം എഴുതണം, മദ്യപാന ശീലത്തിന് ചികിത്സ തേടണം, കൗൺസിലിംഗ് സെഷനുകൾക്ക് വിധേയനാകണം എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചതെന്ന് അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ പറഞ്ഞു. പൂനെയിലെ പ്രമുഖ റിയൽ എസ്റ്റേറ്റുകാരന്റെ മകനാണ് പ്രതിയെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പൂനെയിൽ ജോലി ചെയ്യുന്ന മധ്യപ്രദേശിൽ നിന്നുള്ള എഞ്ചിനീയർമാരായ അനീഷ് അവാധ്യ, അശ്വിനി കോഷ്ട എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 24 വയസായിരുന്നു പ്രായം. ബൈക്കില്‍ മടങ്ങുകയായിരുന്ന ഇവരെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പോര്‍ഷെ കാറിടിച്ചായിരുന്നു അപകടം. ശനിയാഴ്ച പുലർച്ചെ 2.15 ഓടെയാണ് അപകടമുണ്ടായത്. 12-ാം ക്ലാസ് പരീക്ഷ പാസായതിന്റെ ആഘോഷം കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം മടങ്ങുകയായിരുന്നു വാഹനം ഓടിച്ച 17കാരന്‍.
ഇത് ഹീനമായ കുറ്റകൃത്യമായതിനാൽ പ്രതിയെ പ്രായപൂർത്തിയായവരായി കണക്കാക്കണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൂനെ പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു. ജാമ്യ ഉത്തരവിനെതിരെ പൊലീസ് സെഷൻസ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നമ്പർ പ്ലേറ്റില്ലാത്ത ഈ കാർ ഓടിക്കാൻ വിട്ടുകൊടുത്ത് പബ്ബിൽ പോകാൻ അനുവദിച്ച പ്രായപൂർത്തിയാകാത്ത പ്രതിയുടെ പിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്. മദ്യം നല്‍കിയ സ്ഥാപനത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us