/sathyam/media/media_files/2025/06/09/HCJ770P8a7wn12rw60uF.jpg)
താനെ: 12ാം ക്ലാസ് ബോർഡ് പരീക്ഷ എഴുതാൻ പോയ വിദ്യാർഥി ലോക്കൽ ട്രെയിനിൽനിന്ന് വീണു മരിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഡോംബിവ്‌ലി സ്വദേശിയായ സോഹം കത്രെയാണ് മരിച്ചത്.
മുംബൈയിലെ സിഎസ്എംടിയിലേക്ക് പോകുകയായിരുന്ന ലോക്കൽ ട്രെയിനിലെ ഫുട്ബോർഡിൽ യാത്ര ചെയ്യുകയായിരുന്നു സോഹം. കൽവയ്ക്കും മുമ്പ്ര റെയിൽവേ സ്റ്റേഷനുകൾക്കും ഇടയിൽ വെച്ച് ട്രെയിനിലെ തിരക്ക് കാരണം പിടിവിട്ട് പാളത്തിലേക്ക് വീഴുകയായിരുന്നു.
പരീക്ഷാ കേന്ദ്രമായ കൽവയിലേക്കുള്ള യാത്രയിലായിരുന്നു സോഹം. രാവിലെ 10 മണിയോടെ പാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കിടന്ന സോഹത്തിനെ നാട്ടുകാരാണ് ആദ്യം കണ്ടത്.
ഉടൻ തന്നെ താനെ റെയിൽവേ പൊലീസ് സ്ഥലത്തെത്തി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയിൽ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ ആരംഭിച്ച ആദ്യ ദിനത്തിലാണ് അപകടം നടന്നത്. സംഭവത്തിൽ റെയിൽവേ പൊലീസ് അപകട മരണത്തിന് കേസെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us