/sathyam/media/media_files/tXnCMfr1FqgGJGTeVCus.jpg)
ന്യൂഡല്‍ഹി: ലോക്‌സഭയിലെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി ഇന്ത്യാ മുന്നണിയില്‍ അതൃപ്തി. തൃണമൂല്‍ കോണ്‍ഗ്രസാണ് അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയത്. കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത് കോൺഗ്രസിൻ്റെ ഏകപക്ഷീയമായ തീരുമാനമാണെന്നാണ് തൃണമൂലിന്റെ വിമര്‍ശനം.
പാർട്ടിയുമായി ആലോചിച്ചിട്ടില്ലെന്ന് മുതിർന്ന തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യായ വിമര്‍ശിച്ചു. ടിവിയില്‍ കണ്ടാണ് വിവരം അറിഞ്ഞത്. ഡെറിക് ഒബ്രിയാന്‍ വന്ന് ചോദിച്ചപ്പോള്‍, ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസ് ഇക്കാര്യം വിശദീകരിക്കണമെന്നാണ് തൃണമൂലിന്റെ ആവശ്യം. കൊടിക്കുന്നിലിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അവസാന നിമിഷമാണ് തീരുമാനമെടുത്തതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. കൊടിക്കുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ സമീപിച്ച് പിന്തുണ തേടിയതായാണ് സൂചന. രാഹുല്‍ ഗാന്ധി തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ട്.