ഭുവനേശ്വര്‍: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും, ബിജു ജനതാദള്‍ (ബിജെഡി) നേതാവുമായ വി.കെ. പാണ്ഡ്യന്‍ രാഷ്ട്രീയം ഉപേക്ഷിച്ചു. ഒഡീഷയില്‍ നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് ഏറ്റ കനത്ത തോല്‍വിയാണ് തീരുമാനത്തിന് പിന്നില്‍. നവീന്‍ പട്‌നായിക്കിന്റെ പിന്‍ഗാമിയാകും പാണ്ഡ്യനെന്നായിരുന്നു രാഷ്ട്രീയകേന്ദ്രങ്ങളിലെ വിലയിരുത്തല്‍. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നവീന്റെ അടുത്ത വിശ്വസ്തനായ പാണ്ഡ്യന്‍ പാര്‍ട്ടി അനുഭാവികളില്‍ നിന്നടക്കം കനത്ത വിമര്‍ശനം നേരിട്ടു. ഒഡീഷയിലെ ബിജെപിയുടെ പ്രചരണം പോലും പാണ്ഡ്യനെ കേന്ദ്രീകരിച്ചായിരുന്നു.
2000 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ പാണ്ഡ്യൻ പട്നായിക്കിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി രണ്ട് പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023ൽ, ബ്യൂറോക്രസിയിൽ നിന്ന് സ്വമേധയാ വിരമിച്ച ശേഷം അദ്ദേഹം ബിജെഡിയിൽ ചേർന്നു.
പാണ്ഡ്യന്റെ വാക്കുകള്‍
രാഷ്ട്രീയത്തിൽ ചേരാനുള്ള എൻ്റെ ഉദ്ദേശ്യം നവീൻ പട്‌നായിക്കിനെ സഹായിക്കുക മാത്രമായിരുന്നു. ഇപ്പോൾ ബോധപൂർവ്വം സജീവ രാഷ്ട്രീയത്തിൽ നിന്ന് സ്വയം പിന്മാറാൻ ഞാൻ തീരുമാനിക്കുന്നു. ഈ യാത്രയിൽ ഞാൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. എനിക്കെതിരെ നടന്ന പ്രചാരണം ബിജെഡിയുടെ തോല്‍വിക്ക് കാരണമായെങ്കില്‍ ഞാൻ ഖേദിക്കുന്നു. ഇതിന് എല്ലാ പാർട്ടി പ്രവർത്തകരോടും ഒപ്പം ബിജു പരിവാറിനോട് ഞാൻ മാപ്പ് ചോദിക്കുന്നു
പാണ്ഡ്യനെ പിന്തുണച്ച് നവീന്‍
പാർട്ടിയുടെ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പാണ്ഡ്യനെതിരെയുള്ള വിമർശനം അന്യായമാണെന്ന് നവീൻ പട്‌നായിക്ക് പറഞ്ഞു. ഒപ്പം പാണ്ഡ്യന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.
"പാണ്ഡ്യനെതിരെയുള്ള വിമർശനത്തെക്കുറിച്ച് എൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് നിർഭാഗ്യകരമാണ്. അദ്ദേഹം ഒരു പദവിയും വഹിച്ചിട്ടില്ല. ഈ തെരഞ്ഞെടുപ്പുകളിൽ ഒരു നിയോജക മണ്ഡലത്തിൽ നിന്നും അദ്ദേഹം മത്സരിച്ചിട്ടില്ല. സത്യസന്ധനാണ് അദ്ദേഹം," നവീൻ വസതിയിൽ പറഞ്ഞു.
മുൻകാലങ്ങളിൽ ബിജെഡിയിലും സർക്കാർ കാര്യങ്ങളിലും നിരന്തരം ഇടപെട്ടിരുന്ന പാണ്ഡ്യൻ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതു മുതൽ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. തെരഞ്ഞെടുപ്പിലെ തോൽവി അവലോകനം ചെയ്യാൻ നവീൻ നടത്തുന്ന യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തില്ലെന്നാണ് സൂചന.
ഒരു അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ മികച്ച ജോലിയാണ് പാണ്ഡ്യൻ ചെയ്തതെന്ന് നവീന്‍ പ്രതികരിച്ചു. ജനാധിപത്യത്തിൽ ഒന്നുകിൽ ജയിക്കുകയോ തോൽക്കുകയോ ചെയ്യണം. വളരെക്കാലത്തിനു ശേഷം തോൽക്കപ്പെട്ടതിനാൽ ജനങ്ങളുടെ വിധി ഭംഗിയായി സ്വീകരിക്കണം. ഒഡീഷയിലെ 4.5 കോടി ജനങ്ങൾ തൻ്റെ കുടുംബമാണ്, അവരെ ഏതു വിധേനയും സേവിക്കുന്നത് തുടരുമെന്നും നവീന്‍ പട്‌നായിക്ക് വ്യക്തമാക്കി.
തന്നെ തുടർച്ചയായി അഞ്ച് തവണ തിരഞ്ഞെടുത്ത് സേവിക്കാൻ അവസരം നൽകിയതിന് സംസ്ഥാനത്തെ ജനങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. പാണ്ഡ്യൻ തൻ്റെ രാഷ്ട്രീയ പിൻഗാമിയല്ലെന്നും അത് ആരാണെന്ന് സംസ്ഥാനത്തെ ജനങ്ങൾ തീരുമാനിക്കുമെന്നും നവീൻ പറഞ്ഞു. നവീനിന്റെ ഈ വിശദീകരണത്തിന് പിന്നാലെയാണ് രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് പാണ്ഡ്യന്‍ വ്യക്തമാക്കിയത്.
ബിജെപിയുടെ 'പ്രചാരണായുധം'
വി.കെ. പാണ്ഡ്യനെ വിമര്‍ശിച്ചായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. നവീൻ പട്‌നായിക് തമിഴ് മുഖ്യമന്ത്രിയെ സംസ്ഥാനത്തെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. ഭദ്രക് ജില്ലയിലെ ചാന്ദ്ബലിയിൽ ഒരു പൊതുയോഗത്തിനിടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ പാണ്ഡ്യന്‍ തമിഴ്‌നാട് സ്വദേശിയാണ്.
“ഇവിടത്തെ തിരഞ്ഞെടുപ്പ് ഒഡീഷയുടെ അഭിമാനത്തിൻ്റെ പോരാട്ടമാണ്. തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് ഭരണം നടത്താൻ ഒരു തമിഴ് 'ബാബു'വിനെ അനുവദിക്കാൻ നിങ്ങൾ തയ്യാറാണോ ? ബിജെപി അധികാരത്തിൽ വന്നാൽ ഒരു ജനസേവക് സർക്കാർ നയിക്കും, ” എന്നായിരുന്നു പ്രചാരണത്തിനിടെ അമിത് ഷാ പറഞ്ഞത്.