ഹൈദരാബാദ്: ബസില്‍ സീറ്റ് കിട്ടാനായി സ്ത്രീകള്‍ തമ്മിലുള്ള കൂട്ടയടിയുടെ ദൃശ്യങ്ങൾ വൈറൽ. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ഹക്കിംപേട്ട് ഡിപ്പോയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ആര്‍ ടി സി ബസിലായിരുന്നു സംഭവം.
ബസിൽ വച്ച് മൂന്ന് സ്ത്രീകള്‍ ആണ് സീറ്റിനായി വഴക്കിട്ടത്. ഒരാള്‍ ഷൂ ഊരി മറ്റേയാള്‍ക്ക് നേരെ എറിഞ്ഞു. സംഭവം ശാന്തമാക്കാൻ ഒരു യാത്രക്കാരന്‍ ഇടപെടുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ പൊലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ പതിവാണെന്ന് വ്യക്തമാക്കുന്ന തരത്തിൽ നിരവധി വീഡിയോകൾ മുമ്പും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.