കാനഡ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പരാജിതന്‍ എന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിലെ ബ്രയാന്‍ കില്‍മീഡിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമര്‍ശം. ട്രൂഡോ ഒരു പരാജിതനാണ്. എപ്പോഴും അങ്ങനെ തന്നെയായിരുന്നു. തീവ്ര ഇടതുപക്ഷവും മാര്‍ക്‌സിസ്റ്റ് നയങ്ങളും ഉപയോഗിച്ച് കാനഡയെ ജസ്റ്റിന്‍ നശിപ്പിച്ചുവെന്നും ട്രംപ് വിമര്‍ശിച്ചു.
ട്രൂഡോയുമായിട്ടല്ല, കാനഡയുമായാണ് ഞങ്ങള്‍ക്ക് നല്ല ബന്ധമുള്ളത്. വളരെ തീവ്ര ഇടതുപക്ഷക്കാരനായതിനാല്‍ അദ്ദേഹം കാനഡയെ കൊല്ലുകയാണ്. കാനഡയുടെ അവസ്ഥ നിലവില്‍ വളരെ മോശമാണ്.
കൂടാതെ ട്രൂഡോ വീണ്ടും മത്സരിക്കാന്‍ തീരുമാനിച്ചാല്‍ വരാനിരിക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടും. അതുകൊണ്ട് അദ്ദേഹം മത്സരിക്കാന്‍ പോകുന്നില്ലെന്ന് തോന്നുന്നു. അതൊരു ബുദ്ധിപരമായ നീക്കമാണ്. കാരണം മത്സരിച്ചാലും വിജയിക്കാന്‍ സാധ്യതയില്ലെന്ന് ട്രൂഡോയ്ക്ക് അറിയാമെന്നും ട്രംപ് പറഞ്ഞു.
ബോസ്റ്റണില്‍ അമേരിക്ക, കനേഡിയന്‍ ടീമുകള്‍ തമ്മിലുള്ള ഹോക്കി മത്സരത്തിനു ശേഷവും ട്രംപും ട്രൂഡോയും തമ്മിലുള്ള വാക്‌പോര് തുടര്‍ന്നു. കാനഡ 3-2ന് വിജയിക്കുകയും വിജയ ശേഷം ട്രംപിനെ പരിഹസിക്കാന്‍ ട്രൂഡോ രംഗത്തെത്തുകയും ചെയ്തു. 'നിങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യത്തെയും ഞങ്ങളുടെ ഗെയിമിനെയും ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ എക്‌സില്‍ കുറിച്ചു.