മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി;  ശബരിമലയില്‍ ഇന്ന് വലിയ ഗുരുതി

തിങ്കളാഴ്ച രാവിലെ പന്തളം രാജപ്രതിനിധി രാജരാജ വര്‍മയ്ക്കു മാത്രമാണ് ദര്‍ശനം.

New Update
64646464

ശബരിമല: മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയില്‍ ഇന്ന് വലിയ ഗുരുതി നടക്കും. ഇന്ന് അത്താഴപൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുന്നില്‍ നടക്കുന്ന ഗുരുതിയോടെ ഈ സീസണിലെ മകരവിളക്ക് തീര്‍ഥാടനം സമാപിക്കും. 

Advertisment

രാത്രി 11ന് നട അടച്ചശേഷം മാളികപ്പുറം മണിമണ്ഡപത്തിന് മുന്നില്‍ പന്തളം രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മ്മയുടെ സാന്നിധ്യത്തിലാകും വലിയ ഗുരുതി. 

തിങ്കളാഴ്ച രാവിലെ പന്തളം രാജപ്രതിനിധി രാജരാജ വര്‍മയ്ക്കു മാത്രമാണ് ദര്‍ശനം. പുലര്‍ച്ചെ 5.30ന് ഗണപതിഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദര്‍ശനത്തിനു ശേഷം 6.30ന് മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. 

തുടര്‍ന്ന് താക്കോല്‍ക്കൂട്ടവും പണക്കിഴിയുമായി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് കാത്തുനില്‍ക്കുന്ന രാജപ്രതിനിധിക്ക് കൈമാറും. ഇവ സ്വീകരിച്ച ശേഷം മേല്‍ശാന്തിക്ക് തിരികെ നല്‍കും. 

അടുത്ത ഒരു വര്‍ഷത്തെ പൂജകള്‍ നടത്താന്‍ അദ്ദേഹം നിര്‍ദ്ദേശിക്കും. തുടര്‍ന്ന് രാജപ്രതിനിധി തിരുവാഭരണത്തോടൊപ്പം പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കും.

സന്നിധാനത്ത് രാത്രി 10 വരെ മാത്രമാണ് ദര്‍ശനം. വൈകുന്നേരം ആറുവരെ പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിടും.