കഴിഞ്ഞ തവണ കേരള കോൺഗ്രസിന് നൽകിയതുകൊണ്ട് മാത്രം പരാജയപ്പെട്ട 6 സീറ്റുകൾ തിരികെ പിടിക്കണമെന്ന് കോൺഗ്രസിൽ ധാരണ. പിജെ ജോസഫ് പിടിവാശി തുടർന്നാൽ നിലമ്പൂരിൽ പിവി അൻവറെ കൈകാര്യം ചെയ്ത രീതി ജോസഫിനോടും ആകാം ! കോൺഗ്രസിന് ജയസാധ്യതയുള്ള സീറ്റുകൾ ജോസഫിന് വിട്ടുനൽകി സ്ഥാനാർത്ഥികൾക്കായി 'ലേലം' വിളിക്കാനുള്ള സാഹചര്യം സൃഷ്ടിക്കരുത്. ജോസഫിന് വഴങ്ങിയാൽ 4-6 സീറ്റുകൾ വരെ മുന്നണിക്ക് നഷ്ടപ്പെടാമെന്നും ഭരണം കൈവിട്ടുപോയേക്കാമെന്നും ആശങ്ക

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മല്‍സരിച്ചാല്‍ ഉറപ്പായും ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ ജോസഫ് ഗ്രൂപ്പിന് വിട്ടുനല്‍കി ഒടുവില്‍ സ്ഥാനാര്‍ഥിയ്ക്കായി 'ലേലം വിളി' നടത്തുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നാണ് കോണ്‍ഗ്രസിലെ ധാരണ.

New Update
pj joseph vd satheesan sunny joseph

കോട്ടയം: കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, കുട്ടനാട്, കോതമംഗലം, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഏറ്റെടുക്കണമെന്ന നിലപാടില്‍ വിട്ടുവീഴ്ച വേണ്ടെന്ന് കോണ്‍ഗ്രസില്‍ പൊതുവികാരം.

Advertisment

കേരള കോണ്‍ഗ്രസിന് 4 മുതല്‍ പരമാവധി 6 സീറ്റുകള്‍ വരെ മാത്രമേ നല്‍കാന്‍ കഴിയൂ എന്ന നിലപാടില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് നേതൃതലത്തിലെ ധാരണ.


കഴിഞ്ഞ തവണ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയുമായിരുന്നിട്ടും ജോസഫ് വിഭാഗത്തിന് വിട്ടു നല്‍കിയതു മൂലം മാത്രം പരാജയപ്പെട്ട മേല്‍പ്പറഞ്ഞ 4 സീറ്റുകളുടെ കാര്യത്തില്‍ ഒരു തരത്തിലും വിട്ടുവീഴ്ച പാടില്ലെന്നാണ് മുതിര്‍ന്ന നേതാക്കള്‍ യുഡിഎഫ് നേതൃത്വത്തിന് നല്‍കിയിട്ടുള്ള നിര്‍ദേശം. 

അതേസമയം സീറ്റുകള്‍ വിട്ടു നല്‍കുന്ന കാര്യത്തില്‍ പിജെ ജോസഫ് കടുംപിടുത്തം തുടരുന്നതും മുന്നണിയില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.


പിജെ ജോസഫ് അനാവശ്യ പിടിവാശി തുടര്‍ന്നാല്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു മുതല്‍ പിവി അന്‍വറിനെ കൈകാര്യം ചെയ്ത അതേ ശൈലിയില്‍ ജോസഫ് വിഭാഗത്തെ കൈകാര്യം ചെയ്യാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവര്‍ക്കുള്ള നിര്‍ദേശം.


ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഓരോ സീറ്റും നിര്‍ണായകമായിരിക്കെ കോണ്‍ഗ്രസ് മല്‍സരിച്ചാല്‍ ഉറപ്പായും ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ ജോസഫ് ഗ്രൂപ്പിന് വിട്ടുനല്‍കി ഒടുവില്‍ സ്ഥാനാര്‍ഥിയ്ക്കായി 'ലേലം വിളി' നടത്തുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നാണ് കോണ്‍ഗ്രസിലെ ധാരണ.

മുന്നണിയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകുന്നതിനു മുമ്പെ കുട്ടനാട് മണ്ഡലത്തില്‍ മാനേജ്മെന്‍റിന്‍റെ 'പേയ്മെന്‍റ് സീറ്റ് ' വിവാദം ഉയര്‍ന്നത് ഉള്‍പ്പെടെ മുന്നണിയെ ആകെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്.

ഇടുക്കി, കുട്ടനാട്, ഏറ്റുമാനൂര്‍, കോതമംഗലം സീറ്റുകള്‍ക്കു പുറമെ ഇരിങ്ങാലക്കുട, തിരുവല്ല സീറ്റുകളും കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ വിജയിക്കുമെന്ന് ഉറപ്പുള്ളവയാണ്. 


ഫലത്തില്‍ കോണ്‍ഗ്രസിന് ജയസാധ്യതയുള്ള സീറ്റുകള്‍ ചോദിച്ചുവാങ്ങി ഇവിടേയ്ക്ക് മല്‍സരിക്കാന്‍ സ്ഥാനാര്‍ഥികളെ 'ലേലം വിളിച്ച് ' കണ്ടെത്തി മല്‍സരിപ്പിച്ച് ആ സീറ്റുകള്‍ നഷ്ടപ്പെടുത്തുന്നതാണ് കേരള കോണ്‍ഗ്രസിന്‍റെ പതിവ്. ഇതില്‍ കുട്ടനാട് സീറ്റ് 'ലേലം' പിടിച്ച് മുതലാളി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി രംഗത്തിറങ്ങി കഴിഞ്ഞു. 


കടുത്തുരുത്തി, തൊടുപുഴ ഒഴികെയുള്ള മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസിന് ജയസാധ്യത ഉള്ളതായി കോണ്‍ഗ്രസ് കരുതുന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചാല്‍ വിജയിക്കാന്‍ കഴിയുന്ന മറ്റുള്ള സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും പിജെ ജോസഫിന്‍റെ സമ്മര്‍ദ്ദ തന്ത്രങ്ങളെ അവഗണിക്കാനുമാണ് ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ പോലും കോണ്‍ഗ്രസിന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

അല്ലാത്ത പക്ഷം യുഡിഎഫിന് 6 സീറ്റുകള്‍ വരെ നഷ്ടപ്പെടാമെന്നും ഇത് ഭരണം കിട്ടാനുള്ള സാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു. 

അതേസമയം, കോണ്‍ഗ്രസിന്‍റെ സഹായത്തോടെ ഇവിടങ്ങളില്‍ എംഎല്‍എമാരെ വിജയിപ്പിച്ചെടുത്ത്, ആ എണ്ണങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിസഭാ രൂപീകരണ ഘട്ടത്തില്‍ കോണ്‍ഗ്രസിനോട് വിലപേശലാണ് പിജെ ജോസഫിന്‍റെ തന്ത്രം !

Advertisment