/sathyam/media/media_files/2025/10/18/veena-george-2025-10-18-20-03-36.jpg)
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുസർക്കാരിന്റെ 10 വർഷത്തെ ആരോഗ്യ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ആരോഗ്യവകുപ്പ് നടത്തുന്ന പ്രചാരണ പരിപാടിക്ക് ചെലവഴിക്കുന്നത് കേന്ദ്ര ഫണ്ട്.
പതിനഞ്ചാം ധനകാര്യ കമ്മിഷൻ ആരോഗ്യപ്രവർത്തനത്തിനായി നൽകുന്ന ഹെൽത്ത് ഗ്രാന്റ് സ്കീം-4 ഫണ്ടിൽ നിന്നാണ് പ്രചാരണത്തിന്റെ മുഴുവൻ പണവും നീക്കിവെക്കുന്നത്.
ആരോഗ്യ വകുപ്പിൻ്റെ വീഴ്ചകളെല്ലാം മറികടക്കാനാണ് കേന്ദ്രഫണ്ട് ചെലവഴിച്ചുളള പ്രചരണ ധൂർത്ത് എന്നു അക്ഷേപം ഉയർന്നു കഴിഞ്ഞു.
ഈ മാസം ആദ്യം മുതൽ മാർച്ച് ആദ്യം വരെ ഒരു മാസം നീണ്ടുനിൽക്കുന്നതാണ് പ്രചാരണം.
സംസ്ഥാനത്തെ ഓരോ ബ്ലോക്ക് പരിധിയിലും രണ്ടോ മൂന്നോ ദിവസം പ്രചാരണത്തിനായി ആരോഗ്യവണ്ടിയെത്തും.
വണ്ടിയിൽ എൽ.ഇ.ഡി വാൾ അടക്കമുളള പ്രക്ഷേപണ സൌകര്യങ്ങൾ ഉണ്ടാകും.
എൽ.ഇ.ഡി. സ്ക്രീനിലൂടെയും അനൗൺസ്മെന്റിലൂടെയുമാണ് ആരോഗ്യവകുപ്പിൻ്റെ പത്ത് കൊല്ലത്തെ നേട്ടങ്ങൾ നാടിൻ്റെ മുക്കിലും മൂലയിലും പ്രചാരിപ്പിക്കുക.
വീഡിയോ പ്രദർശനത്തിനൊപ്പം നേട്ടങ്ങൾ അച്ചടിച്ച ലഘുലേഖയും വിതരണം ചെയ്യും. കഴിഞ്ഞ 10 വർഷത്തെ ആരോഗ്യനേട്ടങ്ങളുടെ വികസനരേഖ ജില്ലാ അടിസ്ഥാനത്തിൽ തയാറാക്കി നൽകിയിട്ടുണ്ട്.
ഇതും സംസ്ഥാന നേട്ടത്തിനൊപ്പം വിതരണം ചെയ്യും. കേരളത്തിൻ്റെ ചരിത്രത്തിൽ ഇന്നുവരെ ഇല്ലാത്ത തരത്തിലുളള നേട്ടങ്ങളാണ് കഴിഞ്ഞ പത്ത് വർഷം കൊണ്ട് ആർജിച്ചതെന്നാണ് വികസനരേഖയിൽ അവകാശപ്പെടുന്നത്.
ആരോഗ്യമേഖലയിലെ പദ്ധതികളെ ക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകാനാണ് പ്രചാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ അവകാശവാദം.
എന്നാൽ, 10 വർഷത്തെ മാത്രം നേട്ടം പറയുന്നതിൽ നിന്ന് മൂന്നാം ഇടത് ഭരണം ലക്ഷ്യമിട്ടുള്ളതാണ് പ്രചാരണമെന്ന് ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ നിന്ന് തന്നെ വ്യക്തമാണ്.
കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട ഹെൽത്ത് ഗ്രാന്റ് തടസപ്പെടാത്ത രീതിയിൽ മറ്റു ആരോഗ്യപ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തി പ്രചാരണം കൊഴുപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.
രണ്ടാം പിണറായി സർക്കാരിൽ ഏറ്റവും മോശം പ്രകടനം നടന്ന വകുപ്പ് ആരോഗ്യ വകുപ്പാണെന്ന വിമർശനങ്ങൾ മറികടക്കുന്നതിന് വേണ്ടിയാണ് വമ്പിച്ച പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സകിട്ടാതെ മൈനാഗപ്പളളി സ്വദേശി മരിച്ചതും കോട്ടയം മെഡിക്കൽ കോളജിൽ ശുചിമുറി കെട്ടിടം തകർന്നുവീണ് വൈക്കം സ്വദേശിനിയായ കൂട്ടിരിപ്പുകാരി മരിച്ചതും ആശുപത്രികളിൽ മരുന്നും അവശ്യ ഉപകരണങ്ങളുമില്ലാത്തതും എല്ലാ ആരോഗ്യ വകുപ്പിൻ്റെ പ്രതിഛായ തകർത്തിരുന്നു.
ആരോഗ്യവകുപ്പ് വെൻറിലേറ്ററിലാണെന്ന വിമർശനം ശരിവെക്കുന്ന സംഭവങ്ങളാണ് സർക്കാർ ആശുപത്രികളെയും മെഡിക്കൽ കോളജ് ആശുപത്രികളെയും ചുറ്റിപ്പറ്റി ഉയർന്നുവന്നത്.
പ്രശ്നങ്ങളെ സമീപിക്കുന്നതിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പ്രകടിപ്പിച്ച നയമില്ലായ്മ കൂടിയായപ്പോൾ വകുപ്പിൻ്റെ പ്രതിഛായ അപ്പടി തകർന്നു.
ആരോഗ്യവകുപ്പ് കപ്പിത്താനില്ലാത്ത കപ്പൽ പോലെ ആടിയുലഞ്ഞതും കേരളം കണ്ടു. ഈ വീഴ്ചകളെല്ലാം മറികടക്കാനാണ് കേന്ദ്രഫണ്ട് ചെലവഴിച്ചുളള പ്രചരണ ധൂർത്ത്.
ആരോഗ്യമേള, പകർച്ച-പകർച്ചേതര വ്യാധികളുടെ സ്ക്രീനിങ്, ന്യൂട്രീഷൻ കൗൺസിലിങ്, പോഷകാഹാരത്തിന്റെ പ്രാധാന്യവും പ്രാദേശിക ഭക്ഷ്യ ഉത്പന്നങ്ങൾ ഉൾപ്പെടുത്തിയുള്ള ഹെൽത്തി കുക്കിങ്ങും ഉൾപ്പെടുത്തിയുള്ള അവബോധം, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ തയ്യാറാക്കിയിട്ടുള്ള ഉത്പന്നങ്ങളുടെ വില്പന, ആരോഗ്യ മത്സരങ്ങൾ തുടങ്ങിയവയും പ്രചാരണപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊതുജനങ്ങൾ ധാരാളമായി എത്തുന്ന ഇടങ്ങളാണ് പ്രചാരണത്തിനായി കണ്ടെത്തുക. ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ, ഉത്സവപ്പറമ്പുകൾ, റെയിൽവേ സ്റ്റേഷൻ, കലക്ടറേറ്റ്, കോളേജുകൾ തുടങ്ങിയ ഇടങ്ങൾക്കായിരിക്കും മുൻഗണന.
ആരോഗ്യവകുപ്പിന്റെ വിവിധ പദ്ധതികൾ, ആയുഷ് വകുപ്പിന്റെ സേവനങ്ങൾ, കൃത്യതയുള്ള ചികിത്സ എടുക്കാത്തതിന്റെ ദൂഷ്യവശങ്ങൾ, സമഗ്ര ആരോഗ്യപരിപാലനത്തിൽ ജനകീയാരോഗ്യകേന്ദ്രങ്ങൾക്കുള്ള പങ്ക് തുടങ്ങിയവയെക്കുറിച്ചും അവബോധം നൽകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us