/sathyam/media/media_files/2026/02/13/img30-2026-02-13-01-33-02.png)
ആലപ്പുഴ: ഇന്ത്യയിൽ ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന റോഡ് ട്രാൻസ്പോർട് കോർപറേഷനാണ് കെ.എസ്.ആർ.ടി.സി എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. പുതിയ കായംകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കെ.എസ്.ആർ.ടി.സിയിൽ യാത്രക്കാരുടെ എണ്ണം വളരെ വർധിച്ചിട്ടുണ്ട്. ബസ്സുകൾ ഇപ്പോൾ വൃത്തിയോടെയാണ് സർവീസ് നടത്തുന്നത്. എല്ലാ ഡിപ്പോകളിലും ബസ്സുകൾ വൃത്തിയായി സൂക്ഷിക്കാൻ കരാർ നൽകിയിട്ടുണ്ട്. ഏറ്റവും ആധുനിക ബസ്സുകൾ വാങ്ങി. ലിമിറ്റഡ് സ്റ്റോപ്പ് സർവീസ് നടത്തുന്ന ശുചിമുറി സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കെ.എസ്.ആർ.ടി.സിയുടെ ബിസിനസ്സ് ക്ലാസ്സ് ബസ്സുകൾ ഉടൻ നിരത്തിലിറങ്ങും.
കെ.എസ്.ആർ.ടി.സി ബസ്സുകളിൽ കുടിവെള്ളം ലഭ്യമാക്കും. കെ.എസ്.ആർ.ടിസിയുടെ പെട്രോൾ പമ്പ് കായംകുളത്ത് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ആദ്യ ബസ്സ് ഡിപ്പോകളിൽ ഒന്നാണ് കായംകുളം കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റേഷൻ. ആറര ദശാബ്ദത്തിലേറെ പഴക്കമുള്ള കെട്ടിടമായിരുന്നു മുമ്പ് ഉണ്ടായിരുന്നത്. ആധുനിക സംവിധാനങ്ങളോടുകൂടി 19,500 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പുതിയ ബസ്സ് ടെർമിനൽ നിർമ്മിക്കുന്നത്.
വിശാലമായ ശീതികരിച്ച കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഭിന്നശേഷീസൗഹൃദ കേന്ദ്രങ്ങൾ, ജീവനക്കാർക്കായി പ്രത്യേക ഓഫീസ് സൗകര്യങ്ങൾ, വിശ്രമമുറികൾ, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, മെഡിക്കൽ റൂം, കൊറിയർ ആൻഡ് ലോജിസ്റ്ററ്റിക് റൂം, വ്യാപാര കേന്ദ്രങ്ങൾ, ലിഫ്റ്റ് സൗകര്യങ്ങൾ, യാത്രക്കാർക്ക് ശീതീകരിച്ച ഡോർമെറ്ററികൾ, ക്ലോക്ക് റൂം, ശൗചാലയങ്ങൾ അടക്കം ശുചിത്വവും പരിസ്ഥിതി സൗഹാർദ്ദവുമായ ബസ്സ് ടെർമിനലാണ് നിർമ്മിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us