വിദ്യാർത്ഥി സ്റ്റാർട്ടപ്പുകളെ കണ്ടെത്താൻ ജില്ലാതല ഹാക്കത്തോണുകൾ

New Update
rtyuiuytrertdfg

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിൽ മാർച്ച് ഏഴിന് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ നടക്കുന്ന ഐ.ഇ.ഡി.സി സ്റ്റാർട്ടപ്പ് സമ്മിറ്റ് 2026-ന്റെ മുന്നോടിയായി സംസ്ഥാനത്തെ 14 ജില്ലകളിലും വിപുലമായ ഹാക്കത്തോണുകൾ സംഘടിപ്പിക്കുന്നു. കലാലയങ്ങളിൽ നിന്നുള്ള മികച്ച നൂതനാശയങ്ങളെയും വിദ്യാർത്ഥി സംരംഭങ്ങളെയും കണ്ടെത്താനുള്ള പ്രാഥമിക വേദിയായി ഹാക്കത്തോണുകൾ പ്രവർത്തിക്കും.

ഓരോ ജില്ലയിലെയും പ്രാദേശിക ക്ലസ്റ്ററുകൾ തിരിച്ചറിഞ്ഞ് മുൻഗണനാ മേഖലകളിലെ പ്രശ്നങ്ങൾക്ക് പ്രായോഗികമായ പരിഹാരങ്ങൾ കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഐഡിയ സ്റ്റേജ് ടീമുകൾക്കും നിലവിലുള്ള സ്റ്റാർട്ടപ്പുകൾക്കും ഈ ഹാക്കത്തോണുകളിൽ പങ്കുചേരാവുന്നതാണ്.

ഈ വർഷത്തെ സമ്മിറ്റിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് 'വിസ ടു ഒണ്‍ട്രപ്രണർഷിപ്പ്' എന്ന നൂതന പദ്ധതി. ഹാക്കത്തോണുകളിലൂടെയും സമ്മിറ്റിലൂടെയും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച വിദ്യാർത്ഥി സംരംഭങ്ങൾക്ക് ഒരു വർഷം നീണ്ടുനിൽക്കുന്ന സമ്പൂർണ്ണ പിന്തുണയാണ് ഈ പദ്ധതി ഉറപ്പാക്കുന്നത്. ഒരു സ്റ്റാർട്ടപ്പിന്റെ വളർച്ചയിലെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കുന്നതിനും സാങ്കേതികവും ഭരണപരവുമായ വെല്ലുവിളികൾ നേരിടുന്നതിനും ആവശ്യമായ എല്ലാ സേവനങ്ങളും ഈ ഒരു വർഷ കാലയളവിൽ കെഎസ് യുഎം നൽകും. സംരംഭകത്വ പാതയിലെ നാഴികക്കല്ലുകൾ പിന്നിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനൊപ്പം മെന്റർഷിപ്പും വിപണി ബന്ധങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാകും.

ഹാക്കത്തോണുകളിൽ പങ്കെടുക്കാൻ താല്പര്യമുള്ള രണ്ട് മുതൽ അഞ്ച് വരെ അംഗങ്ങളുള്ള വിദ്യാർത്ഥി ടീമുകൾക്ക് സാങ്കേതികവും സാങ്കേതികമല്ലാത്തതുമായ ഏത് ആശയവും അവതരിപ്പിക്കാനുള്ള അവസരമുണ്ട്. മികച്ച ആശയങ്ങളെയും ടീമുകളെയും കണ്ടെത്താൻ ഐ.ഇ.ഡി.സികൾ മെന്റർമാരായും ക്വാളിറ്റി ഫിൽട്ടറുകളായും പ്രവർത്തിക്കും. വെറും പ്രോജക്റ്റുകളിൽ ഒതുങ്ങാതെ, വിപണിയിൽ ചലനം സൃഷ്ടിക്കാൻ കഴിയുന്ന സ്റ്റാർട്ടപ്പുകളായി ഇവയെ വളർത്തുക എന്നതാണ് ലക്ഷ്യം. ഇതിലൂടെ വിദ്യാർത്ഥികൾക്ക് യഥാർത്ഥ ബിസിനസ് വെല്ലുവിളികൾ നേരിടാനും മാർക്കറ്റ് വാലിഡേഷൻ നേടാനും അവസരമുണ്ടാകും.

സംസ്ഥാനത്തുടനീളം മികച്ച പ്രകടനം കാഴ്ചവെക്കുന്ന നൂനത്വ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഹാക്കത്തോണുകളിൽ മികവ് തെളിയിക്കുന്ന ടീമുകൾക്ക് മാത്രമേ ഐ.ഇ.ഡി.സി സ്റ്റാർട്ടപ്പ് സമ്മിറ്റിലേക്ക് പ്രവേശനം ലഭിക്കൂ. പങ്കാളിത്തത്തിന് അപ്പുറം, ഓരോ വിദ്യാർത്ഥി സംരംഭത്തെയും ആഗോള വിപണിയിൽ മത്സരക്ഷമതയുള്ള സ്റ്റാർട്ടപ്പുകളാക്കി മാറ്റാനാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.

ഹാക്കത്തോണിൽ പങ്കെടുക്കാൻ:  https://iedcstartupsummit.in/cluster-level-hackathon എന്ന  ലിങ്ക് വഴി അപേക്ഷിക്കാം.

Advertisment
Advertisment