കോട്ടയം: കിണറ്റിനുള്ളില്‍ ഒരു ജീവന്‍ പിടയുന്നതു കണ്ടു ജീവന്‍ രക്ഷിക്കാനിറങ്ങി മരണത്തിനു കീഴടങ്ങിയ ഓട്ടോ ഡ്രൈവര്‍ ബിജുവിന്റെ കുടുംബത്തിനായി നാട് ഒന്നിക്കുന്നു. ഇടവേളകള്‍ ഇല്ലാതെ ദുരന്തകുഴികളില്‍ പെട്ടു പോയ വീടാണ് എരുമേലി വാഴക്കാല ആറ്റുകാല്‍ പുരയിടത്തില്‍ ഗോപകുമാര്‍ എന്ന ബിജുവിന്റെ വീട്. നിനച്ചിരിക്കാതെ ബിജു കൂടി പോയതോടെ ഇനി എന്ത് എന്നറിയാതെ നില്‍ക്കുന്ന കുടുംബത്തിനു കൈത്താങ്ങാകാന്‍ നാടൊന്നാകെ ഇറങ്ങുകയാണ്. ഈ മാസം 23ന് ധനസമാഹരണം നടത്തും.
മാര്‍ച്ച് ഒന്‍പതിന് എരുമേലിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് ബിജുവിന് ജീവന്‍ നഷ്ടമാകുന്നത്. എരുമേലി സ്വദേശികളായ അനീഷാണു കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയത്. അനീഷിന് ഓക്സിജന്‍ ലഭിക്കാതെ വന്നതോടെ ബോധരഹിതനായി. ആഴങ്ങളില്‍ തളര്‍ന്നിരിക്കുന്നൊരു മനുഷ്യനെ കണ്ടപ്പോള്‍ മറ്റൊന്നുമാലോചിക്കാതെ കയറില്‍ പിടിച്ചിറങ്ങിയതാണു ബിജു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്രാണവായു കിട്ടാതെ ബിജുവും മരണത്തിലേക്ക് വീഴുകയായിരുന്നു.
വീടിനു സമീപം മണിമലയാറ്റിലെ കയത്തില്‍ വീണു മകന്‍ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ നിന്നും കര കയറാനാകാതെ ഇരുന്ന കുടുംബം ബിജുവിന്റെ വേര്‍പാടോടെ അക്ഷരാര്‍ഥത്തില്‍ അനാഥമായി.
ഇനി എന്ത് എന്നറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ അനാഥമായ ആ കുടുംബത്തിന് കൈത്താങ്ങ് ആകേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തം ആണ് എന്ന ബോധ്യത്തില്‍ കഴിഞ്ഞ ദിവസം എസ്.എന്‍.ഡി.പി ഹാളില്‍ പൊതു പ്രവര്‍ത്തകരും രാഷ്ട്രീയ സമുദായിക രംഗത്തുള്ളവരും ബിജുവിന്റെ സഹപ്രവര്‍ത്തകര്‍ ആയിരുന്ന ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും കൂടി ചേര്‍ന്നു.
എം.എല്‍.എ,പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം, വാര്‍ഡ് മെമ്പര്‍,സമുദായ പ്രതിനിധികള്‍ എന്നിവര്‍ രക്ഷാധികാരികളായി കമ്മറ്റി രൂപീകരിച്ചു.
മാര്‍ച്ച് 23ന് ആദ്യ ഘട്ടം എന്ന നിലയില്‍ ടൗണിനോട് ചേര്‍ന്നു കിടക്കുന്ന വാഴക്കാല,ഒഴക്കനാട് വാര്‍ഡുകളിലും വ്യാപാരികള്‍ക്കു കൂടി സൗകര്യപ്രദമായ ദിവസങ്ങളില്‍ എരുമേലി ടൗണിലും സഹായ ഹസ്തങ്ങള്‍ തേടി എത്തും. മുന്നോടിയായി മാര്‍ച്ച് 16 നു ധന സമാഹരണത്തിനുള്ള ഓര്‍മ്മപ്പെടുത്തല്‍ നോട്ടീസുകള്‍ എല്ലാ വീടുകളിലും എത്തും.
Ac No. 0146053000028325
Ac Name: Bindu Gopakumar
IFSC: SIBL0000146
South Indian Bank, Erumely Branch