/sathyam/media/media_files/2026/02/09/apasmaram-2026-02-09-15-20-08.jpg)
കൊച്ചി : രോഗിയുടെ ബ്രയിൻ ഡാറ്റ ഉപയോഗിച്ച് തലച്ചോറിലെ അപസ്മാര സ്രോതസ്സ് കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന പുതിയ രീതി കൊച്ചി അമൃത ആശുപത്രയിലെ ഡോക്ടർമാർ വികസിപ്പിക്കുകയും അതിന് പേറ്റന്റ് നേടുകയും ചെയ്തു. ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ട ഈ രീതി, ചികിത്സയോട് പ്രതികരിക്കാത്ത അപസ്മാരമുള്ളവരുടെ ശസ്ത്രക്രിയ ഫലങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും.
ഭൂരിഭാഗം ആളുകൾക്കും മരുന്നുകൾ കൊണ്ട് അപസ്മാരം നിയന്ത്രിക്കാൻ സാധിക്കും. എന്നാൽ മുപ്പത് ശതമാനം രോഗികളിൽ കൃത്യമായ മരുന്നുകൾ നൽകിയിട്ടും അപസ്മാരം തുടരുന്നു. 'മരുന്നുകളോട് പ്രതികരിക്കാത്ത അപസ്മാരം' (Drug-resistant epilepsy) എന്നറിയപ്പെടുന്ന ഈ അവസ്ഥ വിദ്യാഭ്യാസം, തൊഴിൽ, വ്യക്തിസ്വാതന്ത്ര്യം, ജീവിതനിലവാരം, എന്നിവയെ മാത്രമല്ല ഗർഭാവസ്ഥയേയും , കുഞ്ഞുങ്ങളിലെ ബുദ്ധിവളർച്ചയേയും സാരമായി ബാധിക്കുന്നു. ഇത്തരം രോഗികൾക്ക് ശസ്ത്രക്രിയയാണ് അപസ്മാരത്തിൽ നിന്ന് മോചനം നേടാനുള്ള ഏറ്റവും നല്ല മാർഗം. എന്നാൽ ശസ്ത്രക്രിയയുടെ വിജയം തലച്ചോറിലെ അപസ്മാര സ്രോതസ്സിന്റെ കൃത്യമായ കണ്ടെത്തലിനെ ആശ്രയിച്ചിരിക്കുന്നു. ഇതിന്റെ കൃത്യതക്കുറവ് ശസ്ത്രക്രിയയുടെ പരാജയപ്പെടലിനോ രോഗികൾക്ക് അനാവശ്യമായ ആരോഗ്യപ്രശ്നങ്ങൾക്കോ വഴിതെളിക്കാം.
സാധാരണയായി അപസ്മാര സ്രോതസ്സ് തലച്ചോറിന്റെ എം.ആർ.ഐ സ്കാനിൽ വ്യക്തമാകാറുണ്ട് . എന്നാൽ പല അവസരത്തിലും എം.ആർ.ഐ സ്കാൻ നോർമൽ ആയിരിക്കും. അങ്ങനെയുള്ള അവസരങ്ങളിലാണ് എഫ് .ഡി.ജി-പെറ്റ് (FDG-PET) എന്ന സ്കാൻ ഉപയോഗിക്കാറുള്ളത്. എന്നാൽ പലപ്പോഴും എഫ് .ഡി.ജി-പെറ്റ് സ്കാൻ നോക്കി വിലയിരുത്തുമ്പോൾ (visual interpretation) അപസ്മാര സ്രോതസ്സ് കൃത്യമായി വ്യക്തമാകാറില്ല .
ഈ വെല്ലുവിളി നേരിടാൻ, അമൃത ആശുപത്രിയിലെ ഡോക്ടർമാർ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സ്കാനുകൾ വിശകലനം ചെയ്യുന്നതിനായി ഒരു പുതിയ രീതി വികസിപ്പിച്ചെടുത്തു. ഈ രീതിയിൽ രോഗിയുടെ തന്നെ തലച്ചോറിന്റെ ഇടതും , വലതും വശങ്ങൾ കംപ്യുട്ടേഷണൽ ടൂളുകൾ മുഖാന്തരം താരതമ്യപ്പെടുത്തി വളരെ ചെറിയ ഒരു വ്യതിയാനം പോലും രേഖപ്പെടുത്തുകയും അപസ്മാര സ്രോതസ്സ് കൃത്യതയോടെ മാപ്പ് ചെയ്യുകയും ചെയ്യുന്നു .
അപസ്മാര ശസ്ത്രക്രിയയിലൂടെ രോഗം ഭേദമായവരിൽ നടത്തിയ പഠനത്തിൽ പാസ്കോം (PASCOM - PET Asymmetry after Anatomical Symmetrization Coregistered to MRI) എന്ന് വിളിക്കപ്പെടുന്ന ഈ നൂതന സാങ്കേതികവിദ്യ സാധാരണരീതിയിലുള്ള പെറ്റ് സ്കാൻ വിശകലനം ചെയ്യുന്ന രീതിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ അധികം കൃത്യതയുള്ളതായി സ്ഥിരീകരിക്കപ്പെട്ടു. ഈ പഠനങ്ങളുടെ ഫലങ്ങൾ വിഖ്യാതമായ ജേണൽ ഓഫ് ന്യൂറോ സർജറിയിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു . ഇതിന്റെ പുതുമയും പ്രാധാന്യവും കണക്കിലെടുത്ത്, ഇന്ത്യയിലും അമേരിക്കയിലും ഈ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. സാങ്കേതികമായ നേട്ടങ്ങൾക്ക് പുറമെ താരതമ്യ പഠനത്തിനായി മറ്റ് വിവരശേഖരങ്ങളെ (Comparison datasets) ആശ്രയിക്കേണ്ടതില്ല എന്നതും വളരെ ചെലവേറിയതല്ല എന്നതും പാസ്കോം സാങ്കേതിക വിദ്യയുടെ പ്രത്യേകതയാണ്. രോഗികളിൽ ഇതിന്റെ ഉപയോഗവും എളുപ്പമാണ്.
പരിമിതമായ സൗകര്യങ്ങളുള്ള ആശുപത്രികൾക്കും ഈ സാങ്കേതിക വിദ്യയിലൂടെ നൂതനമായ അപസ്മാര ശസ്ത്രക്രിയ ആസൂത്രണം ചെയ്യുന്നത് എളുപ്പമാക്കാൻ സാധിക്കും.
ശസ്ത്രക്രിയ സാധ്യമല്ലെന്ന് വിധിച്ചിരുന്ന സങ്കീർണ്ണമായ അപസ്മാര രോഗികളിൽ ഈ നൂതന സാങ്കേതികവിദ്യയുടെ സഹായത്താൽ ശസ്ത്രക്രിയ വിജയകരമായി സാധ്യമായെന്നും പരിമിതമായ സൗകര്യങ്ങളുള്ള ആശുപത്രികൾക്കും ഈ സാങ്കേതിക വിദ്യയിലൂടെ നൂതനമായ അപസ്മാര ശസ്ത്രക്രിയകളുടെ ആസൂത്രണം എളുപ്പമാക്കാൻ സാധിക്കുമെന്നും അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ എപ്പിലെപ്സി മേധാവി ഡോ. സിബി ഗോപിനാഥ് പറഞ്ഞു.
രോഗികൾക്കും കുടുംബങ്ങൾക്കും യഥാർത്ഥത്തിൽ ഗുണകരമാകുന്ന രീതിയിൽ ക്ലിനിക്കൽ കണ്ടുപിടുത്തങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അമൃത ഹോസ്പിറ്റലിന്റെ ഈ നേട്ടം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us