കാസര്‍കോട്: ഗൂഗിള്‍ മാപ്പ് നോക്കി വന്ന ലോറി റോഡില്‍ കുടുങ്ങി. കാസര്‍കോട് നിന്ന് പട്ടുവത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് ശ്രീസ്ഥ ഏഴോം നെരുവമ്പ്രം റോഡില്‍ കുടുങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്.
മാപ്പ് നോക്കി പോയ ഡ്രൈവര്‍ പരിയാരം ദേശീയ പാതയില്‍ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോകാതെ ശ്രീസ്ഥ ഏഴോം നെരുവമ്പ്രം റോഡില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഇവിടെയുളള വൈദ്യുത ലൈനില്‍ തട്ടി ലോറി കുടുങ്ങുകയായിരുന്നു.
വിവരമറിഞ്ഞ് പഴയങ്ങാടി കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി അപകടഭീഷണി ഒഴിവാക്കി. തുടര്‍ന്ന് ലോറി ഏഴോം റോഡ് വഴി പട്ടുവത്തേക്ക് പോവുകയായിരുന്നു. ലോറിയില്‍ നിറയെ ഗ്ലാസ് ആയിരുന്നു.