കെ.പി ഗോപിനാഥ് മാധ്യമ പുരസ്‌കാരം ആര്‍ സാംബന്

New Update
r samban

തൊടുപുഴ: ഇടുക്കി പ്രസ് ക്ലബിന്റെ 18-ാമതു കെ.പി. ഗോപിനാഥ് മാധ്യമ പുരസ്‌കാരത്തിനു ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആര്‍ സാംബന്‍ അര്‍ഹനായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

Advertisment

ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പുനരധിവാസം സംബന്ധിച്ച് ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച തീമഴയത്തെ താരാട്ട് എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്. 

മലയാള ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഹ്യൂമന്‍ ഇന്ററസ്റ്റഡ് സ്റ്റോറിക്കായിരുന്നു ഇത്തവണ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നത്. 

10,001 രൂപയും പ്രശംസാപത്രവും ഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡ് 11നു രാവിലെ 11 നു പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന അനുസ്മരണയോഗം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.ഷീല സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്യുകയും അവാര്‍ഡ് ദാനം നിര്‍വഹിക്കുകയും ചെയ്യും. 

മാതൃഭൂമി സ്‌പെഷല്‍ കറസ്‌പോണ്ടന്റ് എസ്.ഡി.സതീശന്‍നായര്‍ അനുസ്മരണ പ്രഭാഷണം നടത്തും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ റ്റി.സി മാത്യു, രാജു മാത്യു, വി. ആര്‍. രാജ്‌മോഹന്‍ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍. 

ആര്‍.സാംബന്‍ ദേശാഭിമാനിയില്‍ നിന്ന് ന്യൂസ് എഡിറ്ററായി വിരമിച്ചശേഷം ഒന്നര വര്‍ഷമായി ജനയുഗം ഇടുക്കി ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചുവരികയാണ്.

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയിട്ടുള്ള ദേശീയ മാധ്യമ പുരസ്‌കാരത്തിന് രണ്ടു തവണ അര്‍ഹനായിട്ടുണ്ട്. 

ഇതിനുപുറമെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയുള്ള സരോജിനി നായിഡു പുരസ്‌കാരം, രാംനാഥ് ഗോയങ്ക അവാര്‍ഡ്, സ്റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ് ഫോര്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ്, സ്റ്റേറ്റ്‌സ്മാന്‍ ഗ്രൂപ്പിന്റെ പരിസ്ഥിതി അവാര്‍ഡായ കുഷ്‌റോ ഇറാനി പുരസ്‌കാരം, കെ.സി.കുലീഷ് രാജ്യന്തര അവാര്‍ഡ് (രണ്ടുവട്ടം), പരിസ്ഥിതി പത്രപ്രവര്‍ത്തനത്തിന് ജര്‍മന്‍ എംബസി അവാര്‍ഡ്, ലാഡ്‌ലി അവാര്‍ഡ്, സ്‌കാര്‍ഫ് പിഐഐ അവാര്‍ഡ്, ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ അനില്‍ അഗര്‍വാള്‍ ഫെലോഷിപ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ ഇന്ത്യന്‍ ലാംഗ്വേജ് റിപ്പോട്ടര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം, വികസനോന്മുഖ പത്രപ്രവര്‍ത്തനത്തിനുള്ള സംസ്ഥാന മാധ്യമ അവാര്‍ഡ്, സംസ്ഥാന കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ പരിസ്ഥിതി മിത്രം അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ഭാരതി പുരസ്‌കാരം, ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ ഗ്രീന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ്, ഡോ. ബി ആര്‍ അംബേദ്കര്‍ അവാര്‍ഡ് തുടങ്ങി 62 മാധ്യമ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഭാര്യ: സേതുമോള്‍. മക്കള്‍: സാന്ദ്ര, വൃന്ദ. മരുമകന്‍: എസ്.അനൂപ്. 

പത്രസമ്മേളനത്തില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളി, ട്രഷറര്‍ ആല്‍വിന്‍ തോമസ്, വൈസ് പ്രസിഡന്റ് പി.കെ.ലത്തീഫ് എന്നിവര്‍  പങ്കെടുത്തു.

Advertisment