കോട്ടയം : ആധുനികവത്കരണത്തിന്റെ പാതയിൽ ഇന്ത്യൻ തപാൽ വകുപ്പ് അതിവേഗം മുന്നേറുകയാണ്.ഇപ്പോൾ ഇന്ത്യൻ തപാൽ വകുപ്പ് പിൻ നമ്പറിന് പകരം ഡിജിപിൻ അവതരിപ്പിച്ചിരിക്കുകയാണ്.ഈ സന്ദർഭത്തിൽ ഡിജിപിൻ എന്താണെന്നും, അതിന്റെ സവിശേഷത , സാധരണ പോസ്റ്റൽ പിൻ കോഡിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നൊക്കെ മനസിലാക്കിയിരിക്കുന്നത് ഗുണകരമാണ്.
സാധാരണ പോസ്റ്റൽ അഡ്രസ് പ്രദേശം, വീട്ടു നമ്പർ, സ്ട്രീറ്റ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ ഡിജി പിൻ ഒരു സ്ഥലത്തിൻ്റെ കൃത്യമായ കോർഡിനേറ്റുകളെ അടിസ്ഥാനമാക്കി 10 പ്രതീകങ്ങളുള്ള ആൽഫാന്യൂമെറിക് കോഡ് ഉപയോഗിച്ചുള്ള ജിയോസ്പേഷ്യൽ റഫറൻസാണ്. ഐഐടി ഹൈദരാബാദ്, ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ എന്നിവയുമായി സഹകരിച്ചാണ് ഇത് വികസിപ്പിച്ചെടുത്തത്.
ഡിജിപിൻ അവതരിപ്പിക്കുന്നതിലൂടെ ഓൺലൈൻ ഷോപ്പിങ്, ലോജിസ്റ്റിക്, അടിയന്തര സേവനങ്ങൾ എന്നിവയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് ഉപയോക്താക്കൾക്ക് ഡിജിപിൻ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലും ഉപയോഗിക്കാം.ഡിജിപിൻ പരമ്പരാഗത മേൽവിലാസം ഇല്ലാതാക്കില്ലെന്ന് തപാൽ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട് .പകരം ഒരു വസ്തുവിന്റെയോ വീടിന്റെയോ സ്ഥാപനത്തിന്റെയോ മേൽവിലാസം മാറ്റി സ്ഥാപിക്കാതെ തന്നെ കൃത്യമായ ഡിജിറ്റൽ സ്ഥാനം നിർണയിക്കാൻ ഇതിലൂടെ സാധിക്കും.
*എന്താണ് ഡിജിപിൻ?
ദേശീയ അടിസ്ഥാനത്തിലുളള അഡ്രസ് കോഡാണ് ഡിജിപിൻ. അക്ഷരങ്ങളും അക്കങ്ങളുമടങ്ങിയ പത്തക്കമുളള കൃത്യതയുളള വിലാസമാണ് ഡിജിപിൻ. ഇത് നാല് ചതുരശ്ര മീറ്റർ പരിധിയിൽ വിലാസത്തെ കൂടുതൽ കൃത്യമാക്കുന്നു.
ഇന്ത്യയിലെ മുഴുവൻ സ്ഥലങ്ങളെയും സാങ്കേതികമായി നാല് മീറ്റർ നീളവും വീതിയുമുള്ള ചതുരങ്ങളാക്കി നിർവചിച്ച ശേഷം ഓരോ ചതുരത്തിനും ഓരോ പേര് കൊടുത്തിരിക്കുന്നു. ഈ പേരാണ് പത്തക്കങ്ങളുളള ഡിജിപിൻ എന്നാണ് പറയുന്നത്.
* ഡിജിപിൻ എങ്ങനെ കണ്ടെത്താം?
ഗൂഗിളിൽ 'Know Your DIGIPIN' എന്ന് ടൈപ്പ് ചെയ്യുക. ആദ്യം കാണുന്ന തപാൽവകുപ്പിന്റെ വിൻഡോവിൽ
'I CONSENT' എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് കൃത്യമായ ലൊക്കേഷന്റെ ഡിജിപിൻ ലഭ്യമാകും. 'സെർച്ച് ഡിജിപിൻ' എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ മുൻപ് ലഭിച്ച ഡിജിപിൻ സെർച്ച് ചെയ്താൽ നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ ലഭ്യമാകും.