രാജ്യത്തിന് മാതൃക; ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ ആദ്യഘട്ടം പൂർത്തിയായി

കണ്ണൂരിലെ കല്യാടിലുള്ള 300 ഏക്കർ വിസ്തൃതിയിൽ ആദ്യഘട്ട നിർമ്മാണം പൂർത്തിയായി. രാജ്യത്തിന് തന്നെ മാതൃകയായ ഈ സ്ഥാപനത്തിന്റെ ആദ്യഘട്ടം 200 കോടി രൂപ ചെലവഴിച്ചാണ് സജ്ജമായിരിക്കുന്നത്.

New Update
RESEARCH INSTITUTE AYURVEDHA

കണ്ണൂർ: ഇന്ത്യയുടെ തനത് വൈദ്യശാസ്ത്രമായ ആയുർവേദത്തെ തെളിവധിഷ്ഠിതമാക്കി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നിർമിച്ച ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (ഐആർഐഎ) ഉദ്‌ഘാടനത്തിനൊരുങ്ങി. 

Advertisment

കണ്ണൂരിലെ കല്യാടിലുള്ള 300 ഏക്കർ വിസ്തൃതിയിൽ ആദ്യഘട്ട നിർമ്മാണം പൂർത്തിയായി. രാജ്യത്തിന് തന്നെ മാതൃകയായ ഈ സ്ഥാപനത്തിന്റെ ആദ്യഘട്ടം 200 കോടി രൂപ ചെലവഴിച്ചാണ് സജ്ജമായിരിക്കുന്നത്.


ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളം ലോകത്തിന് നൽകുന്ന മികച്ച സംഭാവന കൂടിയാണ്. താളിയോലകൾ ഉൾപ്പെടെയുള്ള പരമ്പരാഗത അറിവുകൾ ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുന്നു. 


ആയുർവേദ രംഗത്തെ മികച്ച രാജ്യാന്തര ഗവേഷണ കേന്ദ്രമായിരിക്കുമിത്. ലോകത്തെ പല ആരോഗ്യ സ്ഥാപനങ്ങളും ഗവേഷണവുമായി സഹകരിക്കും. 

നാൽപ്പത്തിലധികം ദേശീയ അന്തർദേശീയ ഇന്റർ ഡിസിപ്ലിനറി ഗവേഷണ സ്ഥാപനങ്ങൾ ഇതിനകം തന്നെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്നതിന് താത്പര്യം അറിയിച്ചിട്ടുണ്ട്. 


ആദ്യ ഘട്ടത്തിൽ കാൻസർ, ഏജിംഗ് എന്നിവയിലെ ഗവേഷണത്തിനും അനുബന്ധ രോഗീപരിചരണത്തിനും ഇൻസ്റ്റിറ്റ്യൂട്ട് മുൻഗണന നൽകും. മലബാർ കാൻസർ സെന്റർ ഗവേഷണവുമായി സഹകരിക്കും.


ആയുർവേദ ഗവേഷണത്തിലെ സുപ്രധാന മേഖലകൾ ലക്ഷ്യമിട്ട് ഡിപ്പാർട്ട്‌മെന്റ് ഓഫ് ആയുർവേദിക് ബയോളജി ആൻഡ് ട്രാൻസ്ലേഷണൽ ആയുർവേദ, ഡിപ്പാർട്ട്‌മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സ് ആൻഡ് നാച്ചുറൽ പ്രൊഡക്ട്സ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്ലേഷണൽ ഡ്രഗ് റിസർച്ച്, ക്ലിനിക്കൽ എപ്പിഡെമിയോളജി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്ലിനിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് റിസർച്ച്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ഹെറിറ്റേജ്, മ്യൂസിയം ആൻഡ് മാനുസ്‌ക്രിപ്റ്റ്സ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഐ.സി.ടി സർവീസസ് എന്നീ വിഭാഗങ്ങൾ ഐആർഐഎയിൽ പ്രവർത്തിക്കും

100 കിടക്കകളുള്ള ഗവേഷണ ആശുപത്രിയും ഔഷധസസ്യ ഗവേഷണ കേന്ദ്രവും നഴ്സറിയും താളിയോല പഠന കേന്ദ്രവുമാണ് ആദ്യഘട്ടത്തിൽ സജ്ജമാവുന്നത്. 


ആയുർവേദത്തിന്റെ ശാസ്ത്രീയ മഹത്വവും പ്രായോഗിക പ്രയോജനങ്ങളും ഗവേഷണത്തിലൂടെ ലോക സമൂഹവുമായി പങ്കുവെക്കുന്ന ഈ കേന്ദ്രം നാടിന്റെ അഭിമാനമാണ്.


ഐആർഐഎയുടെ ഉദ്ഘാടനം ഫെബ്രുവരി 25ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. 

കെ.കെ. ശൈലജ ടീച്ചർ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ. സുധാകരൻ എംപി, എം.വി. ഗോവിന്ദൻ മാസ്റ്റർ എംഎൽഎ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

Advertisment