/sathyam/media/media_files/2026/02/02/untitled-2026-02-02-11-09-00.jpg)
കോട്ടയം. 2026 അന്താരാഷ്ട്ര വനിതാ കർഷക വർഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച സാഹചര്യത്തിൽ, വനിതാ കർഷകരുടെ മികച്ച സംഭാവനകൾക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടുന്നതിനും, അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കിസാൻ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ "മണ്ണിന്റെ മകൾ" എന്ന പേരിൽ നടത്തുന്ന വനിതാ കർഷക വർഷാചരണ പരിപാടികൾക്ക് തുടക്കമായി.
പഞ്ചായത്ത് തലം മുതൽ ദേശീയ തലം വരെയുള്ള വനിതാ കർഷകർക്കും സംരംഭകർക്കും അംഗീകാരവും വരുമാനവും ഉറപ്പാക്കുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നതാണ് "മണ്ണിൻ്റെ മകൾ" എന്ന പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
കാർഷിക വിളകളിൽ നിന്നും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനും വിപണി കണ്ടെത്തുന്നതിനും സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനും ഈ പദ്ധതി ലക്ഷ്യം വെക്കുന്നു എന്ന് "മണ്ണിൻ്റെ മകൾ" പരിപാടിയെ കുറിച്ച് വിശദീകരിക്കുന്നതിനായി കോട്ടയം പ്രസ്സ് ക്ലബ്ബിൽ വിളിച്ചുകൂട്ടിയ പത്ര സമ്മേളനത്തിൽ കിസാൻ സർവീസ് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.
കിസാൻ സർവീസ് സൊസൈറ്റി അകലകുന്നം യൂണിറ്റ് രൂപീകരിച്ച അകലകുന്നം അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ സഹസ്ഥാപനമായ കിച്ച് മേറ്റ് ഫുഡ് കമ്പനി "റിവാന" എന്ന പേരിൽ വിപണിയിലിറക്കുന്ന പുതിയ ഉൽപ്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും ഇതോടൊപ്പം നടത്തി.
കിസാൻ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ജോയ് ജോസഫ് മൂക്കൻ തോട്ടത്തിൽ, സെക്രട്ടറി ബി ജയകുമാർ, കോട്ടയം ജില്ലാ പ്രസിഡന്റ് അജിത്ത് വർമ്മ, ജില്ലാ ജനറൽ സെക്രട്ടറി ഫിലിപ്പ് ജോൺ, ഉദയനാപുരം യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു, കിച്ച് മേറ്റ്സ് ഫുഡ്സ് മാനേജിങ് ഡയറക്ടറും കിസാൻ സർവീസ് സൊസൈറ്റി വനിതാ വിഭാഗം എക്സിക്യൂട്ടീവ് അംഗവുമായ സുജ ഫിലിപ്പ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us