/sathyam/media/media_files/2026/01/26/kk-ragesh-2026-01-26-18-19-25.jpg)
കണ്ണൂർ: പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടിയുടെ ആഭ്യന്തര കണക്കുകൾ മാധ്യമങ്ങളെ അറിയിക്കേണ്ട ബാധ്യതയില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഘേഷ്.
രക്തസാക്ഷി ഫണ്ടിൽ നിന്ന് നയാപൈസ പോലും പാർട്ടിക്ക് നഷ്ടമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫണ്ട് തുക താത്കാലിക ആവശ്യങ്ങൾക്കായി വകമാറ്റിയത് തെറ്റാണെന്ന് പാർട്ടി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വേണ്ട തിരുത്തലുകളും അച്ചടക്ക നടപടികളും പാർട്ടിക്കുള്ളിൽ തന്നെ സ്വീകരിച്ചിട്ടുണ്ട്.
എന്നാൽ ഇതിലൂടെ പാർട്ടിക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടില്ല. പാർട്ടിക്കകത്ത് പറയേണ്ട കാര്യങ്ങൾ അവിടെത്തന്നെ പറയുമെന്നും മാധ്യമങ്ങളെ കണക്കുകൾ ബോധ്യപ്പെടുത്തേണ്ട ആവശ്യം സിപിഎമ്മിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ മാത്രമാണ് ശരിയെന്ന വി. കുഞ്ഞിക്കൃഷ്ണന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കെ.കെ. രാഘേഷ് പറഞ്ഞു. പാർട്ടിയുടെ അച്ചടക്കത്തിന് നിരക്കാത്ത രീതിയിലാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.
കുഞ്ഞിക്കൃഷ്ണനെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനത്തിന് പിന്നാലെ പയ്യന്നൂരിൽ രാഷ്ട്രീയ ചർച്ചകൾ കൊഴുക്കുന്നതിനിടെയാണ് കണക്കുകൾ പുറത്തുവിടില്ലെന്ന കർശന നിലപാട് പാർട്ടി സ്വീകരിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us