കേരള മീഡിയ അക്കാദമിക്ക് 31 കോടി 56 ലക്ഷം രൂപ ചെലവഴിച്ച് കാക്കനാട് പുതിയ ആസ്ഥാനമന്ദിരം നിര്‍മ്മിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

New Update
kerala media academy

കൊച്ചി: കേരള മീഡിയ അക്കാദമിക്ക് 31 കോടി 56 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ആസ്ഥാനമന്ദിരം കാക്കനാട് നിർമ്മിക്കാൻ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചു. കിഫ്ബിയിൽ നിന്നും തുക വിനിയോഗിച്ചാണ് നിർമ്മാണം നടത്തുക.

Advertisment

രണ്ട് ബേസ്മെന്റ്, ഗ്രൗണ്ട്, ഒന്നും രണ്ടും നിലകൾ, ടെറസ് എന്നിവ ഉണ്ടാകും. ഈ അഞ്ചുനില മന്ദിരത്തിന് ആകെ വിസ്തീർണ്ണം 90610 അടി. കെട്ടിടത്തിന് രൂപകൽപ്പന ചെയ്തത് പത്മശ്രീ ജി ശങ്കറിൻ്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പാണ്.

സംസ്ഥാന സർക്കാരിൻറെ നിയന്ത്രണത്തിലുള്ള മാധ്യമ പഠന ഗവേഷണ സ്ഥാപനമായ കേരള മീഡിയ അക്കാദമി 46 വർഷമായി പ്രവർത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ്.

മെട്രോ റെയിലിന്റെ രണ്ടാംഘട്ട നിർമ്മാണം കാരണം അക്കാദമിയുടെ 3 ഏക്കർ 20 സെന്റിലുള്ള ക്യാമ്പസിലെ നിലവിലുള്ള ആസ്ഥാനമന്ദിരവും 75 സെൻറ് സ്ഥലവും നഷ്ടപ്പെടും.

ഈ പശ്ചാത്തലത്തിലാണ് കിഫ്ബിയിൽ നിന്നും തുക വിനിയോഗിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി സുഭാഷ് ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. 

മന്ത്രിസഭാ തീരുമാനത്തിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു നന്ദിയും സന്തോഷവും അറിയിച്ചു.

Advertisment