/sathyam/media/media_files/2026/02/20/veena-george-2026-02-20-18-02-52.jpg)
കോട്ടയം: മറന്നുവെക്കുന്ന പഞ്ഞിയും മോപ്പും കത്രികയും, നമ്പര്‍ വണ്‍ ആരോഗ്യ കേരളമെന്നു കൊട്ടിഘോഷിക്കുമെങ്കിലും ആശുപത്രികളിലെ ചികിത്സാ പിഴവ് പതിവു വാര്‍ത്തയായി മാറിയിട്ടുണ്ട്.
വലത്തെ കാലിനു പകരം ഇടത്തു കാല്‍, ഇടതു കണ്ണിനു പകരം വലതു കണ്ണ്, മൂക്കിന് പകരം വയറ് എന്നിങ്ങനെ അശ്രദ്ധ മൂലം അവയവങ്ങള്‍ മാറി സര്‍ജറി നടത്തിയ സംഭവങ്ങള്‍ പലപ്പോഴായി റിപോര്‍ട്ടു ചെയ്യപ്പെടാറുണ്ട്.
ചികിത്സാ പിഴവു കാരണം കൈ നഷ്ടപ്പെട്ട കുട്ടി ഇന്നു കേരളത്തില്‍ ജീവിക്കുന്നുണ്ട്. അപ്പോഴും ചികിത്സാ പിഴവ് ഒന്നോ രണ്ടോ ദിവസം ചര്‍ച്ചായകുമെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടാകാറില്ല.
കേരളത്തില്‍ ചികിത്സാ പിഴവിന്റെ പേരില്‍ ആരോഗ്യ വകുപ്പ് പലപ്പോഴും വിമര്‍ശ വിധേയമാകാറുണ്ടെങ്കിലും സംഭവം അന്വേഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡിനെയോ വിദഗ്ദ്ധ സമിതികളെയോ നിയോഗിക്കുന്നതിനപ്പുറം മറ്റൊന്നും സംഭവിക്കാറില്ല.
ഡോക്ടറുടെയോ ആശുപത്രി അധികൃതരുടെയോ ഭാഗത്തു നിന്ന് പിഴവ് ബോധ്യപ്പെട്ടാല്‍ പോലും അതിനനുസൃതമായ നടപടിയുണ്ടാകാറില്ല. പകരം കുറ്റക്കാരെ സംരക്ഷിക്കാനും നീക്കം നടക്കും. ചികിത്സാ പിഴവുകള്‍ നിരന്തരം ആവര്‍ത്തിക്കാന്‍ കാരണമിതാണെന്നു വിലയിരുത്തപ്പെടുന്നു.
ഇതോടൊപ്പം ഡോക്ടര്‍മാര്‍ക്കെതിരെ എന്തെങ്കിലും ആരോപണം ഉയര്‍ന്നാല്‍ സംഘടന ഉടന്‍ സംരക്ഷിക്കാന്‍ രംഗത്തു വരും. രാഷ്ട്രീയ സമ്മര്‍ദം കൂടിയാകുമ്പോള്‍ പരാതിയിൽ റിപ്പോർട്ട് ഡോക്ടർക്ക് അനുകൂലമായി മാറും.
2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചു നടത്തിയ മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടെയാണു ഹര്‍ഷിനയുടെ വയറ്റില്‍ കത്രികകുടുങ്ങിയത്.
വര്‍ഷങ്ങളോളം വയറ്റില്‍ കുടുങ്ങിയ കത്രികയുടെ വേദന പേറിയ ഹര്‍ഷിന ജീവിച്ചു. രണ്ടര വര്‍ഷം മുന്‍പു വയറ്റില്‍ നിന്നു കത്രിക പുറത്തെടുത്തു. പക്ഷേ ഇപ്പോള്‍ മുന്‍പുണ്ടായിരുന്നതിനേക്കാള്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളാണു ഹര്‍ഷീന നേരിടുന്നത്.
ആരോഗ്യമന്ത്രി അടക്കമുള്ളവര്‍ 15 ദിവസത്തിനുള്ളില്‍ നീതി നടപ്പാക്കുമെന്നാണു പറഞ്ഞത്. എന്നാല്‍ വാക്കുകൊണ്ടു പറഞ്ഞതല്ലാതെ ആരും നീതിയുടെ അടുത്തു പോലും എത്തിയിട്ടില്ല.
അനാസ്ഥയും തുറന്നുകാട്ടുന്നതാണ് അഞ്ചു വര്‍ഷം മുന്‍പു വണ്ടാനം മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയക്കിടെ പാവപ്പെട്ട ഒരു തൊഴിലുറപ്പു തൊഴിലാളിയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ ദാരുണമായ സംഭവം.
അഞ്ചു വര്‍ഷക്കാലം വേദന അനുഭവിച്ച ഉഷയുടെ വയറ്റില്‍ ഉപകരണം കണ്ടെത്തിയിട്ടും, അടിയന്തര ചികിത്സ നല്‍കുന്നതിനു പകരം സംഭവം പുറത്തുപറയരുതെന്നും തിങ്കളാഴ്ച വരാനും പറഞ്ഞ് ഒതുക്കിത്തീര്‍ക്കാനാണ് ആശുപത്രി അധികൃതരും സര്‍ക്കാരും ശ്രമിച്ചത്. ഇതൊരു ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്.
അശ്രദ്ധ മൂലം അവയവങ്ങള്‍ മാറി സര്‍ജറി നടത്തിയ സംഭവങ്ങള്‍ പതിവായി റിപ്പോര്‍ട്ടു ചെയ്യാറുണ്ട്. ചികിത്സാ പിഴവിനെ തുടര്‍ന്നു രോഗികള്‍ മരിക്കുന്നതും അപൂര്‍വല്ല. കോഴിക്കേട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇടത് കാലിന് പകരം ഡോക്ടര്‍ വലതുകാലിനു സര്‍ജറി നടത്തിയതു വിവാദമായിരുന്നു.
നിലമ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലുമുണ്ടായി കാലു മാറി ശസ്ത്രക്രിയ നടത്തിയ സംഭവം. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 2019ല്‍ മൂക്കിലെ രോഗത്തിനു ഡോക്ടര്‍ സര്‍ജറി നടത്തിയത് രോഗിയുടെ വയറിലായിരുന്നു.
ഹെര്‍ണിയക്ക് ശസ്ത്രക്രിയ നടത്തേണ്ട ഒരു രോഗിയെയും മൂക്കിലെ രോഗത്തിന് ശസ്ത്രക്രിയ നടത്തേണ്ട രോഗിയെയും ഒരേ സമയത്താണ് ഓപറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍ രോഗിയെ മാറി ശസ്ത്രക്രിയ നടത്തി. സംഭവം വിവാദമായതോടെ രോഗിയെ വീണ്ടും തിയേറ്ററില്‍ പ്രവേശിപ്പിച്ചു മൂക്കില്‍ മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തുകയായിരുന്നു.
അത്യധികം ശ്രദ്ധയോടെയും ജാഗ്രതയോടെയും മനഃസാന്നിധ്യത്തോടെയും നിര്‍വഹിക്കേണ്ട സങ്കീര്‍ണ പ്രക്രിയയാണു രോഗചികിത്സ. ശസ്ത്രക്രിയ, രക്തം നല്‍കല്‍ തുടങ്ങിയ ചികിത്സാ രീതികള്‍ വിശേഷിച്ചും. ഡോക്ടറുടെ ഒരു ചെറിയ അശ്രദ്ധ മതി രോഗിയെ കൊടിയ ദുരിതത്തിലാഴ്ത്താനും മരണത്തില്‍ വരെ കൊണ്ടെത്തിക്കാനും.
ചികിത്സാ പിഴവു മൂലം ശരീരത്തിന്റെ ചലനശേഷിയും അവയവത്തിന്റെ ഉപയോഗവും നഷ്ടപ്പെട്ടു ജീവച്ഛവമാവുകയും മുടക്കാ ചരക്കാവുകയും ചെയ്തവര്‍ എമ്പാടുമുണ്ട്. ഒരു രോഗിയെ ശസ്ത്രക്രിയക്ക് വിധേയമാക്കുമ്പോള്‍, താന്‍ ഉദ്ദേശിച്ച രോഗി തന്നെയാണോ ഇതെന്നു ഡോക്ടര്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്.
ശസ്ത്രക്രിയ ചെയ്യേണ്ട അവയവത്തിന്റെ കാര്യത്തിലും രോഗിക്ക് മരുന്ന് എഴുതിക്കൊടുക്കുന്നതിലും വേണം അതീവ ശ്രദ്ധ. താന്‍ നിര്‍ദേശിക്കുന്ന മരുന്നു തീര്‍ത്തും അനുയോജ്യമാണോ എന്ന് ഡോക്ടര്‍മാരും നിര്‍ദേശിക്കപ്പെട്ടതു തന്നെയാണോ നല്‍കുന്നതെന്നു നഴ്‌സുമാരും ഉറപ്പു വരുത്തേണ്ടതുണ്ട്.
ഡോക്ടര്‍മാരിലും നഴ്‌സുമാരിലും പൂര്‍ണ വിശ്വാസമര്‍പ്പിച്ചാണു രോഗികളും ബന്ധുക്കളും ആശുപത്രികളെ സമീപിക്കുന്നത്. ഈ വിശ്വാസം കണക്കിലെടുത്തു കൊണ്ടുള്ള സമീപനവും ശ്രദ്ധാപൂര്‍വമായ പരിചരണവുമാണ് ആശുപത്രി അധികൃതരില്‍ നിന്നുണ്ടാകേണ്ടത്.
ചികിത്സയിലെ ഒരു നിമിഷത്തെ അശ്രദ്ധ മൂലം സംഭവിക്കുന്ന നഷ്ടം പിന്നീടൊരിക്കലും പരിഹരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. മിക്ക വിദേശ രാഷ്ട്രങ്ങളും വളരെ ഗൗരവത്തോടെയാണു ചികിത്സയിലെ പിഴവുകളെ കാണുന്നത്.
പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ത്ത ടെമിഡോ രാജിവെച്ചത് ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്നു രോഗി മരിച്ചതിനെ ചൊല്ലിയായിരുന്നു. മന്ത്രി വീണാ ജോർജും മാതൃക പിന്തുടരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us