ബാലുശ്ശേരി അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രവൃത്തി ഉദ്ഘാടനം മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും

New Update
or kelu

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ രാമയ്യര്‍ നഗര്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി 10ന് രാവിലെ 11ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍വഹിക്കും.

Advertisment

ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നഗറില്‍ നടത്തുക. 15 വീടുകളുടെ പുനരുദ്ധാരണം, വീടുകളുടെ വയറിങ്, മൂന്ന് റോഡുകളുടെ നിര്‍മാണം, റോഡുകളുടെ വശങ്ങള്‍ ഭിത്തികെട്ടി സംരക്ഷിക്കല്‍ എന്നീ പ്രവൃത്തികള്‍ ഇതില്‍ ഉള്‍പ്പെടും. 

സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡ് (സില്‍ക്ക്) ഏജന്‍സിക്കാണ് പദ്ധതിയുടെ നിര്‍വഹണചുമതല. പത്ത് മാസമാണ് പൂര്‍ത്തീകരണ കാലാവധി. അഡ്വ. കെ എം സച്ചിന്‍ ദേവ് എംഎല്‍എയുടെ ശിപാര്‍ശ പ്രകാരമാണ് രാമയ്യര്‍ നഗറിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. 

അടിസ്ഥാന സൗകര്യ വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്നതും ഇരുപത്തിയഞ്ചോ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്നതും വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ളതുമായ ഗ്രാമങ്ങളെ തെരഞ്ഞെടുത്ത് ഒരു കോടി രൂപ വരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് അംബേദ്കര്‍ ഗ്രാമം പദ്ധതി.

Advertisment