അമ്പലപ്പുഴ: കെഎസ്ഇബി ഓഫീസിന് സമീപം തീപിടുത്തം. കെഎസ്ഇബി യുടെ കേബിള്‍ കത്തി നശിച്ചു. ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു. വെള്ളിയാഴ്ച രാവിലെ 10.45 ഓടെയാണ് തീപിടുത്തമുണ്ടായത്.
കെഎസ്ഇബിയുടെ തെക്കുഭാഗത്തെ മൈതാനത്ത് തടിയില്‍ നിര്‍മിച്ച 2 ഡ്രമ്മുകളിലായാണ് ലൈന്‍ വലിക്കാനായി ഉപയോഗിക്കുന്ന എബിസി കേബിള്‍ സൂക്ഷിച്ചിരുന്നത്. കുറ്റിക്കാടിന് തീപിടിച്ചപ്പോള്‍ കേബിളിലേക്കും തീ പടരുകയായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ തകഴിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് അര മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്.
ദേശീയ പാതക്കരികിലെ ഈ പ്രദേശം മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. ഇവിടെ എങ്ങനെ തീ പിടുത്തമുണ്ടായെന്ന് വ്യക്തമായിട്ടില്ല. ഒരാഴ്ച മുന്‍പും സമീപത്ത് കാടിന് വലിയ രീതിയില്‍ തീ പിടുത്തമുണ്ടായിരുന്നു.