കെഎസ് യുഎം 'ബിൽഡ് ഫോർ ഇന്ത്യ' ഏജന്റിക് എഐ ഹാക്കത്തോൺ

New Update
PHOTO (1)

കൊച്ചി: സ്വയംനിയന്ത്രിത നിര്‍മ്മിതബുദ്ധി (എഐ) സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്നതാണ്  'ബിൽഡ് ഫോർ ഇന്ത്യ' ഏജന്റിക് എഐ ഹാക്കത്തോൺ. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ ദേശീയതല ഹാക്കത്തോൺ രാജ്യത്തെ തന്നെ ഏറ്റവും വലിയ മത്സരമാകും.

Advertisment

കൊച്ചിയിലെ കേരള സ്റ്റാർട്ടപ്പ് മിഷന്‍ ഡിജിറ്റല്‍ ഹബില്‍ കെഎസ് യുഎം സിഇഒ അനൂപ് അംബിക ഹാക്കത്തോൺ ഉദ്ഘാടനം ചെയ്തു. നൂതനത്വത്തിൽ അധിഷ്ഠിതമായ രാജ്യത്തിൻറെ സാങ്കേതിക വളർച്ചയ്ക്ക് കേരളം നേതൃപരമായ സ്ഥാനമാണ് വഹിക്കുന്നതെന്ന് അനൂപ് അംബിക പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഐ ഡെവലപ്പർമാർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, ഗവേഷകർ, എഐ വൈദഗ്ധ്യമുള്ള വിദ്യാർത്ഥികൾ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.

മനുഷ്യന്റെ ഇടപെടൽ കുറച്ചുകൊണ്ട് കാര്യങ്ങൾ ആസൂത്രണം ചെയ്യാനും തീരുമാനങ്ങൾ എടുക്കാനും സ്വയം പ്രവർത്തിക്കാനും പഠിക്കാനും കഴിവുള്ള എഐ സംവിധാനങ്ങളെയാണ് ഏജന്റിക് എഐ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. നിര്‍മ്മിത ബുദ്ധിയുടെ അടുത്ത പടിയായ ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹാക്കത്തോണിലൂടെ കെഎസ് യുഎം ലക്ഷ്യമിടുന്നത്.

എഐ ഡെവലപ്പർമാർ, സ്റ്റാർട്ടപ്പ് ടീമുകൾ, ഡാറ്റാ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ പഠനം നടത്തുന്ന രണ്ട് മുതൽ അഞ്ച് വരെ അംഗങ്ങളുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. രാജ്യവ്യാപകമായി ലഭിച്ച 700 ടീം അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 62  ടീമുകളാണ് ഹാക്കത്തോണിൽ പങ്കെടുക്കാനെത്തിയത്.

സ്വയം പ്രവർത്തിക്കുന്ന ടാസ്‌ക് ഏജന്റുകൾ, തൊഴിൽ ഓട്ടോമേറ്റ് ചെയ്യുന്ന സംവിധാനങ്ങൾ, പൊതുസേവന രംഗത്തെ പ്രായോഗിക എഐ മാതൃകകൾ, സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്ന ടൂളുകൾ തുടങ്ങിയ മേഖലകളിലാണ് പ്രായോഗിക പരിഹാരമാര്‍ഗങ്ങള്‍ മത്സരാര്‍ഥികള്‍ കണ്ടെത്തേണ്ടത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകൾക്ക് 20 ലക്ഷം രൂപ വീതം ധനസഹായം ലഭിക്കും. പുറമെ ഹാക്കത്തോണിന് ശേഷമുള്ള ഇൻകുബേഷൻ സൗകര്യം, മെന്റർഷിപ്പ്, വ്യവസായ മേഖലയിലെ പ്രമുഖരുമായുള്ള ആശയവിനിമയം, സ്റ്റാർട്ടപ്പ് മിഷൻ വഴിയുള്ള ഫണ്ടിംഗ് അവസരങ്ങൾ എന്നിവയും വിജയികള്‍ക്ക് ലഭ്യമാകും.

Advertisment