മലപ്പുറം: ജ്വല്ലറി ഉടമകളായ സഹോദരങ്ങളെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ നാല് പേർ കസ്റ്റഡിയിൽ. കണ്ണൂർ സ്വദേശികളായ ലിജിൻ രാജൻ, പ്രബിൻലാൽ തൃശൂർ സ്വദേശികളായ സതീശൻ, നിഖിൽ, എന്നിവരാണ് പിടിയിലായത്. തൃശൂർ ഈസ്റ്റ് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
നാല് പേരെയും ചോദ്യം ചെയ്തുവരികയാണ്. സ്വർണം കണ്ടെത്താനായിട്ടില്ല. സംഘത്തിൽ അഞ്ച് പേർ കൂടിയുണ്ടെന്ന് പൊലീസ് അറിയിച്ചു. രണ്ടേകാൽക്കോടിയുടെ സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് തെരച്ചിൽ നടത്തുന്നത്.
ഇന്നലെ രാത്രിയാണ് ജ്വല്ലറി പൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരങ്ങളെ ആക്രമിച്ച് പ്രതികൾ മൂന്നരക്കിലോ സ്വർണം കവർന്നത്. ജ്വല്ലറി ഉടമസ്ഥരായ കിനാതിയിൽ യൂസഫിനെയും ഷാനവാസിനെയുമാണ് മോഷ്ടാക്കൾ ആക്രമിച്ചത്. കാറിലെത്തിയ നാലംഗ സംഘം സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി സ്വർണം കവരുകയായിരുന്നു.