നെക്സ്റ്റ് ജെന്‍ ഫിനാന്‍സ് എഐ സമ്മേളനത്തിന് ടെക്നോപാര്‍ക്കില്‍ തുടക്കം

New Update
Pic-2
തിരുവനന്തപുരം: ഫിനാന്‍സ്-അക്കൗണ്ടിംഗ് മേഖലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗത്തെയും അതിന്‍റെ സ്വാധീനത്തെയും സംബന്ധിച്ചുള്ള രണ്ട് ദിവസത്തെ സമ്മേളനത്തിന് ടെക്നോപാര്‍ക്കില്‍ തുടക്കമായി.
Advertisment


'നെക്സ്റ്റ് ജെന്‍ ഫിനാന്‍സ് എഐ സമ്മിറ്റ് 2026' എന്ന പേരില്‍ നടക്കുന്ന ഈ പരിപാടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎംഎഐ) പ്രൊഫഷണല്‍ ഡെവലപ്മെന്‍റ് ആന്‍ഡ് സിപിഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടെക്നോപാര്‍ക്ക്, ഐസിഎംഎഐയുടെ എസ്ഐആര്‍സിയും തിരുവനന്തപുരം ചാപ്റ്ററും ചേര്‍ന്ന് സംയുക്തമായാണ് സംഘടിപ്പിച്ചിരിക്കുന്നത്.

എഐ ഉപയോഗിച്ച് ഫിനാന്‍സ്-അക്കൗണ്ടിംഗ് മേഖലയെ എങ്ങനെ പുനര്‍നിര്‍മ്മിക്കാം എന്നതാണ് ഫെബ്രുവരി 14,15 തീയതികളില്‍ നടക്കുന്ന ഈ സമ്മേളനത്തിന്‍റെ ലക്ഷ്യം.

'ട്രാന്‍സ് ഫോമിങ് ഫിനാന്‍സ് വിത്ത് എഐ ഫ്രം ഓട്ടോമേഷന്‍ ടു ഇന്‍സൈറ്റ്' എന്ന പ്രമേയത്തിലൂന്നി നടക്കുന്ന സമ്മേളനം എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. ഐസിഎംഎഐ പ്രസിഡന്‍റ് ശ്രീനിവാസ പ്രസാദ് അധ്യക്ഷനായിരുന്നു.

ഉത്തരവാദിത്തത്തോടെയും ശാസ്ത്രീയമായും എഐ ഉപയോഗിച്ച് ഫിനാന്‍സ് മേഖലയെ കൂടുതല്‍ ലളിതമാക്കണമെന്ന് ഫിനാന്‍സ് പ്രൊഫഷണലുകളോട് പ്രേമചന്ദ്രന്‍ നിര്‍ദേശിച്ചു.

ഫിനാന്‍സ് മേഖലയിലെ ജോലികള്‍ മാനുവല്‍ രീതികളില്‍ നിന്ന് വിഭിന്നമായി ഡാറ്റാധിഷ്ഠിത തീരുമാനങ്ങളിലേക്ക് മാറിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ സാങ്കേതികമായും ധാര്‍മ്മികമായും കൂടുതല്‍ പ്രാവീണ്യം ആര്‍ജ്ജിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഈ സമ്മേളനത്തിന് വലിയ പ്രാധാന്യമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

2030 ആകുമ്പോള്‍ രാജ്യത്ത് എഐ സ്വാധീനത്തിലൂടെ നിലവിലുള്ള ജോലികളില്‍ ഏകദേശം 25 ശതമാനത്തോളം ഇല്ലാതാകുമെന്ന് മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. അത്തരം സാഹചര്യം മറികടക്കാന്‍ എഐ വിവേകപൂര്‍വ്വം ഉപയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള സമ്മേളനം സംഘടിപ്പിക്കുന്നതെന്നും ഇത് ഐസിഎംഎഐയുടെ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും ശ്രീനിവാസ പ്രസാദ് പറഞ്ഞു. ഫിനാന്‍സ് മേഖലയില്‍ നടക്കുന്ന അതിവേഗ മാറ്റങ്ങള്‍ക്കനുസരിച്ച് വിദഗ്ധരെയും പ്രൊഫഷണലുകളെയും സജ്ജരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫിനാന്‍സ് രംഗത്ത് എഐ അധിഷ്ഠിത മാനേജ്മെന്‍റ് എന്നത് ചെലവ് നിയന്ത്രണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല, വിഭവങ്ങള്‍ കാര്യക്ഷമമായി വിനിയോഗിക്കുന്നത് സംബന്ധിച്ച് കൂടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഐസിഎംഎഐ തിരുവനന്തപുരം ചാപ്റ്റര്‍ ചെയര്‍മാന്‍ പ്രണവ് ജയന്‍ സ്വാഗതം ആശംസിച്ചു. ഐസിഎംഎഐയിലെ വ്യവസായ പൊതുമേഖലാ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ആര്‍ ഗുഞ്ചാലി, ഐസിഎംഎഐയുടെ എസ്ഐആര്‍സി റീജിയണല്‍ കൗണ്‍സില്‍ അംഗങ്ങളായ ഗോമതി ശങ്കര്‍, പ്രവീണ്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഫിനാന്‍സ് മേഖലയിലെ വിദഗ്ധര്‍, വ്യവസായ നേതാക്കള്‍, അക്കാദമിക് വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഈ സമ്മേളനം അറിവ് പങ്കിടുന്നതിനും മുന്നോട്ടുള്ള ചര്‍ച്ചകള്‍ക്കുമുള്ള വേദിയാണ്.

ഉദ്ഘാടന ദിവസം ഫിനാന്‍സ് ഓട്ടോമേഷന്‍, ഗൂഗിള്‍ ആപ്സ്, സ്ക്രിപ്റ്റ്, വിബിഎ ഓട്ടോമേഷന്‍ ആന്‍ഡ് വൈബ് കോഡിംഗ് തുടങ്ങിയ വിഷയങ്ങളില്‍ സെഷനുകളും റോബോട്ടിക് ഷോയും നടന്നു.

രണ്ടാം ദിവസം ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ്, റിസ്ക് അനാലിസിസ്, കോസ്റ്റിംഗ് ഡിജിറ്റല്‍ മോഡല്‍ തുടങ്ങിയ വിഷയങ്ങളിലുള്ള സെഷനുകള്‍ നടക്കും.

രണ്ട് ദിവസത്തെ പരിപാടിയില്‍ ഇന്‍ററാക്ടീവ് സെഷനുകള്‍, ലൈവ് ഡെമോണ്‍സ്ട്രേഷനുകള്‍, വിദഗ്ധര്‍ നയിക്കുന്ന ചര്‍ച്ചകള്‍ എന്നിവ ഉണ്ടാകും.

Advertisment