/sathyam/media/media_files/6fyCTppftlmNIYdPGkLD.jpg)
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയേയും മുന്നണിയേയും വിവാദത്തിലാക്കിയ സംഭവങ്ങൾക്ക് ഉത്തരവാദികൾ മുതിർന്ന നേതാക്കൾ തന്നെയെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം. പ്രധാന നേതാക്കൾ ജാഗ്രതയില്ലാതെ പൊതുവേദികളിൽ നടത്തയ പ്രതികരണങ്ങളാണ് തിരിച്ചടിയായതെന്നാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന വിമർശനം. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻമാസ്റ്റർ കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ എന്നിവരുടെ പേര് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ വിമർശിച്ചത്.
നേതാക്കൾ ന തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ വിവാദ പ്രതികരണങ്ങൾ എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു വിമർശനം. തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമായ കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ട സംസ്ഥാന കമ്മിറ്റിയിൽ മുതിർന്ന നേതാക്കൾക്കെതിരെ ഉയർന്ന ശബ്ദം ശ്രദ്ധേയമായിരുന്നു. പൊതു വേദിയിൽ സംസാരിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രതയെപ്പറ്റി ഓർമ്മപ്പെടുത്തുന്ന നിർദ്ദേശങ്ങൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കമ്മിറ്റി തയാറാക്കിയ മാർഗനിർദ്ദേശ രേഖയിൽ എടുത്ത് പറഞ്ഞിരുന്നു. അക്കാര്യം പരാമർശിച്ച് കൊണ്ടാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുതിർന്ന നേതാക്കൾക്കെതിരെ തിരിഞ്ഞത്.
പ്രതികരണങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന കമ്മിറ്റിയെ ഉപദേശിച്ച നേതാക്കൾതന്നെ അത് ലംഘിച്ചതിൻെറ ഫലമാണ് തിരഞ്ഞെടുപ്പ് കാലത്ത് തിരിച്ചടി ഉണ്ടാക്കിയ വിവാദങ്ങളെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. പാർട്ടിയിലെ മറ്റ് നേതാക്കൾക്ക് ആകെ മാതൃകയായി പ്രവർത്തിക്കേണ്ട മുതിർന്ന നേതാക്കൾ തന്നെ അതിന് വിഘാതമായി പ്രവർത്തിച്ചുവെന്നും വിമർശനം ഉയർന്നു.
യോഗങ്ങളിൽ സംസാരിക്കുമ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴും ഈ ലോകത്തോട് ആകെയാണ് സംസാരിക്കുന്നത് എന്ന കാര്യം നേതാക്കൾ മറന്നു. ഈ ജാഗ്രതക്കുറവാണ് വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയതെന്നും അംഗങ്ങൾ വിമർശിച്ചു. എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിനെതിരെയും സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷമായ വിമർശനമാണ് നടന്നത്. സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയ്ക്ക് എതിരെയായിരുന്നു സംഘടിത വിമർശനം. സംഘടനയുടെ ആദർശത്തിനും രീതികൾക്കും നിരക്കാത്ത പ്രതികരണമാണ് ആർഷോയിൽ നിന്ന് ഉണ്ടാകുന്നതെന്നായിരുന്നു വിമർശനം.
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥൻെറ മരണവുമായി ബന്ധപ്പെട്ട് ആർഷോ നടത്തിയ പ്രതികരണങ്ങൾ വിപരീതഫലം ഉണ്ടാക്കിയതായും വിമർശിക്കപ്പെട്ടു. പ്രായപരിധി നോക്കി എസ്.എഫ്.ഐ നേതൃത്വത്തിൽ ഭാരവാഹികളെ നിശ്ചയിച്ചതിൻെറ പ്രതിഫലനാണ് ഇപ്പോൾ കാണുന്നത്. എസ്.എഫ്.ഐയുടെ നേതൃതലത്തിൽ ശക്തമായ തിരുത്തൽ വേണ്ടതുണ്ട്. ആ നടപടികൾക്ക് പാർട്ടി നേതൃത്വത്തിൻെറ മേൽനോട്ടം ഉണ്ടാകണമെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ സംസ്ഥാനമാകെ കനത്ത തോൽവി ഏറ്റുവാങ്ങിയതിനാൽ ഓരോ മണ്ഡലങ്ങളിലെയും തോൽവിയെക്കുറിപ്പ് പ്രത്യേകം പ്രത്യേകം അന്വേഷിക്കേണ്ടതില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
വോട്ടിങ്ങിൽ ദൃശ്യമായ പ്രവണതകൾ, വോട്ട് ഏത് ഭാഗത്തേക്കാണ് ചോർന്ന് പോയത് എന്നതെല്ലാം സുവ്യക്തമായി വെളിപ്പെട്ടിരുക്കുന്നതിനാൽ വീണ്ടും പരിശോധന നടത്തി സമയം പാഴാക്കേണ്ടതില്ലെന്നാണ് ധാരണ. എന്നാൽ ഈ കനത്ത തിരിച്ചടി മുൻകൂട്ടി കാണാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് ബൂത്ത് തലം വരെ പരിശോധിക്കും.
താഴെത്തട്ടിൽ നിന്നുളള കണക്ക് വിലയിരുത്തിയാണ് നേതൃത്വം ജയപ്രതീക്ഷ പുലർത്തിയത്. എന്നാൽ ആ കണക്കെല്ലാം അപ്പടി തെറ്റി. ഇതെങ്ങെനെ സംഭവിച്ചുവെന്ന് ആഴത്തിൽ പരിശോധിക്കാനാണ് തീരുമാനം. പാർട്ടിയുടെ കുടുംബയോഗത്തിന് വന്നവരുടെ എണ്ണത്തിന് ആനുപാതികമായി വോട്ട് കിട്ടാത്ത ബൂത്തുകളുണ്ട്. പാർട്ടി അണികളുടെയും അംഗങ്ങളുടെയും വരെ വോട്ട് ചോർന്നതിൻെറ തെളിവായാണ് ഇതിനെ കാണുന്നത്. ക്ഷേമപെൻഷൻ പോലുളള ആനുകൂല്യങ്ങൾ മുടങ്ങിയതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ. മേഖലാ യോഗങ്ങളും ബൂത്ത്തലം വരെയുളള പരിശോധനയും ജൂലൈ 15ന് അകം പൂർത്തിയാക്കും. ജൂലൈ 17നും 18നും സംസ്ഥാന കമ്മിറ്റി ചേർന്ന് പുതിയ മാർഗരേഖ തയാറാക്കാനാണ് ധാരണ.