സംസ്കൃത സര്‍വ്വകലാശാലയെ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തണം : ഡോ. ആര്‍. ബിന്ദു

New Update
Photo1 - Amenity Centre Inauguration

കാലടി :ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ സവിശേഷമായ സാമൂഹ്യദൗത്യം തിരിച്ചറിഞ്ഞുകൊണ്ട് സര്‍വ്വകലാശാലയെ ലോകോത്തര നിലവാരത്തിലേയ്ക്കു് ഉയര്‍ത്തുവാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല കേരള സര്‍ക്കാരിന്റെ പ്ളാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച അമിനിറ്റി സെന്റര്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ സി. എസ്. ആര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആംഫി തീയറ്റര്‍, സര്‍വ്വകലാശാലയിലെ ആര്‍ട്ട് ഗാലറി ആന്‍ഡ് എക്സിബിഷന്‍ സെന്റര്‍, പുതുതായി തുടങ്ങുന്ന ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം, "രൂപകല്പന" ആശയാവതരണ പ്രോഗ്രാം എന്നിവയുടെ ഉദ്ഘാടനം കാലടി മുഖ്യ കാമ്പസിലെ യൂട്ടിലിറ്റി സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഡോ. ആര്‍. ബിന്ദു. 

Advertisment

Photo2- Stage Photo

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സാമൂഹ്യനീതി സങ്കല്പനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. ഗവേഷണ മേഖലയെ ശാക്തീകരിച്ച് ഗുണമേന്മ വര്‍ദ്ധിപ്പിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആവിഷ്ക്കരിച്ച നിരവധിയായ പദ്ധതികളിലൂടെ കാലത്തിനനുസൃതമായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നവവൈജ്ഞാനിക നിര്‍മ്മിതി നടത്തുവാന്‍ സര്‍ക്കാരിന് കഴിഞ്ഞു, മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.

വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ് അധ്യക്ഷയായിരുന്നു. അമിനിറ്റി സെന്ററിന്റെയും, ആംഫി തീയറ്ററിന്റെയും നിര്‍മ്മാണ ചുമതല നിര്‍വ്വഹിച്ച കോസ്റ്റ്ഫോര്‍ഡിന്റെ സീനിയര്‍ പ്രൊജക്ട് ഡയറക്ടര്‍ ടി. കെ. സ്കന്ദകുമാര്‍, ആംഫി തീയറ്ററിന്റെ നിര്‍മ്മാണത്തിന് ധനസഹായം നല്‍കിയ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സജി കെ. ജോര്‍ജ് എന്നിവര്‍ക്ക് മന്ത്രി ഡോ. ആര്‍. ബിന്ദു ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ് സര്‍വ്വകലാശാലയുടെ സ്നേഹോപഹാരം മന്ത്രി ആര്‍. ബിന്ദുവിന് നല്‍കി.

സിന്‍ഡിക്കേറ്റ് അംഗവും വര്‍ക്ക്സ് ആന്‍ഡ് പര്‍ച്ചേസ് സ്ഥിരം സമിതി കണ്‍വീനറുമായ ഡോ. ബി. അശോക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിന്‍ഡിക്കേറ്റ് അംഗവും സംഘാടക സമിതി ചെയര്‍പേഴ്സണുമായ അഡ്വ. കെ. എസ്. അരുണ്‍കുമാര്‍, സിന്‍ഡിക്കേറ്റ് അംഗവും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ആര്‍. അജയന്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എം. സത്യന്‍, ഡോ. മാത്യൂസ് ടി. തെള്ളി, ഡോ. വി. ലിസി മാത്യു, ഡോ. ടി. മിനി, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വി. സ്റ്റീഫന്‍, ക്യാമ്പസ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ ശ്യാംജിത് കെ., കോസ്റ്റ്ഫോര്‍ഡ് സീനിയര്‍ പ്രൊജക്ട് ഡയറക്ടര്‍ ടി. കെ. സ്കന്ദകുമാര്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സജി കെ. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. സര്‍വ്വകലാശാലയിലെ നൃത്തവിഭാഗം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്താര്‍ച്ചന നടന്നു.

Advertisment