യു.ഡി.എഫിനെ ഞെട്ടിച്ച് എന്‍എസ്‌എസ് - എസ്.എന്‍ഡിപി കൈകോര്‍ക്കല്‍. ഭൂരിപക്ഷ സമുദായ നേതാക്കളെ അലോസരപ്പെടുത്തുന്നത് യുഡിഎഫ് രാഷ്ട്രീയത്തില്‍  ലീഗിന്‍റെ അപ്രമാദിത്യം. മുസ്ളിം മേധാവിത്വത്തിനെതിരായ നീക്കത്തിൽ ക്രൈസ്തവ സഭകളേകൂടി ഒപ്പം നിര്‍ത്താനും ശ്രമം. സുകുമാരന്‍ നായര്‍ - വെള്ളാപ്പള്ളി കൂട്ടുകെട്ട്  മൂപ്പിളമ തര്‍ക്കത്തില്‍പെട്ട് അല്‍പായുസായി തകരുന്നതും ചരിത്രം

ഹൈന്ദവ സമുദായത്തിലെ രണ്ട് പ്രബല സമുദായങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യോജിക്കാവുന്ന വിഷയങ്ങളിൽ ഐക്യപ്പെടുന്നത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ പ്രതിഫലനങ്ങള്‍ ഉണ്ടാക്കുമെന്നുറപ്പാണ്

New Update
sukumaran-nair

തിരുവനന്തപുരം : കേരളത്തിലെ പ്രബല സമുദായ സംഘടനകളായ നായർ സർവീസ് സൊസൈറ്റിയും (എൻ.എസ്.എസ്) ശ്രീനാരായണ ധർമ്മ പരിപാലന യോഗവും (എസ്.എൻ.ഡി.പി) കൈകോർക്കുന്നത് കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും.

Advertisment

sukumaran-nair

ഹൈന്ദവ സമുദായത്തിലെ രണ്ട് പ്രബല സമുദായങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യോജിക്കാവുന്ന വിഷയങ്ങളിൽ ഐക്യപ്പെടുന്നത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ പ്രതിഫലനങ്ങള്‍ ഉണ്ടാക്കുമെന്നുറപ്പാണ്. 

രണ്ട് പ്രബല സമുദായങ്ങൾ ഒന്നിച്ചു നിൽക്കുമ്പോൾ സർക്കാരുകൾക്ക് മേലും മുന്നണികൾക്കുമേലും ശക്തമായ സമ്മർദ്ദം ചെലുത്താൻ സാധിക്കുമെന്നാണ് ഭൂരിപക്ഷ സമുദായ നേതാക്കളുടെ കണക്കുകൂട്ടല്‍. 

Pinarayi

സംവരണം, ദേവസ്വം ബോർഡ് നിയമനങ്ങൾ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ എന്നിവയിൽ തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനായിരിക്കും പ്രധാനമായും ഈ ഐക്യം ശ്രമിക്കുന്നത്. 

കേരളത്തിലെ വോട്ട് വിഹിതത്തിൽ വലിയൊരു ശതമാനം കൈയാളുന്ന ഈ വിഭാഗങ്ങൾ ഒന്നിച്ചാൽ ഏത് മുന്നണിയുടെയും ജയപരാജയങ്ങളെ നിർണ്ണയിക്കാൻ സാധിക്കുമെന്നതാണ് നിർണായകം.

മുന്നണി രാഷ്ട്രീയത്തിൽ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ലഭിക്കുന്ന പരിഗണന തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന പരാതി ഇരു സംഘടനകൾക്കുമുണ്ട്. ഇത് നേരിടാൻ ഒന്നിച്ചു നിൽക്കുക എന്നത് ഇവരുടെ തന്ത്രമാണ്. 

sukumaran nair nss

പ്രത്യക്ഷത്തിൽ തന്നെ മുസ്ളിം മേധാവിത്വത്തിനെതിരായ നീക്കത്തിൽ ക്രൈസ്തവ സഭകളുടെ പിന്തുണകൂടി ലഭിച്ചാൽ രാഷ്ട്രീയ കേരളത്തിലെ ഏറ്റവും അപകടകരമായ സഖ്യമായി എൻ.എസ്.എസ് - എസ്.എൻ.ഡി.പി ബന്ധം മാറുമെന്ന് തീർച്ചയാണ്. 

nss

ഹിന്ദു സമൂഹത്തിലെ വിവിധ തട്ടിലുള്ളവർ ഒന്നിക്കുന്നത് ഒരു വലിയ സാമൂഹിക ശക്തിയായി മാറാൻ സഖ്യത്തെ സഹായിക്കും.

സാമ്പത്തിക സംവരണം (EWS), മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവർക്കുള്ള ആനുകൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ രണ്ടു സംഘടനകൾക്കും സമാനമായ നിലപാടുകൾ സ്വീകരിക്കാൻ എളുപ്പമാണ്. 

നിയമസഭാ തിരഞ്ഞെടുപ്പുകളിലും മറ്റും നിർണ്ണായകമായ 'ബ്ലോക്ക് വോട്ടുകൾ' രൂപീകരിക്കാൻ ഈ ഐക്യത്തിലൂടെ സാധിക്കും. എന്നാൽ പ്രബല സമുദായ സംഘടനകളുടെ ഐക്യപ്പെടലിന് ചില ദോഷങ്ങൾ കൂടിയുണ്ട്.

Vellappally Nadesan

രണ്ട് സമുദായ സംഘടനകളുടെയും സഹജമായ പ്രത്യേകതകൾ കൊണ്ടുതന്നെ ഐക്യം പലപ്പോഴും ദീർഘകാലം നിലനിൽക്കാറില്ല. അതിന് ചരിത്രപരമായ കാരണങ്ങളുമുണ്ട്.

പുരോഗമന കേരളമെന്ന് അവകാശപ്പെടാറുണ്ടെങ്കിലും സവർണ്ണ-അവർണ്ണ ചരിത്ര പശ്ചാത്തലവും ജാതീയമായ വേർതിരിവുകളും ഇന്നും പൂർണ്ണമായി മാറിയിട്ടില്ല.

ആചാരങ്ങളിലും വിശ്വാസങ്ങളിലും ഉള്ള വ്യത്യാസങ്ങൾ പലപ്പോഴും സഖ്യത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്നു.

വിവിധ വിഷയങ്ങളിൽ ഇരു സംഘടനകൾക്കുമുളള നിലപാടുകളും സഖ്യത്തിൻെറ ഭാവിയെപ്പറ്റി ആശങ്കയുയർത്തുന്നു.

എസ്.എൻ.ഡി.പി പിന്നാക്ക സംവരണത്തിന് വേണ്ടി വാദിക്കുമ്പോൾ, എൻ.എസ്.എസ് പലപ്പോഴും സാമ്പത്തിക സംവരണത്തിനോ അല്ലെങ്കിൽ സംവരണ വിരുദ്ധ നിലപാടുകൾക്കോ മുൻഗണന നൽകുന്നുണ്ട്.

vellappally

ഇത് സഖ്യത്തിന് മുന്നിലുളള ആശയപരമായ വലിയൊരു തടസ്സമാണ്. ഇരു സംഘടനകളിലെയും നേതാക്കളുടെ രാഷ്ട്രീയ ചായ്‌വുകൾ വ്യത്യസ്തമായിരിക്കും.

 ഒരാൾ ഇടതിനെയോ മറ്റൊരാൾ വലതിനെയോ അല്ലെങ്കിൽ ബിജെപിയെയോ പിന്തുണയ്ക്കുന്നത് ഐക്യത്തിന് ഭീഷണിയാണ്. രാഷ്ട്രീയമില്ലെന്ന് ഇരുസമുദായ സംഘടനകൾ ആവർത്തിച്ച് അവകാശപ്പെടുക പതിവാണെങ്കിലും രാഷ്ട്രീയ താൽപര്യങ്ങൾ പലപ്പോഴും വ്യക്തമാകാറുണ്ട്.

സമുദായ നേതൃത്വത്തെ നയിക്കുന്നവർക്ക് ഇടയിൽ ഉടലെടുക്കാൻ സാധ്യതയുളള ഈഗോയും മൂപ്പിളമ തർക്കവും എൻ.എസ്.എസ് - എസ്.എൻ.ഡി.പി സഖ്യത്തിൻെറ മുന്നോട്ടുളള പോക്കിന് മുന്നിൽ ഭീഷണിയാണ്.

 യോജിച്ചുളള നീക്കത്തെ ആര് നയിക്കും എന്നതും, ആരുടെ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടത് എന്നതിലും നേതാക്കൾക്കിടയിൽ തർക്കങ്ങൾ പതിവാകാനാണ് സാധ്യത.

muslim league kerala flag

യു.ഡി.എഫ് ഭരണത്തിൽ മുസ്ളിം ലീഗിന് മേധാവിത്വം ലഭിക്കുമെന്നതാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനും ആരോപിക്കുന്നത്.

അതാണ് നായാടി മുതൽ നസ്രാണി വരെയുളള മുദ്രാവാക്യത്തിന് പിന്നിലുളള രാഷ്ട്രീയം. കേരളത്തിലെ ബിജെപിയും സംഘപരിവാർ സംഘടനകളും ഉയർത്തുന്ന അതേ ആരോപണമാണിത്.

ബിജെപിയുടെ ശബ്ദത്തിൽ രണ്ട് പ്രബല സമുദായ സംഘടനകളുടെ നേതൃത്വവും നിലപാട് എടുക്കുന്നതിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടുളള എതിർപ്പാണ്.

vd satheesan press meet-4

പൊതുശത്രുവിനെ തകർക്കാൻ ഒന്നിക്കുമ്പോഴും ബിജെപിയുടെ മെഗാഫോണായി മാറേണ്ടി വരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെക്കും.

bjp

 എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യം എന്നത് കേരളത്തിൽ കാലാകാലങ്ങളായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണെങ്കിലും, ജി സുകുമാരൻ നായർ - വെള്ളാപ്പള്ളി നടേശൻ സഖ്യങ്ങൾ പലപ്പോഴും താൽക്കാലികമായ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു എന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. 

ആശയപരമായ വ്യക്തതയേക്കാൾ ഉപരിയായി, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിലെ സമ്മർദ്ദ തന്ത്രമായാണ് ഇത് പലപ്പോഴും വിലയിരുത്തപ്പെടുന്നത്. കേരളത്തിലെ ഈ രണ്ട് സമുദായ സംഘടനകൾ ഒന്നിച്ചുനിൽക്കാൻ ശ്രമിച്ച മുൻകാല നീക്കങ്ങളും അവയുടെ ഗതിയും പരിശോധിക്കുന്നത് ഈ രാഷ്ട്രീയത്തെ കൂടുതൽ വ്യക്തമാക്കും. 

sndp

വിവിധ ഹൈന്ദവ സംഘടനകളെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഒന്നായിരുന്നു ഹിന്ദു പാർലമെന്റ്.

എൻ.എസ്.എസ്സും എസ്.എൻ.ഡി.പിയും ഇതിൽ സജീവമായിരുന്നു. രാഷ്ട്രീയ പാർട്ടികൾ ഹിന്ദു സമൂഹത്തിന്റെ ആവശ്യങ്ങൾ അവഗണിക്കുന്നു എന്ന പരാതിയിൽ നിന്നാണ് ഇത് രൂപം കൊണ്ടത്. 

ദേവസ്വം ബോർഡിലെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കുക, ക്ഷേത്ര ഭരണത്തിൽ വിശ്വാസികൾക്ക് പ്രാധാന്യം നൽകുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. 

രാഷ്ട്രീയമായ ചായ്‌വുകൾ തന്നെയാണ് ഇതിനും വിനയായത്. ചില നേതാക്കൾ ബി.ജെ.പി/ആർ.എസ്.എസ് അനുകൂല നിലപാട് സ്വീകരിച്ചപ്പോൾ, എൻ.എസ്.എസ് പോലുള്ള സംഘടനകൾ തങ്ങളുടെ 'സമദൂര സിദ്ധാന്തത്തിൽ' ഉറച്ചുനിന്നു. 

ഇത് സംഘടനയ്ക്കുള്ളിൽ ഭിന്നതയുണ്ടാക്കി. പല കാലത്തും ശിവഗിരി തീർത്ഥാടന വേദി എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യ പ്രഖ്യാപനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

 ഏതാനും വർഷങ്ങൾക്ക് മുൻപ് ഇരുവരും ചേർന്ന് നടത്തിയ സംയുക്ത പ്രസ്താവനകൾ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു.

 ഇതിനെ 'നാലാം മുന്നണി' എന്നൊക്കെ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നു. ഈ ഐക്യത്തിന്റെ ഫലമായാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി വെള്ളാപ്പള്ളി നടേശൻ അടുക്കുന്നതും പിന്നീട് ബി.ഡി.ജെ.എസ്  എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതും. 

bdjs and bjp

എന്നാൽ, എൻ.എസ്.എസ് രാഷ്ട്രീയ പാർട്ടി രൂപീകരണത്തെ എതിർക്കുകയും തങ്ങൾ രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ ആ ഐക്യം പെട്ടെന്നുതന്നെ തകർന്നു.

nss

അതേസമയതന്നെ , കേരളത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്ക് ഈ രണ്ട് സമുദായങ്ങൾക്കിടയിലും കൃത്യമായ വേരോട്ടമുണ്ട്. സമുദായ നേതാക്കൾ ഒന്നിച്ചാലും താഴെത്തട്ടിലുള്ള അണികൾ തങ്ങളുടെ രാഷ്ട്രീയ പാർട്ടികളെ ഉപേക്ഷിക്കാൻ തയ്യാറാകാറില്ല.

Advertisment