/sathyam/media/media_files/2026/01/31/loka-kerala-sabha-2026-01-31-16-54-59.jpg)
തിരുവനന്തപുരം: ഖജനാവിലെ കോടികൾ ചെലവിട്ട് ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ആശങ്കകളും പ്രതീക്ഷകളും പങ്കുവയ്ക്കാനായി നടത്തിയ ലോകകേരള സഭയിൽ നടന്നത് ആരെയും അമ്പരപ്പിക്കുന്ന ചർച്ചകളും ആവശ്യങ്ങളും. നഴ്സിംഗ് കോഴ്സുകളുടെ കാലാവധി കുറയ്ക്കണമെന്നായിരുന്നു അതിലൊരു ആവശ്യം
. കോഴിക്കോടിനെയും ആഫ്രിക്കയിലെ സാഹിത്യ നഗരങ്ങളെയും ബന്ധിപ്പിച്ച് 'കൾച്ചറൽ കോറിഡോർ' സ്ഥാപിക്കണമെന്നും നിർദേശമുയർന്നു. വിദേശത്ത് കേരളത്തിന്റെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ സ്ഥാപിക്കണമെന്നായിരുന്നു ഒരുവിഭാഗം പ്രതിനിധികളുടെ ആവശ്യം. യാഥാർത്ഥ്യ ബോധമില്ലാത്ത ആവശ്യങ്ങളും ചർച്ചയുമായിരുന്നു അഞ്ചാം ലോക കേരള സഭയിൽ ഭൂരിഭാഗവും നടന്നത്.
അതേസമയം, പശ്ചിമേഷ്യയും ആഫ്രിക്കയും മുതൽ അമേരിക്ക വരെയുള്ള ഇടങ്ങളിൽ നിന്നുള്ളവരും, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായ പ്രവാസി പ്രതിനിധികൾ കേരളത്തിന്റെ വികസനത്തിനും പ്രവാസികളുടെ സുരക്ഷയ്ക്കുമായി വിപുലമായ നിർദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. പ്രവാസികളുടെ മക്കൾക്ക് പി.എസ്.സി സംവരണം നൽകണം, ഗൾഫ് രാജ്യങ്ങളിൽ കേരളത്തിന്റെ ഹെൽത്ത് ടൂറിസം പ്രോത്സാഹിപ്പിക്കാൻ എംബസികളുമായി ചേർന്ന് പ്രവർത്തിക്കണം, കണ്ണൂർ എയർപോർട്ടിലെ മാതൃകയിൽ എല്ലാ വിമാനത്താവളങ്ങളിലും ഭക്ഷ്യസംസ്‌കരണ സംവിധാനം ഒരുക്കണം എന്നിങ്ങനെ ആവശ്യങ്ങളുണ്ടായി.
/sathyam/media/post_attachments/samakalikamalayalam/2025-12-21/5yisor8x/loka-Kerala-Sabha-230105.jpg?w=1200&h=675&auto=format%2Ccompress&fit=max&enlarge=true)
കേരളത്തിൽ നിന്ന് ചൈനയിലേക്കും ജപ്പാനിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കണമെന്നും ആവശ്യമുയർന്നു. ഡൽഹിയിലും കൊൽക്കത്തയിലും കേരളം സാംസ്‌കാരിക കേന്ദ്രങ്ങൾ സ്ഥാപിക്കണം, ഹൈദരാബാദ് - തിരുവനന്തപുരം റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ വേണം, കേരളത്തിന്റെ പ്രീയപ്പെട്ട എഴുത്തുകാരൻ ഒ. വി. വിജയൻ അവസാനമായി താമസിച്ചിരുന്നത് ഹൈദരാബാദിൽ ആണ്.
അദ്ദേഹത്തിന്റെ കൈയെഴുത്തുപ്രതികളും കാർട്ടൂണുകളും ശേഖരിച്ച് ഒ. വി. വിജയൻ സ്മാരകത്തിലേക്ക് മാറ്റാൻ സർക്കാർ ഇടപെടണം- അവിടെ നിന്നുള്ള പ്രതിനിധികൾ ആവശ്യപ്പെട്ടു. നോർക്ക ഐഡി കാർഡ് ഒസിഐ കാർഡ് ഹോൾഡർമാർക്കും ലഭ്യമാക്കുക, റിക്രൂട്ട്മെന്റ് ഏജൻസികളുടെ പ്രവർത്തനം സുതാര്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം 'ഓപ്പറേഷൻ ശുഭയാത്ര' വഴി അനധികൃത റിക്രൂട്ട്മെന്റുകൾ കർശനമായി തടയണമെന്ന നിർദ്ദേശവും ഉയർന്നു.
വിദേശ വിദ്യാർത്ഥികളെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കാൻ പുതിയ കോഴ്‌സുകൾ ആരംഭിക്കണം. കംബോഡിയ പോലുള്ള രാജ്യങ്ങളിൽ പ്രവാസികളെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്ന ധാരാളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കണക്കിലെടുത്ത് ബോധവൽക്കരണം ശക്തമാക്കണം. വിദേശ രാജ്യങ്ങളിലെ നിയമങ്ങളും സംസ്‌കാരവും സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് മുൻകൂട്ടി പരിശീലനം നൽകണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രവാസി നിക്ഷേപങ്ങളെ കേരളത്തിന്റെ വികസനവുമായി ബന്ധിപ്പിക്കാൻ പുതിയ സാധ്യതകളാണ് ചർച്ചകൾ തുറന്നിട്ടത്.
/sathyam/media/post_attachments/img/2-652460.jpg)
പ്രവാസി സംരംഭകർക്കായി എൻആർഐ എയ്ഞ്ചൽ ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം രൂപീകരിക്കുക, ടൂറിസം മേഖലയിൽ 'കേരള ബ്രാൻഡ്' ഫ്രാഞ്ചൈസികൾ വികസിപ്പിക്കുക തുടങ്ങിയ ആശയങ്ങൾ ചർച്ചയായി. ഹൈസ്പീഡ് റെയിൽ കണക്റ്റിവിറ്റിയുടെയും ടൂറിസം മേഖലയുടെ വികസനവും സാധ്യതകളും ചർച്ചയായി. പ്രവാസികൾക്ക് ഗ്രാമതലത്തിൽ നിക്ഷേപം നടത്താൻ അവസരമൊരുക്കണം.
മലയാള ഭാഷയെയും സംസ്‌കാരത്തെയും ആഗോളതലത്തിൽ വളർത്താൻ വിപുലമായ സാംസ്‌കാരിക പദ്ധതികളും പ്രതിനിധികൾ നിർദ്ദേശിച്ചു. പ്രവാസി വിദ്യാർത്ഥികൾക്കായി ആഗോള യുവജനോത്സവം സംഘടിപ്പിക്കുക, കുടിയേറ്റ ചരിത്രത്തിന്റെ ഡിജിറ്റൽ ആർക്കൈവ് തയ്യാറാക്കുക, യുനെസ്‌കോ സാഹിത്യ നഗരങ്ങളുമായി ചേർന്ന് മലയാള സാഹിത്യോത്സവങ്ങൾ നടത്തുക എന്നിവ ഇതിൽ പ്രധാനമാണ്.
ജെഎൻയു പോലുള്ള സർവകലാശാലകളിൽ മലയാളം ചെയർ സ്ഥാപിക്കുന്നതിനൊപ്പം പ്രവാസി എഴുത്തുകാർക്ക് സാഹിത്യ അക്കാദമിയുമായി ബന്ധപ്പെടാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്ന ആവശ്യവും പ്രതിനിധികൾ മുന്നോട്ടുവെച്ചു. ജർമ്മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഭാഷാ പരീക്ഷകളുടെ വ്യാജ സർട്ടിഫിക്കറ്റുകൾ തടയാൻ നോർക്ക ഇടപെടണമെന്നും ഒറ്റപ്പെടൽ അനുഭവിക്കുന്ന പ്രവാസികൾക്കായി നോർവേ മാതൃകയിൽ 'ഹ്യൂമൻ ലൈബ്രറി' പോലുള്ള പ്ലാറ്റ്ഫോമുകൾ ഒരുക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us