കോട്ടയം: ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലം മാറ്റം സംബന്ധിച്ച് മെയ് 19 നുള്ളില്‍ പ്രൊവിഷണല്‍ ട്രാന്‍സ്ഫര്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇതു പരിശോധിക്കാന്‍ ഒരാഴ്ച സമയം നല്‍കിയശേഷം അന്തിമ സ്ഥലം മാറ്റപ്പട്ടിക മെയ് 26 ഓടെ പ്രസിദ്ധീകരിക്കാനാണു വിദ്യഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി സ്ഥലം മാറ്റവും നിയമനവും നേരത്തെ പ്രഖ്യാപിച്ച പോലെ കൈറ്റിന്റെ കൂടെ മേല്‍നോട്ടത്തില്‍ മെയ് 31 നകം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. മെയ് 3 വരെയാണു ട്രാന്‍സ്ഫറിന് അപേക്ഷിക്കാന്‍ സമയം നല്‍കിയിരുന്നത്.
ഇതിന്റെ ഭാഗമായി 8204 അധ്യാപകരുടെ അപേക്ഷകളാണു പ്രിന്‍സിപ്പല്‍മാര്‍ അംഗീകരിച്ച് അയച്ചത്. ഇതില്‍ മുന്നൂറ്റി അമ്പത്തിയേഴ് അപേക്ഷകര്‍ അനുകമ്പാര്‍ഹമായ മുന്‍ഗണന ലഭിക്കേണ്ട വിഭാഗത്തിലാണ് അപേക്ഷിച്ചിരിക്കുന്നത്. ഇവരുടെ അപേക്ഷകള്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചാണു നടപടിയെടുക്കുക.
ഇക്കുറി അധ്യാപകര്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നതില്‍ വരുത്തുന്ന തെറ്റുകള്‍ ട്രാന്‍സ്ഫര്‍ പ്രക്രിയയെ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഏപ്രില്‍ 7 മുതല്‍ 16 വരെ ഇതിനായി സമയം നല്‍കിയിരുന്നു. പിന്നീട് സമയം ഏപ്രില്‍ 21 വരെ ദീര്‍ഘിപ്പിച്ചിരുന്നു.
ഈ സമയപരിധിയിലും വ്യക്തി വിവരങ്ങള്‍ കൃത്യമായി നല്‍കാത്ത അധ്യാപകര്‍ക്ക് ആദ്യം ഏപ്രില്‍ 28നും 29നും പിന്നീട് ഏപ്രില്‍ 30 നും മെയ് 2നും ഹെല്‍പ്പ് ഡെസ്‌കില്‍ നേരിട്ടു വന്നു തിരുത്താനും അവസരം നല്‍കി.
ഇതോടെ നാന്നൂറിലധികം അധ്യാപകരാണു നേരിട്ടു വന്നു തെറ്റു തിരുത്തിയത്. ഇക്കുറി ആദ്യമായി കൃത്യമായ ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്കു സൗകര്യമേര്‍പ്പെടുത്തിയിരുന്നു. ഇതോടെ ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ വിവിധ വിഷയങ്ങളില്‍ ലഭ്യമായ ഒഴിവുകള്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പോര്‍ട്ടലില്‍ കൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.