ഇനി തൈരുണ്ടാക്കാൻ പാൽ പിരിയാൻ കാത്തിരിക്കണ്ട; പാൽ പിരിക്കാതെയും തൈരുണ്ടാക്കാം; നൂതന കണ്ടുപിടിത്തത്തിന് പേറ്റന്റ് നേടി വെറ്ററിനറി സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ

നൂതനമായ പുളിപ്പിച്ച പാലുൽപ്പന്നങ്ങളുടെ നിർമ്മാണത്തിലൂടെ വളരെയധികം സംഭാവനകൾ ക്ഷീരസംസ്കരണ മേഖലയ്ക്ക് ഇതുവഴി ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

New Update
curd

തിരുവനന്തപുരം: പാൽ പിരിക്കാതെ നേരിട്ട് തന്നെ തൈരും അനുബന്ധ ഉല്പന്നങ്ങളും നിർമ്മിക്കാൻ സഹായിക്കുന്നതും കൂടുതൽ കാലം സൂക്ഷിച്ചുവെയ്ക്കാനാകുന്നതുമായ കൾച്ചർ സംഗ്രഹവുമായി ബന്ധപ്പെട്ട കേരള വെറ്ററിനറി ആൻ്റ് ആനിമൽ സയൻസസ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരുടെ പഠനത്തിന് പേറ്റൻ്റ് ലഭിച്ചു. 

Advertisment

ഇതിനുവേണ്ട കൂടുതൽ അതിജീവനശേഷിയുള്ള സ്റ്റാർട്ടർ സംഗ്രഹം നിർമ്മിക്കാനാവശ്യമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിനാണ് വിവിധ ദേശീയ-അന്താരാഷ്ട്ര ഏജൻസികളുടെ നീണ്ട കാലത്തെ പരിശോധനകൾക്കും വിലയിരുത്തലിനും ശേഷം പേറ്റന്റ് ലഭ്യമായത്. 


വെറ്ററിനറി സർവ്വകലാശാലയുടെ തിരുവനന്തപുരം ഡെയറി സയൻസ് കോളേജിലെയും മണ്ണുത്തി വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ആൻ്റ് ഫുഡ് ടെക്നോളജിയിലെയും അധ്യാപകരായ ഡോ. രജീഷ് ആർ, ഡോ: ബീന എ കെ, ഡോ. ലിജിമോൾ ജെയിംസ്, ഡോ: പി സുധീർ ബാബു, ഡോ: എസ് എൻ രാജകുമാർ, ഡോ: രചന സി ആർ തുടങ്ങിയവരാണ് ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്. 

ലാക്ടോബാസിലസ് ഇനത്തിൽപ്പെടുന്ന ലാക്ടികേസി ബാസിലസ് റാംനോസസ് ബാക്ടീരിയയിലാണ് ഇവർ പഠനങ്ങൾ നടത്തിയത്. 


ലാക്ടോബാസിലസ് ബാക്ടീരിയകൾ ഫെർമെൻ്റേഷൻ എന്ന വായു വേണ്ടാത്ത ശ്വസനപ്രക്രിയയിലൂടെയാണ് കൂടുതലും പാൽ പുളിപ്പിച്ച് തൈരാക്കുന്നത്. ഇതിലൂടെ വളരെ കുറഞ്ഞ ഊർജ്ജം മാത്രമേ ഉല്പാദിപ്പിക്കുന്നുള്ളൂ. എന്നാൽ ഇതേ ബാക്ടീരിയകളെ വായു സഹിത ശ്വസനപ്രക്രിയയിലൂടെ കടത്തി വിട്ടപ്പോൾ ഒട്ടനവധി പ്രയോജനപ്രദമായ നേട്ടങ്ങളാണ് ഉണ്ടായത്. 


മാറിയ സാഹചര്യങ്ങളിൽ വളരുമ്പോൾ ഇവയുടെ എണ്ണത്തിൽ അഭൂതപൂർവ്വമായ വർദ്ധനവും, കൂടുതൽ ക്രിയാത്മകതയും, കാര്യശേഷിയും, കൂടിയ സഹിഷ്ണുതയും പ്രകടമാക്കുന്നുവെന്ന് ഇവർ പഠന-ഗവേഷണങ്ങളിലൂടെ തെളിയിച്ചു. 

ഇപ്രകാരം തയ്യാറാക്കിയ തൈരിന്റെ ഉറ അഥവാ സ്റ്റാർട്ടർ കൾച്ചർ നാലു മാസത്തിലധികം ഫ്രിഡ്ജിൽ സൂക്ഷിക്കാനാകും. 

നൂതനമായ പുളിപ്പിച്ച പാലുൽപ്പന്നങ്ങളുടെ നിർമ്മാണത്തിലൂടെ വളരെയധികം സംഭാവനകൾ ക്ഷീരസംസ്കരണ മേഖലയ്ക്ക് ഇതുവഴി ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

Advertisment