ആലിൻ ഷെറിന് വിട നൽകാൻ ഒരുങ്ങി കേരളം, സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ

New Update
Alin sherin

മല്ലപ്പള്ളി: അവയവദാനത്തിലൂടെ അഞ്ച് കുഞ്ഞുങ്ങൾക്ക് പുതുജീവൻ പകർന്നുനൽകി വിടവാങ്ങിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് കേരളം ഇന്ന് വിടചൊല്ലും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 3.30-ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ നടക്കും. കുഞ്ഞിന്റെ മഹത്തായ ത്യാഗത്തിന് ആദരമർപ്പിച്ച് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകൾ.

Advertisment

ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലിന് കഴിഞ്ഞ ദിവസമാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തീരാവേദനയ്ക്കിടയിലും മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കളായ അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണും മുന്നോട്ടുവരികയായിരുന്നു.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന് കൊച്ചി അമൃത ആശുപത്രിയിൽ വച്ച് പോലീസ് 'ഗാർഡ് ഓഫ് ഓണർ' നൽകി ആദരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുന്നത്.

നിലവിൽ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് വിലാപയാത്രയായി വീട്ടിലെത്തിച്ച ശേഷം വൈകിട്ടോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. സ്വന്തം വിയോഗത്തിലും മറ്റുള്ളവരിലൂടെ ജീവിക്കാനായി യാത്രയാകുന്ന ആലിൻ കേരളത്തിന് നൊമ്പരത്തിനൊപ്പം വലിയൊരു മാതൃകയുമാണ്.

Advertisment