സംസ്ഥാന വിനോദസഞ്ചാര മേഖലയിലെ 'ക്ലീന്‍ ഡെസ്റ്റിനേഷന്‍' തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചു

New Update
Kerala Tourism
തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര മേഖലയിലെ 'ക്ലീന്‍ ഡെസ്റ്റിനേഷന്‍' തൊഴിലാളികളുടെ വേതനം 500 രൂപയാക്കി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം. ക്ലീന്‍ ഡെസ്റ്റിനേഷന്‍ പദ്ധതിയ്ക്ക് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഏകദേശം 645 തൊഴിലാളികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.
Advertisment

ശുചിത്വത്തില്‍ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആഗോള പ്രശംസ നേടിയിട്ടുണ്ടെന്ന് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വൃത്തിയായും ആകര്‍ഷകമായും സൂക്ഷിക്കുന്നതില്‍ ക്ലീന്‍ ഡെസ്റ്റിനേഷന്‍ തൊഴിലാളികളുടെ സേവനം വിലമതിക്കാനാവാത്തതാണ്. ക്ലീന്‍ ഡെസ്റ്റിനേഷന്‍ തൊഴിലാളികള്‍ വേതന വര്‍ദ്ധനവിന് അര്‍ഹരാണ്.
 
കേരള ടൂറിസത്തിന്‍റെ പ്രാദേശിക സമൂഹ-വനിതാ ശാക്തീകരണ നയവുമായി യോജിച്ചു പോകുന്ന ക്ലീന്‍ ഡെസ്റ്റിനേഷന്‍ പദ്ധതിയിലെ തൊഴിലാളികള്‍ വനിതകളാണെന്നത് ശ്രദ്ധേയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 
വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ശുചിത്വ പരിപാലനം ഉറപ്പുവരുത്തുന്നതിനായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ക്ലീന്‍ ഡെസ്റ്റിനേഷന്‍. കുടുംബശ്രീ മുഖേന നിയോഗിക്കുന്ന വോളണ്ടിയര്‍മാരാണ് പദ്ധതിയുടെ ഭാഗമായി ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്.
 
പദ്ധതിയുടെ ആരംഭഘട്ടത്തിലെ 350 രൂപ വേതനം സര്‍ക്കാര്‍ നേരത്തെ 450 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇത് 500 രൂപയാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം. 
  
Advertisment