പെൺകരുത്തിന്റെ കഥ പറയുന്ന ഹൃദ്യമായ അനുഭവമായി കോവളം കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിലെ 'വൗ വുമൺസ് വീക്ക്' ആഘോഷങ്ങൾ

New Update
WOWE

കോവളം : പെൺകരുത്തിന്റെ കഥ പറയുന്ന ഹൃദ്യമായ അനുഭവമായി കോവളം കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിലെ (KACV) 'വൗ വുമൺസ് വീക്ക്' (WOW - Women’s Week) ആഘോഷങ്ങൾ. ഇന്നലെ (06/03/26) രാത്രി ക്രാഫ്റ്റ്‌സ് വില്ലേജിൽ അരങ്ങേറിയ 'ഗോസിപ്പ്' (Gossip) എന്ന മൂവ്‌മെന്റ് തിയറ്റർ നൃത്തശില്പം, സ്ത്രീസൗഹൃദങ്ങളെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ പ്രേക്ഷകർക്ക് സമ്മാനിച്ചു. 

Advertisment

ടിക്കർ ഇവന്റ്‌സുമായി (tiqr events) സഹകരിച്ച് സംഘടിപ്പിച്ച ഈ പരിപാടി, കൊച്ചി-മുസിരിസ് ബിനാലെയിലെ വിജയകരമായ പ്രദർശനത്തിന് ശേഷമാണ് കോവളത്തെത്തിയത്. സ്ത്രീകളെ തളച്ചിടുന്ന വെറും പാഴ് വാക്കുകളല്ല 'ഗോസിപ്പ്' എന്നും, മറിച്ച് പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ പരസ്പരം നൽകുന്ന അതിജീവനത്തിന്റെയും കരുതലിന്റെയും ആശയവിനിമയമാണെന്നും 45 മിനിറ്റ് ദൈർഘ്യമുള്ള ഈ കലാസൃഷ്ടി അടിവരയിട്ടു.

തുടിപ്പ് ഡാൻസ് ഫൗണ്ടേഷനിലെ കലാകാരികളായ അഞ്ജലി കൃഷ്ണദാസ്, പൊന്നു സജീവ്, ഗ്രീഷ്മ നരേന്ദ്രൻ എന്നിവർ ചേർന്നവതരിപ്പിച്ച നൃത്തശില്പം വിവിധ ഇന്ത്യൻ നൃത്തരൂപങ്ങളുടെ മനോഹരമായ സമന്വയമായിരുന്നു. സ്ത്രീകൾ ഒത്തുചേരുകയും പരസ്പരം കരുത്ത് പകരുകയും ചെയ്യുന്ന ‘മൂന്നാം ഇടങ്ങളുടെ’ (Third Spaces) പ്രാധാന്യം വിളിച്ചോതിയ ഈ പ്രകടനം പൂർണ്ണമായും വനിതാ കൂട്ടായ്മയുടെ സൃഷ്ടിയാണ്. ചാരു ഹരിഹരന്റെ സംഗീതവും ഗൗരിമനോഹരിയുടെ ലൈറ്റിംഗും ശിൽപ സുഗുണന്റെ വസ്ത്രാലങ്കാരവും അരങ്ങിന് മാറ്റുകൂട്ടി. 

സ്ത്രീത്വത്തിന്റെ കരുത്തും സർഗ്ഗാത്മകതയും ആഘോഷിക്കുന്ന ഇത്തരം സൃഷ്ടികൾക്ക് വേദിയൊരുക്കുന്നതിൽ അഭിമാനമുണ്ടെന്ന് ക്രാഫ്റ്റ്‌സ് വില്ലേജ് സി.ഒ.ഒ ശ്രീപ്രസാദ് ടി.യു പറഞ്ഞു. പാരമ്പര്യ കലകളും സമകാലിക വിഷയങ്ങളും തമ്മിലുള്ള സംവാദം സാമൂഹിക മാറ്റത്തിന് വഴിതെളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗഹൃദത്തിന്റെ ഈ മനോഹര സൃഷ്ടിക്ക് പിന്നാലെ, വനിതാ വാര ആഘോഷങ്ങൾക്ക് ആവേശം പകരാൻ ഇന്ന് (മാർച്ച് 7) ക്രാഫ്റ്റ്‌സ് വില്ലേജിൽ ഹോളി ആഘോഷമായ 'രംഗോത്സവ്' (Rangotsav 2026) അരങ്ങേറും. വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെ നീളുന്ന വർണ്ണാഭമായ ആഘോഷത്തിൽ ലൈവ് ഡിജെ, മ്യൂസിക് ബാൻഡ്, ലൈവ് ഡോൾ, പെർക്കഷൻ തുടങ്ങിയവ മാറ്റുരയ്ക്കും.

കാണികൾക്കായി റെയിൻ ഡാൻസ്, ഫോം പാർട്ടി, ലേസർ ദർബൂക്ക തുടങ്ങിയ അത്യാധുനിക വിനോദോപാധികളും സജ്ജീകരിച്ചിട്ടുണ്ട്. പൂർണ്ണമായും പ്രകൃതിദത്തമായ ഹെർബൽ കളറുകൾ (Herbal colours) മാത്രം ഉപയോഗിക്കുന്ന ആഘോഷത്തിൽ വൈവിധ്യമാർന്ന ഫുഡ് സ്റ്റാളുകളും ഗെയിമുകളും സെൽഫി പോയിന്റുകളും ഒരുക്കിയിട്ടുണ്ട്.

Advertisment