Advertisment

ഹിന്ദു കോണ്‍ക്ലേവ് ബഹിഷ്‌കരണ ആഹ്വാനത്തിലൂടെ പ്രഭാവര്‍മ്മയെ നാറ്റിക്കുകയായിരുന്നു ലക്ഷ്യം; ഒന്ന് ഈ സച്ചിതാനന്ദ മഹാകവി അറിഞ്ഞില്ലെന്നു തോന്നുന്നു; നോര്‍ത്ത് അമേരിക്കന്‍ ഹിന്ദു അസോസിയേഷന്‍റെ കേരളത്തിലെ രണ്ടും അമേരിക്കയിലെ ഒന്നും സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്തത് സാക്ഷാല്‍ പിണറായി വിജയനാണ് ! സ്വന്തം വര്‍ഗത്തില്‍പെട്ട ഒരു കവിയുടെ നെഞ്ചില്‍ പൊങ്കാല ഇടാനുള്ള അവസരം സൃഷ്ടിച്ചതെന്തിനെന്ന് സച്ചിതാനന്ദന്‍ പറയുമോ ? പ്രഭാ വര്‍മ്മയെ ക്രൂശിക്കുന്നതെന്തിന് ?-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

കവി പ്രഭാ വര്‍മ്മ പ്രഖ്യാപിത കമ്മ്യൂണിസ്റ്റുകാരനാണ്. എസ്.എഫ്.ഐയിലൂടെ വളര്‍ന്ന് ദേശാഭിമാനിയിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും ഉപദേഷ്ടാവുമൊക്കെ ആയത്. ഭാഷയിലും സാഹിത്യത്തിലുമുള്ള ആഴത്തിലുള്ള അറിവും ഉള്‍ക്കാഴ്ചയുമാണ് വര്‍മ്മയുടെ കരുത്ത്. ഇംഗ്ലീഷില്‍ നോവലെഴുതി അസൂയക്കാരുടെ നെ‍ഞ്ചിടിപ്പു വര്‍ധിപ്പിച്ചത് അടുത്ത കാലത്താണ്.

കരുണാകരന്‍റെ മുതല്‍ ഉമ്മന്‍ ചാണ്ടിയുടെ വരെ കാല്‍ കഴുകി കുടിച്ച സാഹിത്യ കേസരികളും ബുദ്ധിജീവികളും ഇപ്പോള്‍ പിണറായി വിജയന്‍റെ ഒരു നോട്ടത്തിനോ എം.എ ബേബിയുടെ ഒരു പുഞ്ചിരിക്കോ എ.കെ.ജി സെന്‍ററില്‍ നിന്നുള്ള ഒരു വിളിക്കോ കാത്തിരിക്കുകയാണ്. അവസരവാദികളുടെയും ആസനം താങ്ങികളുടെയും കൂട്ടമായി ഈ വര്‍ഗം അധ:പതിക്കുകയാണ്. അന്തസുള്ള ഏറെ പേരുണ്ട്. സംഖ്യ കുറഞ്ഞുവരികയാണ്. അന്യം നിന്നുപോകാതിരുന്നാല്‍ നന്ന്.

ഒരു തലമുറയെ ആകെ അരാജകത്വത്തിലേക്കു തള്ളിവിട്ട നോവലിസ്റ്റാണ് എം. മുകുന്ദനെന്ന് എത്രയോ സി.പി.എം ബുദ്ധിജീവികള്‍ പരമ്പരകള്‍ എഴുതിയിരിക്കുന്നു. ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്‍റെ (പു.ക.സ.യുടെ പ്രാക് രൂപം) സാഹിത്യകാരനും സമൂഹവും എന്ന നിരന്തര ചര്‍ച്ചയില്‍ ലോക്കല്‍ കമ്മിറ്റി സാഹിത്യകാരന്‍മാര്‍ പോലും മുകുന്ദനെ പള്ളുവിളിക്കുമായിരുന്നു. ഖസാക്കിന്‍റെ ഇതിഹാസമെഴുതിയ ഒ.വി വിജയനെയായിരുന്നു ആദ്യം തെറിവളിച്ചിരുന്നത്. വിജയന്‍ മരിച്ചതു നന്നായി. അല്ലെങ്കില്‍ മുകുന്ദനെപോലെ അരാജകത്വം ഉപേക്ഷിച്ചു മാര്‍ക്സിസ്റ്റായിപ്പോയേനേ. അക്കാദമിയുടെ അമരമെന്നു കേട്ടപ്പോള്‍ മുകുന്ദന്‍റെ കണ്ണു മഞ്ഞളിച്ചുപോയതാകാം. പണ്ട് മുകുന്ദനെഴുതിയതും മുകുന്ദനെതിരെ ഇടതുപക്ഷ സാഹിത്യകാരന്‍മാര്‍ എഴുതിയതും പ്രസ്താവിച്ചതുമൊക്കെ ഇപ്പോഴും ദേശാഭിമാനി വാരികയിലും പത്രത്തിലുമൊക്കെയുണ്ട്.

അതിനേക്കാള്‍ അതിവിപ്ലവം പ്രസംഗിച്ചത് സച്ചിതാനന്ദനായിരുന്നു. നക്സലേറ്റായിരുന്ന സച്ചിതാനന്ദന്‍ എന്നാണ് അവസരവാദിയായതെന്ന് അദ്ദേഹത്തിന്‍റെ ജീവിതരേഖ നോക്കിയാലേ പറയാനാകൂ. മാര്‍ക്സിസ്റ്റുകാരേക്കാള്‍ വലിയ മാര്‍ക്സിസ്റ്റാണ് ഇപ്പോള്‍ സച്ചിതാനന്ദന്‍. ഇവരൊക്കെ കൂടി പണ്ട് പി. ഗോവിന്ദപ്പിള്ളയുടെ പ്രസംഗത്തിനിടയിലെ ഗട്ടറുകളെ കളിയാക്കുമായിരുന്നത് പി.ജി, ഇ.എം.എസിനെ ഇംപ്രസ് ചെയ്യിക്കാന്‍ വിക്ക് അഭിനയിക്കുകയാണെന്നു പറഞ്ഞാണ്.


മന്തനു മന്തുകാരോടും വിക്കനു വിക്കന്‍മാരോടുമൊക്കെ ഒരു മമത ഉണ്ടാകുമല്ലോ എന്നും പറഞ്ഞ് മുന്‍ നക്സലൈറ്റു ബുദ്ധിജീവികള്‍ കളിയാക്കുമായിരുന്നു.


തിരുവനന്തപുരത്ത് ഹിന്ദു പാര്‍ലമെന്‍റ് നടന്നു. അതിലേക്ക് അമേരിക്കക്കാരായ സംഘാടകര്‍ (നോര്‍ത്ത് അമേരിക്കന്‍ ഹിന്ദു അസോസിയേഷന്‍) എല്ലാവരെയും ക്ഷണിച്ചു. അക്കൂട്ടത്തില്‍ പ്രഭാ വര്‍മ്മയേയും. വര്‍മ്മ ക്ഷണം സ്വീകരിച്ചില്ല. സംഘാടകര്‍ നോട്ടീസടിച്ചപ്പോള്‍ പേരും ഫോട്ടോയും വെച്ചുപോയി. അബദ്ധം പറ്റിയപ്പോള്‍ അതു തിരുത്തുകയും ചെയ്തു. അതു മനസില്‍ വെച്ചായിരിക്കണം ഈ സംഘടനയെ ബുദ്ധിജീവികള്‍ ബഹിഷ്കരിക്കണമെന്ന് പ്രസ്താവനയിറക്കി സച്ചിതാനന്ദന്‍ ആളുകളിച്ചത്. ലക്ഷ്യം വര്‍മ്മയെ നാറ്റിക്കുകയായിരുന്നു. അറിയാത്തവര്‍കൂടി അറിയട്ടെയെന്ന ശുദ്ധ ലക്ഷ്യം.

ഒരു മാന്യനെ നാറ്റിക്കണമെങ്കില്‍ പിന്തുണ പ്രസ്താവന ഇറക്കി എതിരാളികളെ കൂടുതല്‍ പ്രകോപിപ്പിക്കുക എന്നതാണല്ലോ ആധുനിക നിഗ്രഹ രീതി. മാന്യനെ പിന്നെ എതിരാളികള്‍ ശരിപ്പെടുത്തിക്കൊള്ളും. പിന്തുണക്കാരന് ഒളിച്ചിരുന്നു ചിരിച്ചു രസിക്കുകയുമാവാം. ഒന്ന് ഈ സച്ചിതാനന്ദ മഹാകവി അറിഞ്ഞില്ലെന്നു തോന്നുന്നു. നോര്‍ത്ത് അമേരിക്കന്‍ ഹിന്ദു അസോസിയേഷന്‍റെ കേരളത്തിലെ രണ്ടും അമേരിക്കയിലെ ഒന്നും സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്തത് സാക്ഷാല്‍ പിണറായി വിജയനാണ്.

കവി ശ്രീകുമാരന്‍ തമ്പി ഒന്നാംതരം മറുപടി സച്ചിതാനന്ദന് നല്‍കുകയും ചെയ്തു. 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നതില്‍ കവിഞ്ഞ ഏതു കമ്മ്യൂണിസമുണ്ടെന്നായിരുന്നു ചോദ്യം. ഇതു രണ്ടും (കമ്മ്യൂണിസവും ചില ഉപനിഷത് സൂക്തങ്ങളും) ഒന്നായിരുന്നുവെന്നു പറയുകയായിരുന്നു തമ്പി. അതില്‍ രണ്ടഭിപ്രായം ഉണ്ടായിരിക്കാം. എന്നാല്‍ സ്വന്തം വര്‍ഗത്തില്‍പെട്ട ഒരു കവിയുടെ നെഞ്ചില്‍ പൊങ്കാല ഇടാനുള്ള അവസരം സൃഷ്ടിച്ചതെന്തിനെന്ന് സച്ചിതാനന്ദന്‍ പറയുമോ ?

അങ്ങനെയെങ്കില്‍ ബി.ജെ.പി ഭരണകാലത്താണല്ലോ അദ്ദേഹം ദേശീയ സാഹിത്യ അക്കാദമി സെക്രട്ടറിയായത്. അതിനെ ഇരട്ടത്താപ്പെന്നു പറയുന്നവരെ എങ്ങനെ കുറ്റപ്പെടുത്തും ? അയ്യപ്പപണിക്കരെന്ന കവിയേയും എം. സുകുമാരന്‍ എന്ന കഥാകൃത്തിനെയും കെ.പി അപ്പന്‍ എന്ന വിമര്‍ശകനെയും എം. ഗോവിന്ദന്‍ എന്ന സകലകലാ വല്ലഭനെയും പി. ഭാസ്കരനെന്ന കവിയെയും ബൂര്‍ഷ്വാകളെന്നു വിളിച്ച് ആക്ഷേപിച്ച പിളരാനന്തരകാല കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് വിലയിരുത്തലുകളെക്കുറിച്ചെന്തു പറയുന്നു സച്ചിതാനന്ദന്‍ ജീ ?

Advertisment