തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി ഓഫീസായ എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ 16 ദിവസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഇത്രയും ദിവസമായിട്ടും ആദ്യ ദിവസം ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ ഒഴിച്ചാല്‍ പിന്നീട് ഒരു തുമ്പും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.
ആക്രമണമുണ്ടായി ആദ്യ അഞ്ചുമിനിറ്റിനുള്ളില്‍ കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിച്ച ഇപി ജയരാജന്‍ പിന്നീട് ആരോപണത്തില്‍ നിന്നും പതുക്കെ പിന്‍വാങ്ങി തുടങ്ങി. പിന്നീട് സുകുമാരക്കുറുപ്പിനെ പിടിക്കാത്തതുമായി ബന്ധപ്പെടുത്തിയൊക്കെയാണ് ഇപി എകെജി സെന്റര്‍ ആക്രമണത്തെ കുറിച്ച് പറഞ്ഞത്.
ആക്രമണം നടന്ന ദിവസങ്ങളിലെ ചര്‍ച്ചകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഇപ്പോള്‍ സിപിഎം നേതാക്കളും വിഷയം മറന്ന മട്ടാണ്. കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന ശബ്ദം കേട്ട പികെ ശ്രീമതിയും മൗനത്തിലാണ്. പിന്നീട് ഏറുപടക്കം പോലെ ഏറ്റവും സ്‌ഫോടക ശേശി കുറഞ്ഞ പടക്കമാണ് എറിഞ്ഞതെന്ന നിഗമനത്തിലാണ് പോലീസ്.
ഫോറന്‍സിക് വിഭാഗവും ഇതേ കണ്ടെത്തലാണ് നടത്തിയത്. ഈ റിപ്പോര്‍ട്ട് അടുത്തയാഴ്ച കോടതിയിലെത്തും. അതേസമയം രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിട്ടും പ്രതിയെ കിട്ടാത്തത് പോലീസിന് തലവേദനയാകുകയാണ്. മുപ്പതിലേറെ ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിലുണ്ടായിട്ടും സിറ്റിക്കുള്ളില്‍ നടന്ന കുറ്റകൃത്യത്തിന് തെളിവുണ്ടാക്കാന്‍ പോലീസിന് കഴിയാത്തത് വലിയ നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്.
ആദ്യം ഡിയോ സ്‌കൂട്ടര്‍ ഉടമകളെ തേടിയായിരുന്നു പോലീസ് അന്വേഷണം. തലസ്ഥാന ജില്ലയിലെ മുഴുവന്‍ ഡിയോ സ്‌കൂട്ടറുടമകളോടും വിശദീകരണം തേടിയതിന് പിന്നാലെ ദീപാവലിക്ക് പടക്കം കച്ചവടം നടത്തിയവരുടെ പക്കലേക്കാണ് അന്വേഷണം എത്തിയത്. പടക്കം ഇപ്പോഴും സൂക്ഷിക്കുന്നവരുണ്ടോ എന്നറിയാനാണ് അന്വേഷണം.
എന്നാല്‍ ഇതു പോലീസിനെ അപഹാസ്യമാക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. അതിനിടെ എകെജി സെന്റര്‍ ആക്രമണ വിഷയം വീണ്ടും സജീവമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇത് സിപിഎമ്മിനെ വരും ദിവസങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയേക്കും.