ലോകകേരള സഭയെന്ന മേളാങ്കമല്ല മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പായ്ക്കേജാണ് ആവശ്യം. അവിടെകാണുന്നപ്രവാസലോകത്തെ ഫ്രാഞ്ചിയേട്ടന്മാരും ഡാന്‍സ് ബാറുകളില്‍ വിഹരിക്കുന്നവരുമൊന്നുമല്ല യഥാര്‍ത്ഥ പ്രവാസികള്‍. ആയുസിന്റെ നല്ലകാലം മുഴുവന്‍ പ്രവാസി നാടുകളില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യവുമായി നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഗ്രീന്‍ചാനല്‍ സംവിധാനമാണാവശ്യം. കൊതിച്ചുവന്നിട്ടും ജനിച്ച നാട്ടില്‍ പ്രവാസിക്ക് ആത്മഹത്യ ചെയ്യേണ്ടിവരുന്നത് കേരളത്തിന്‍റെ ശാപം !

എഡിറ്റോറിയല്‍ / വിന്‍സെന്റ് നെല്ലിക്കുന്നേല്‍
Thursday, June 20, 2019

രാജ്യത്ത് ഏറ്റവുമധികം മനുഷ്യവിഭവശേഷി കയറ്റുമതി ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ലോകത്ത് തന്നെ ഏറ്റവും അധികം രാജ്യങ്ങളില്‍ എത്തപ്പെട്ടിരിക്കുന്ന സമൂഹവും മലയാളികളുടെതാണ്.

ലോകത്തെ ഏറ്റവും ഉന്നത പദവികളില്‍ മുതല്‍ ഗള്‍ഫിലെ മണലാരണ്യങ്ങളില്‍ ഒട്ടകങ്ങളെ മേയ്ക്കാന്‍ വരെയുള്ള വിവിധ ശ്രേണികളില്‍ മലയാളി ജോലിയെടുക്കുന്നു. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നോളം ആളുകള്‍ പ്രവാസികളാണ്.

ഇവര്‍ നേടിത്തരുന്ന വിദേശ നാണ്യമാണ്‌ സംസ്ഥാനത്തിന്റെ സാമ്പത്തികാടിത്തറ. ആ നിലയ്ക്ക് പ്രവാസികള്‍ കേരളത്തിന് ചെയ്യുന്ന സേവനങ്ങള്‍ വിലമതിയ്ക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്.

ആയുസിന്റെ നല്ലകാലം മുഴുവന്‍ പ്രവാസി നാടുകളില്‍ ചിലവഴിച്ച് ഒരായുസുകൊണ്ട് സമ്പാദിക്കാന്‍ കഴിയുന്നതുമായി നാട്ടിലേക്ക് തിരിയ്ക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലുണ്ടാകുന്ന അനുഭവങ്ങള്‍ ഒരു വികസിത നാടിനെ സംബന്ധിച്ചിടത്തോളം അപമാനകരമാണ്. പ്രവാസികളുടെ സമ്പത്ത് മാത്രം മതി ഞങ്ങള്‍ക്ക്, അത് പരമാവധി ചൂഷണം ചെയ്ത് വാങ്ങിയെടുക്കണം എന്നതായി മാറുകയാണ് കേരളത്തിന്റെ ചിന്താഗതി.

മിക്ക പ്രവാസികളും വിദേശത്തേക്ക് വണ്ടി കയറുന്നത് മുതല്‍ അവരുടെ ചിന്ത മികച്ചൊരു ജീവിത നിലവാരത്തിലെത്തി മടങ്ങിയെത്തിയുള്ള ശിഷ്ടകാലത്തേക്കുറിച്ചുള്ളതായിരിക്കും.  പ്രവാസി നാടുകളില്‍ ജോലി ചെയ്യുമ്പോള്‍ അവര്‍ ചിന്തിക്കുന്നത് ഇനി എന്റെ നാടിനുവേണ്ടിയാകണം എന്റെ ജീവിതം എന്നതാണ്. അങ്ങനെ ഒരായുസിന്റെ നല്ല കാലംകൊണ്ട് സമ്പാദിക്കാവുന്നതുമായി നാട്ടിലെത്തി നാലുപേര്‍ക്ക് ജോലി നല്‍കി ഒരു സംരംഭം തുടങ്ങി ജീവിക്കണമെന്ന ആഗ്രഹവുമായാണ് ഓരോ പ്രവാസിയുടെയും മടങ്ങിവരവ്.

പക്ഷെ, ഇവിടെ സംരംഭം തുടങ്ങാന്‍ വരുന്ന പ്രവാസിയെ എങ്ങനെ പിഴിയാം എന്നതാണ് നാട്ടിലെ ‘ചെറുകിട’ രാഷ്ട്രീയക്കാരുടെ ചിന്ത. ഉദ്യോഗസ്ഥര്‍ക്കാണെങ്കില്‍ പ്രവാസികളെന്നാല്‍ കൈക്കൂലിയുടെ ചാകരയാണ്.

ദീര്‍ഘകാലത്തെ പ്രവാസ ജീവിതം കാരണം നാട്ടിലെ ശീലങ്ങള്‍ വശമില്ലാതെ വരുന്നതും രാഷ്ട്രീയ, സാമൂഹിക ബന്ധങ്ങളുടെ കുറവും, പിന്നെ അല്‍പ്പം പൊങ്ങച്ചവും എല്ലാം കൂടിയാകുമ്പോള്‍ നാല് കാശ് കൊടുത്താലും തലവേദന അരുതെന്നാണ് അവരുടെ ചിന്ത. അതാണ്‌ നമ്മുടെ ചെറുകിട രാഷ്ട്രീയക്കാരും അവര്‍ കൈകാര്യം ചെയ്യുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും ചൂഷണം ചെയ്യുന്നത്.

എങ്ങനെ ഒരു മികച്ച സ്ഥാപനം തുടങ്ങാം എന്ന ചിന്തയിലാണ് പ്രവാസികളുടെ വരവെങ്കില്‍ കേരളത്തിലെ സ്ഥിതി തിരിച്ചാണ്. എങ്ങനെ ഇത് തുടങ്ങിക്കാതിരിക്കാം, ഇവരുടെ പോക്കറ്റിലെ പണം എങ്ങനെ ഊറ്റിയെടുക്കാം എന്നതാണ് നാട്ടിലെ ചിന്ത. പുനലൂരിലെ സുഗതനും കണ്ണൂരിലെ സാജനും ആത്മഹത്യ ചെയ്തത് അങ്ങനെ നിര്‍വ്വാഹമില്ലാതെയാണ്. അവരുടെ സമ്പാദ്യം മുഴുവന്‍ നാട്ടിലെ രാഷ്ട്രീയക്കാര്‍ തുലച്ചുകളഞ്ഞു.

ഇപ്പോള്‍ കോഴിക്കോട് വേങ്ങരയില്‍ കുവൈറ്റ് മലയാളിയായ റെജിയും റാന്നിയിലെ പഴവങ്ങാടി പഞ്ചായത്തില്‍ കുവൈറ്റിലെ പ്രവാസിയായ ഷാജുവും നേരിട്ടുകൊണ്ടിരിക്കുന്നത് സുഗതനും സാജനും നേരിട്ട അതേ പ്രതിസന്ധിയാണ്. നാട്ടിലെ സാമൂഹ്യപ്രവര്‍ത്തകരെന്ന സാമൂഹ്യദ്രോഹികള്‍ ഇവരുടെ സ്ഥാപനങ്ങള്‍ എങ്ങനെയും പൂട്ടിക്കാനുള്ള തത്രപ്പാടിലാണ്.

കൊട്ടിഘോഷിച്ച് ലോക കേരള സഭ നടത്താന്‍ തത്രപ്പെടുന്ന സര്‍ക്കാര്‍ ചെയ്യേണ്ടത് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് നാട്ടിലെത്തി സമാധാനമായി എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാനുള്ള സമാധാന അന്തരീക്ഷം ഉണ്ടാക്കുകയാണ്.

ലോകകേരള സഭയില്‍ നിങ്ങള്‍ കാണുന്നത് പ്രവാസ ലോകത്തെ സമ്പന്നരെയാണ്. യഥാര്‍ത്ഥ പ്രവാസികളുടെ ഒരു ചിത്രമായിരിക്കില്ല അവരില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്നത്.


നാട്ടിലെ രാഷ്ട്രീയക്കാരുടെ ബിനാമികളായി പ്രവാസ നാടുകളില്‍ വിലസുന്നവരും ഡാന്‍സ് ബാറുകളില്‍ വിഹരിക്കുന്നവരുമൊന്നുമല്ല യഥാര്‍ത്ഥ പ്രവാസികള്‍. അവരെ കാണാന്‍ നിങ്ങള്‍ ഗള്‍ഫിലെ തെരുവുകള്‍ തോറും നിറഞ്ഞു നില്‍ക്കുന്ന ലേബര്‍ ക്യാമ്പുകളിലേക്ക് നോക്കണം. അവരുടെ വിയര്‍പ്പിന്റെ ഫലമാണ് നിങ്ങള്‍ സുഖിക്കുന്ന അധികാരത്തിന്റെ പളപളപ്പ്.


ലോകകേരള സഭയൊരുക്കി അത്തരം ഫ്രാഞ്ചിയേട്ടന്‍മാര്‍ക്ക് വിരുന്നൊരുക്കുന്നതിന് പകരം മടങ്ങിയെത്തുന്ന പ്രവാസികളെ സംരക്ഷിക്കാനുള്ള ബാധ്യത ഏറ്റെടുക്കുന്നതിനാകണം സര്‍ക്കാരിന്‍റെ മുന്‍ഗണന.

പ്രവാസികള്‍ക്ക് പുനരധിവാസ പായ്ക്കേജ് ഒരുക്കണം എന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. അത് ഉടനെങ്ങും നടക്കുമെന്നും ഉറപ്പില്ല. നടന്നാല്‍ നന്ന്. അതുവരെ അവരെ കുറഞ്ഞപക്ഷം ഉപദ്രവിക്കാതിരിക്കാനെങ്കിലും സന്മനസ് കാണിക്കണം.

മടങ്ങിവരുന്ന പ്രവാസികളുടെ പദ്ധതികള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ ഗ്രീന്‍ ചാനല്‍ വഴി നടപ്പിലാക്കി കൊടുക്കാന്‍ എന്ന് നടപടിയെടുക്കുന്നുവോ അന്നേ കേരളം രക്ഷപെടുകയുള്ളൂ. അതിനുള്ള മനസ് ഏത് സര്‍ക്കാരിനുണ്ടാകും എന്നാണ് അറിയേണ്ടത്.

എഡിറ്റര്‍

×