ഞങ്ങൾ ശിഷ്യരുടെ മനസ്സിൽ അങ്ങ് അനശ്വരനാണ് ഗുരോ – അന്തരിച്ച രാമപുരത്തിന്‍റെ പ്രിയങ്കരനായ അധ്യാപകന്‍ കുമാര കൈമളിനെ അനുസ്മരിച്ച് ശിഷ്യനായ മാധ്യമ പ്രവര്‍ത്തകന്‍

സുനില്‍ പാലാ
Thursday, May 13, 2021

പ്രിയപ്പെട്ട കൈമൾ സാറെ… ഹൈസ്ക്കൂൾ ക്ലാസ്സിൽ (8 ലും 9ലും 10 ലും)  സാറിൻ്റെ മലയാളം ക്ലാസ്സുകളിൽ പഠിക്കാനായതിൻ്റെ പുണ്യം പിന്നീടാണ് സാറെ തിരിച്ചറിയാനായത്.

ഇമ്പമാർന്ന ശബ്ദത്തിൽ ശ്രുതിമധുരമായ കവിതാ ക്ലാസ്സുകൾ… തത്വചിന്തകളും തമാശകളും നിറഞ്ഞ പാഠ ക്ലാസ്സുകൾ… അങ്ങയുടെ ഭാഷാ വൈഭവവും ശുദ്ധിയും എത്രയോ മഹത്തരമായിരുന്നൂവെന്ന് പിന്നീടറിഞ്ഞു.

നിത്യം അണിഞ്ഞിരുന്ന ഖദറിൻ്റെ വെണ്മയും പരിശുദ്ധിയും അങ്ങയുടെ മനസ്സിലും വാക്കുകളിലും പ്രവർത്തിയിലും എന്നുമുണ്ടായിരുന്നു.

പിന്നീട് അക്ഷരമെഴുതിക്കൂട്ടി അന്നം തേടുന്ന വഴിയിലേക്ക്  വന്നപ്പോൾ സാർ പകർന്നു തന്ന അറിവിൻ്റെ വെളിച്ചമാണ് സാർ, എന്നെ മുന്നോട്ടു നയിച്ചത്; നയിക്കുന്നതും.

എന്നെ മാത്രമല്ല, പിന്നീട്  അദ്ധ്യാപകരായ പത്മരാജനും, ബാബു രാജും, സോണിയ്ക്കും മലയാള മനോരമയുടെ കണ്ണൂർ യൂണിറ്റ് കോർഡിനേറ്റിംഗ് എഡിറ്റർ എസ്. രാധാകൃഷ്ണനും (അനിൽ രാധാകൃഷ്ണൻ ), എം. എസ്. സി. ജിയോളജി റാങ്ക് ഹോൾഡറും ജിയോളജി വകുപ്പിൽ സീനിയർ ജിയോളജിസ്റ്റുമായ ബി.  അജയ് കുമാറിനും, സ്കൂൾ മാനേജരും പൊതു പ്രവർത്തകനുമൊക്കെയായ ആർ.  ജയചന്ദ്രൻ നായർക്കും  മനോരമ  ആഴ്ചപ്പതിപ്പിലുള്ള  ജയദേവനും ഉൾപ്പെടെ എത്രയോ ശിഷ്യഗണങ്ങൾക്ക്  നേർവഴി കാട്ടാൻ മുന്നിൽ  ഈശ്വര തുല്യനായി സാർ മുന്നിൽ നിന്നു.

കാൽ നൂറ്റാണ്ട് പിന്നിട്ട എൻ്റെ  പത്രപ്രവർത്തന ജീവിതത്തിനിടെ എത്രയോ തവണ ഞാനിരുന്ന ഓഫീസുകളിൽ സാർ വന്നു. എത്ര സമയം നീണ്ടാലും, സാർ സംസാരിച്ചു പോകും വരെ എഴുന്നേറ്റ് മാത്രം  നിന്നിരുന്ന എന്നെ എത്രയോ തവണ “കസേരയിലിരിക്കൂ” എന്ന് പറഞ്ഞ് സാർ നിർബന്ധിച്ചിരിക്കുന്നു; പ്രിയപ്പെട്ട ഗുരുനാഥാ അങ്ങയുടെ മുന്നിൽ ഇക്കാര്യത്തിനു മാത്രം ഞാൻ അനുരണക്കേട് കാട്ടി.

മൂന്നു  മാസം മുമ്പും നമ്മൾ നേരിട്ടു കണ്ടു. “ആയിരം സൂര്യചന്ദ്രന്മാരെ കണ്ടെങ്കിലും 25-ൻ്റെ ചെറുപ്പമാണെൻ്റെ  മനസ്സിനെന്ന് ” പതിവ് തമാശയോടെ യാത്ര പറഞ്ഞു. ഇന്ന് രാവിലെ ഈ ലോകത്തോടും.

ഇന്ന് അങ്ങേയ്ക്ക് ഞങ്ങൾ, ശിഷ്യർ ഒരു യാത്രാമൊഴിയും നേരുന്നില്ല – ഞങ്ങളുടെ കൈമൾ സാറിന് ഒരിക്കലും മരണമില്ല , ഞങ്ങളിൽ ഒരാളെങ്കിലും ഉള്ളിടത്തോളം കാലം

×