കേന്ദ്ര സര്‍ക്കാര്‍ ‘ഒരു രാജ്യം ഒരു യാത്രാ കാര്‍ഡ്’ പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങുന്നു

നാഷണല്‍ ഡസ്ക്
Friday, January 22, 2021

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ഉപയോഗിക്കാവുന്ന തരത്തില്‍ ദേശീയ പൊതു യാത്രാക്കാര്‍ഡ് വ്യാപിപ്പിക്കാനൊരുങ്ങുന്നു . ആദ്യ ഘട്ടമായി ഡല്‍ഹി മെട്രോയുടെ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനില്‍ ഇതുപയോഗിക്കുന്നുണ്ട്. 2022ഓടെ ഡല്‍ഹി മെട്രോയുടെ എല്ലാ ലൈനുകളിലും ഈ സേവനം ലഭ്യമാക്കും.

വിവിധ ബാങ്കുകള്‍ കഴിഞ്ഞ 18 മാസത്തിനുള്ളില്‍ നല്‍കിയ റുപേ കാര്‍ഡുകളാണ് ഇപ്പോള്‍ പൊതു യാത്രാ കാര്‍ഡുകളായി ഉപയോഗിക്കുന്നത്. ഇത് ഉപയോഗിച്ച്‌ മെട്രോയില്‍ യാത്ര ചെയ്യാനാകും. ഇതേ സംവിധാനം ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളിലും ഉപയോഗിച്ച്‌ വ്യാപിപ്പിക്കാനാണ് കേന്ദ്ര തീരുമാനം.

പദ്ധതി രാജ്യത്തുടനീളം നടപ്പിലാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് ടിക്കറ്റിനായി വലിയ ക്യൂവില്‍ നിന്നുള്ള സമയ നഷ്ടം ഒഴിവാക്കാം. ഇത്തരത്തിലുള്ള പുതിയ കണ്ടെത്തലുകള്‍ രാജ്യത്തെ വികസനത്തിന്റെ ഉന്നതിയിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

ഒരു രാജ്യം ഒരു കാര്‍ഡ് എന്ന ആശയത്തിലൂടെയാണ് പൊതുകാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. ഭാവിയില്‍ ഈ കാര്‍ഡുകള്‍ സ്മാര്‍ട്ട് ഫോണുകളുമായി ബന്ധിപ്പിച്ച്‌ ഉപയോഗിക്കാവുന്ന സംവിധാനവും കേന്ദ്ര പരിഗണനയിലുണ്ട്.

×