പോലീസിനെ അടക്കി ഭരിച്ച ക‌ർക്കശക്കാരനല്ല ഉമ്മൻചാണ്ടി. സേനയുടെ മനസറിഞ്ഞ് വേണ്ടതെല്ലാം ചെയ്തുകൊടുത്തു. സൗജന്യ ഭക്ഷണവും ഇൻഷ്വറൻസും യാത്രയും നൽകി. സ്ഥാനക്കയറ്റം ഉദാരമാക്കി. വിരമിച്ച ദിവസം തന്നെ ആനുകൂല്യം കൈയിൽ നൽകി. അന്യസംസ്ഥാനത്ത് പോവുന്നവർക്ക് കമ്പിളിയുടുപ്പിനും പണം നൽകി. ശ്രീപദ്മനാഭന്റെ നിധി കാക്കാൻ കമാൻഡോ യൂണിറ്റ്. തലസ്ഥാനത്ത് 10രൂപയ്ക്ക് താമസം. പോലീസിന് മറക്കാനാവില്ല കുഞ്ഞൂഞ്ഞിന്റെ കാരുണ്യം

New Update

publive-image

തിരുവനന്തപുരം: പോലീസിനെ അടക്കി ഭരിച്ച ക‌ർക്കശക്കാരനായിരുന്നില്ല മറിച്ച് സേനയുടെ മനസറിഞ്ഞ് വേണ്ടതെല്ലാം ചെയ്തുകൊടുത്ത ഭരണാധികാരിയായിരുന്നു ഉമ്മൻചാണ്ടി. പൊലീസിന് ഉമ്മൻചാണ്ടി നൽകിയ ആനുകൂല്യങ്ങൾ സേന എന്നും നന്ദിയോടെ ഓർക്കും. ഉമ്മൻചാണ്ടിയുടെ ഭരണപാടവത്തിന്റെ ആഴമറിയണമെങ്കിൽ പോലീസുകാർക്ക് അദ്ദേഹം നൽകിയ ഈ സൗകര്യങ്ങൾ വായിച്ചറിയണം.

Advertisment

പോലീസ് ഉദ്യോഗസ്ഥരുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയാണ് ഉമ്മൻചാണ്ടി. ഭയപ്പാടോടെയല്ലാതെ എപ്പോൾ വേണമെങ്കിലും പോലീസുകാർക്ക് അദ്ദേഹത്തെ കാണാമായിരുന്നു. ട്രെയിനിങ് കാലയളവ് സർവീസായി പരിഗണിച്ചുകൊണ്ട് അഡീഷനൽ ഇൻക്രിമെന്റും വെയിറ്റേജും അനുവദിച്ചത് പോലീസുകാരുടെ ഏറെക്കാലമായുള്ള ആവശ്യം അംഗീകരിച്ചു കൊണ്ടായിരുന്നു. 2012ലായിരുന്നു ഈ ഉത്തരവ്. സെൻട്രൽ പോലീസ് കാന്റീൻ അനുവദിച്ചതും പോലീസുദ്യോഗസ്ഥർക്കു ശബരിമല മെസ് സൗജന്യമാക്കിയതും മണ്ഡല മകരവിളക്ക് സീസണിൽ ശബ രിമല ഡ്യൂട്ടി നോക്കുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും 100 രൂപ വീതം ലഗേജ് അലവൻസ് അനുവദിച്ചതും ഉമ്മൻചാണ്ടിയാണ്.

എ.ആർ. ക്യാംപിലെ പോലീസുദ്യോഗസ്ഥർക്കും ഗ്രേഡ് പ്രമോഷൻ അനുവദിച്ചതും ഓണാഘോഷ ഡ്യൂട്ടി ചെയ്യുന്ന എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും 500 രൂപ വീതം പ്രത്യേക അലവൻസ് അനുവദിച്ചതും പോലീസുദ്യോഗസ്ഥർക്കായി പ്രത്യേകം ഓണച്ചന്തകൾ ആരംഭിച്ചതും അദ്ദേഹമായിരുന്നു. അന്യസംസ്ഥാന ഡ്യൂട്ടിക്കു നിയോഗിച്ച പോലീസുദ്യോഗസ്ഥർക്ക് 2000 രൂപ വീതം വിന്റർ ക്ലോത്ത് അലവൻസ് നൽകി. പോലീസ് സ്റ്റേഷനുകളിൽ ജിഡി ഡ്യൂട്ടി സമയം 12 മണിക്കൂർ ആയി നിജപ്പെടുത്തി.
പോലീസുദ്യോഗസ്ഥരുടെ ശമ്പളം ബാങ്കുവഴി ലഭ്യമാക്കി.

പോലീസ് സ്റ്റേഷനുകളിലെ പാറാവ് ഡ്യൂട്ടിക്ക് റൈഫിളിനു പകരം പിസ്റ്റൾ അനുവദിച്ച് ഉത്തരവിറക്കി. പ്രതികളുടെ എസ്കോർട്ട് ഡ്യൂട്ടിക്കു പോകുന്ന പോലീസുദ്യോഗസ്ഥർക്ക് റൈഫിളിനു പകരം പിസ്റ്റൾ ഉപയോഗിക്കാൻ അനുമതി നൽകി. ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര സുരക്ഷ ചുമതലയ്ക്കായി പ്രത്യേക യൂണിറ്റും 223 പുതിയ തസ്തികകളും അനുവദിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ ടിഎ സീലിങ് പരിധി ഉയ‌ർത്തി. വനിത സീനിയർ സിവിൽ പോലീസ് ഓഫിസർമാർക്ക് അതാതു ജില്ലകളിൽ ജോലി ചെയ്യാനുള്ള അവസരം. 2500 തസ്തികകൾ അപ്ഗ്രേഡ് ചെയ്ത പ്രമോഷൻ സാധ്യത വർദ്ധിപ്പിച്ചു. മറ്റു ജില്ലകളിലെ പോലീസുദ്യോഗസ്ഥരുടെ സർവീസ് സംബന്ധ പ്രശ്നങ്ങൾ പരിഹരിക്കാൻ പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ലെയ്സൺ വിംഗ് രൂപീകരിച്ചു.

തലസ്ഥാനത്തെത്തുന്ന പോലീസുദ്യോഗസ്ഥർക്കായി ഡോർമെറ്ററി സൗകര്യം ആരംഭിച്ചു. സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് രൂപീകരിച്ചു. ഹെഡ്കോൺസ്റ്റബിൾ ടെസ്റ്റിൽ പങ്കെടുത്തു വിജയിക്കാൻ സാധിക്കാത്തവർക്ക് അഞ്ച് മാർക്ക് മോഡറേഷൻ അനുവദിച്ചു. 50 വയസ് പൂർത്തിയായ സേനാംഗങ്ങൾക്ക് പ്രമോഷൻ ടെസ്റ്റ് ഒഴിവാക്കാൻ തീരുമാനിച്ചു. പോലീസ് സ്റ്റേഷനുകളിൽ പാറാവ് ഡ്യൂട്ടി ചെയ്യുന്ന പോലീസുദ്യോഗസ്ഥർക്ക് 24 മണിക്കൂർ റെസ്റ്റ് അനുവദിച്ച് ഉത്തരവിറക്കി. സർവീസിലിരിക്കെ മരണമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതർക്ക് പോലിസ് വകുപ്പിലെ എല്ലാ ഓഫീസുകളിലും എൽഡി ക്ലർക്കിന്റെ 407 പോസ്റ്റുകൾ സൃഷ്ടിച്ചു. പോലീസ് സേനയിൽ നിന്നു വിരമിച്ചശേഷവും മരണപ്പെടുന്നവർക്കു മരണാനന്തര ബഹുമതിയായ ഫൂണറൽ പരേഡ് അനുവദിച്ചു.

ശബരിമലയിലും പമ്പയിലും പുതിയ മെസ് ഹാളുകൾ നിർമ്മിച്ചു. കേരള പോലീസ് വെൽഫെയർ ബ്യൂറോ രൂപീകരിച്ചു. ജില്ലാതലത്തിലും വെൽഫെയർ ബ്യൂറോ ആരംഭിച്ചു. തിരുവനന്തപുരത്ത് ഡ്യൂട്ടിക്കെത്തുന്ന പോലീസുദ്യോഗസ്ഥർക്കു താമസിക്കുന്നതിനായി 10 രൂപാ നിരക്കിൽ ഡോർമെറ്ററി തുടങ്ങി. ആർആർഎഫിന്റെ ഒഴിവുകൾ പൂർണമായും നികത്തുകയും സേനാംഗങ്ങളുടെ സൗകര്യാർഥം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി മൂന്നു വിങ്ങുകളായി തിരിക്കുകയും ചെയ്തു. ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവർമാർക്കു ഡ്യൂട്ടി സമയം 10 ദിവസമായി നിജപ്പെടുത്തി,. റെയിൽവേ പോലീസ് വിഭാഗത്തിൽ 220 അധിക തസ്തികകൾ അനുവദിച്ചു. പരിശീലന കാലയളവിൽ യൂണിഫോം അലവൻസ് 1500 രൂപ അനുവദിച്ചു. ലീവ് ട്രാവൽ കൺസഷൻ' പ്രകാരം എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും സർവീസിനിടയിൽ കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തുന്നതിനുള്ള സൗകര്യം നൽകി.

ഗുരുവായൂരിൽ ടെമ്പിൾ പോലീസ് സ്റ്റേഷൻ ആരംഭിച്ചു ഗുരുവായൂരിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുദ്യോഗസ്ഥർക്കു സൗജന്യ മെസ് അനുവദിച്ചു. പോലീസുദ്യോഗസ്ഥർക്കു സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു. വിരമിക്കുന്ന ദിവസം തന്നെ ആനുകൂല്യങ്ങൾ കയ്യിൽ കിട്ടുന്നതിന് ഉത്തരവിറങ്ങി. 27 വർഷം സർവീസ് പൂർത്തിയായവർക്ക് ഗ്രേഡ് എസ്ഐ പ്രമോഷൻ നൽകി. യൂണിഫോം അലവൻസ് 2750ൽ നിന്ന് 5000 രൂപയായി വർദ്ധിപ്പിച്ചു. പോലീസിലെ ഒഴിവുകളിൽ വാർഷിക റിക്രൂട്ട്മെന്റ് നടത്തി. പൊതുസ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി സംസ്ഥാന വ്യവസായ സുരക്ഷാസേന ആരംഭിച്ചു. ജില്ലാ സൈബർ സെല്ലുകളിലേക്ക് 133 അധിക തസ്തികകൾ സൃഷ്ടിച്ചു.

പോലീസുദ്യോഗസ്ഥർക്കെതിരായ പരാതികൾ പരിഹരിക്കാൻ ജില്ലതലത്തിൽ എസ്പിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ നടത്തുവാൻ തീരുമാനിച്ചു. കേസന്വേഷണം വേഗത്തിലും കുറ്റമറ്റ രീതിയിലും നടത്താൻ ലക്ഷ്യമിട്ടു എല്ലാ ജില്ലകളിലും ജില്ലാ ക്രൈംബ്രാഞ്ചുകൾ ആരംഭിച്ചു. ദീർഘകാലമായി നിലനിന്നിരുന്ന എ.ആർ- ബറ്റാലിയൻ സീനിയോറിറ്റി തർക്കം രമ്യമായി പരിഹരിക്കുകയും 7300 പേർക്ക് സ്ഥാനക്കയറ്റം നൽകുവാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.

Advertisment