പാലാ: കഴിഞ്ഞ കാല്‍നൂറ്റാണ്ടായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഇന്നലെ മരിയസദനിന്റെ മുറ്റത്തെ കൂറ്റന്‍ ടാങ്കില്‍ അവരുടെ സ്വന്തം വെള്ളം നിറഞ്ഞപ്പോള്‍ അന്തേവാസികള്‍ക്കും സന്തോഷിനും കുടുംബത്തിനും ആഹ്ലാദം അടക്കാനായില്ല.
പുതുവെള്ളത്തില്‍ കുളിച്ചുകൊണ്ടവര്‍ പാട്ടിന്റെ താളത്തിനൊപ്പിച്ച് സന്തോഷനൃത്തം ചവിട്ടി. ഇന്നലെയാണ് മരിയസദനില്‍ സ്വന്തമായി കുടിവെള്ളമെത്തിയത്. ഇതിന് മുന്നോട്ട് വന്നതാകട്ടെ പാലാ റോട്ടറി ക്ലബ്ബും തെരുവില്‍ കുടുംബാംഗങ്ങളും. മരിയസദനിലെ ജലക്ഷാമം പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നന്‍മ മനസുകള്‍ കൈകോര്‍ത്തത്.
പാലാ ളാലം തോടിന് സമീപം തെരുവില്‍ കുടുംബാംഗങ്ങള്‍ ഗൃഹനാഥനായിരുന്ന റ്റി.ജെ. ജോസഫിന്റെ ഓര്‍മ്മക്കായി കിണര്‍ കുഴിക്കാന്‍ നാല് സെന്റ് സ്ഥലം സൗജന്യമായി നല്‍കി. ഇവിടെ നിന്ന് മോട്ടോര്‍ സ്ഥാപിച്ച് മരിയസദനിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള ലക്ഷക്കണക്കിന് രൂപയുടെ പ്രയത്‌നത്തിന് പാലാ റോട്ടറി ക്ലബ്ബ് മുന്നോട്ട് വന്നു. അങ്ങനെയാണ് ഇന്നലെ മരിയസദനിന്റെ മുറ്റത്ത് ആഹ്ലാദമഴ ആര്‍ത്തുപെയ്തത്.
കഴിഞ്ഞ 24 വര്‍ഷമായി എല്ലാ വേനല്‍ക്കാലത്തും മരിയസദനിലേക്ക് ലോറിയില്‍ കുടിവെള്ളം എത്തിക്കുകയായിരുന്നു പതിവ്. ഇവിടെയുള്ള 400-ഓളം അന്തേവാസികള്‍ക്കായി ഒരു ദിവസം കുറഞ്ഞത് 4000 രൂപയുടെയെങ്കിലും വെള്ളം വേണ്ടിവന്നിരുന്നതായി മരിയസദന്‍ ഡയറക്ടര്‍ സന്തോഷ് ജോസഫ് പറഞ്ഞു.
ഒരു വര്‍ഷം 8 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയില്‍ തുക വെള്ളത്തിന് മാത്രമായി വേണ്ടിവന്നിരുന്നു. അശരണരുടെയും ആലംബഹീനരുടെയും ആശ്രയകേന്ദ്രമായ മരിയ സദനെ ഈ വെള്ളപ്രശ്‌നം വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു. അതിനാണ് ഇന്നലെ പരിഹാരമായത്.
''ഇത് പാലായുടെ നന്‍മയാണ്. ദൈവത്തിന്റെ വലിയൊരു അനുഗ്രഹമാണ്. ഇനിയൊരിക്കലും മരിയസദനില്‍ ജലക്ഷാമം ഉണ്ടാകില്ല. ഇതിന് സഹായിച്ച മുഴുവന്‍പേരോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുകയാണ്, പ്രാര്‍ത്ഥിക്കുകയാണ്'' മരിയസദന്‍ സന്തോഷ് പറഞ്ഞു.
ഇന്നലെ 11 മണിയോടെ ആദ്യജലം മരിയസദനിന്റെ അങ്കണത്തില്‍ വീണപ്പോള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മുഴുവന്‍ അന്തേവാസികളും മരിയസദന്‍ കുടുംബാംഗങ്ങളും റോട്ടറിക്ലബ്ബ് ഭാരവാഹികളും ചേര്‍ന്ന് പുതുവെള്ളത്തില്‍ നനഞ്ഞ് ആഘോഷചുവടുകള്‍ വയ്ക്കുകയായിരുന്നു .......
വെള്ളം കിട്ടാത്തവർക്ക് അതു കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷം. ഇല്ലാത്തവർക്ക് ഇഷ്ടം പോലെ കിട്ടുമ്പോഴുണ്ടാകുന്ന ആഹ്ലാദം ..... ഇതു തന്നെയാണല്ലോ ഈശ്വരാനുഗ്രഹവും.