പാലാ : പാലാ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കും ജീവനക്കാർക്കും മർദ്ദനം. ഇന്ന് രാവിലെ പാലാ നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, സി.പി. എം നേതാക്കളായ അജി, ഗിരീഷ് കുമാർ എന്നിവർ ആശുപത്രിയിലെത്തി ജീവനക്കാരോടും ഡോക്ടർമാരോടും കാര്യങ്ങൾ ചോദിച്ച് അറിഞ്ഞു.
ഇന്നലെ രാത്രി തന്നെ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി ആശുപത്രിയിലെത്തിയിരുന്നു. അക്രമി ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ മയക്കുമരുന്നിന് അടിമയാണോ, അതോ മാനസ്സിക പ്രശ്നമുള്ള ആളാണോ എന്ന് പോലീസ് സംശയിക്കുന്നു.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്ത് അന്വേഷിച്ചു വരുന്നതായി പാലാ സി. ഐ. കെ.പി. ടോംസൺ പറഞ്ഞു. ജനറൽ ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റിൽ ഉടൻ പോലീസുകാരെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം പോലീസ് ചീഫിനും പാലാ ഡിവൈ. എസ്. പിയ്ക്കും നഗരസഭാ ചെയർമാൻ ഇന്നു തന്നെ കത്തു നൽകും.
നേരത്തേയും നഗരസഭാധികൃതർ ഇക്കാര്യം പോലീസിനോടാവശ്യപ്പെട്ടിരുന്നതായി ചെയർമാൻ പറഞ്ഞു. എന്നാൽ പാലാ പോലീസ് സ്റ്റേഷനിൽ വേണ്ടത്ര പോലീസുകാർ ഇല്ലാത്തതാണ് പ്രശ്നമായത്.
ഇക്കാര്യം പരിഹരിക്കണമെന്നും നഗരസഭാധികാരികൾ ആവശ്യപ്പെടും. അക്രമി കാസർകോട് സ്വദേശിയാണെന്നും ഇയാൾ പൈകയ്ക്കടുത്ത് മേസ്തിരിപ്പണിക്കാരനായി മുമ്പ് ജോലി ചെയ്തിട്ടുണ്ടെന്നുമാണ് പ്രാഥമിക സൂചനകൾ.