ജില്ലാ പോലീസ് മേധാവിയുടെ അനുവാദത്തോടെ, കോവിഡ് 19-ന്റെ ജനകീയ ബോധവൽക്കരണ സന്ദേശവുമായി പാലാ പോലീസ് തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ടെലിഫിലിം കാഴ്ചക്കാരുടെ കണ്ണു നനയിക്കുമെന്ന് ഉറപ്പ്.
കഴിഞ്ഞ ഒന്നര മാസമായി നേരത്ത് ഊണും ഉറക്കവുമില്ലാതെ, വിശ്രമമില്ലാതെ, കോവിഡിൽ നിന്ന് സഹജീവികളെ സംരക്ഷിക്കാൻ പെടാപ്പാടുപെടുന്ന കേരള പോലീസിന്റെ നന്മയ്ക്ക് മുന്നിൽ പാലായിലെ സഹപ്രവർത്തകർ സമർപ്പിക്കുന്ന സ്നേഹോപഹാരമാണീ ടെലിഫിലിം.
/sathyam/media/post_attachments/JwSwwJ2dnMmkHmY1tsRw.jpg)
പ്രധാന കഥാപാത്രങ്ങൾ പാലായിലെ യഥാർത്ഥ പോലീസ് ഉദ്യോഗസ്ഥർ തന്നെ. പാലാ ഡിവൈ.എസ്. പി. ഷാജിമോൻ ജോസഫിന്റെ ആമുഖ സന്ദേശത്തോടെ ആരംഭിക്കുന്ന ടെലിഫിലിമിൽ ,കോവിഡ് 19-ന്റെ ജന സംരക്ഷണ പ്രവർത്തനങ്ങളിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ പോലീസുദ്യോഗസ്ഥരായ സി.ഐ. വി.എ. സുരേഷ്, എസ്. ഐ. മാരായ ഷാജി സെബാസ്റ്റ്യൻ, ഹാഷിം, തോമസ്, ജനമൈത്രി സി.ആർ.ഒ. ബിനോയി ജോസഫ് എന്നിവർ വേഷമിടുന്നു. സി.ഐ. വി. എ. സുരേഷാണ് നായകൻ. കോട്ടയം പോലീസ് മേധാവി ജയദേവ് ന്റെ സന്ദേശത്തോടെയാണ് ടെലിഫിലിം സമാപിക്കുന്നത്.
കഥ മുഴുവൻ പറഞ്ഞ് സസ്പെൻസ് കളയരുതേ എന്ന് സംവിധായകൻ പിണ്ണാക്കനാട് സാം മോന്റെ അഭ്യർത്ഥന പൂർണ്ണമായും അനുസരിക്കുന്നു. ഒരു പക്ഷേ ചില കൂട്ടിച്ചേർക്കലുകളോ വെട്ടിത്തിരുത്തലുകളോ കഥയിൽ ഇനിയും വന്നേക്കാമെത്രേ. കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയ പി.കെ. ഡാനിഷിനേയും അഭിനന്ദിക്കാതെ വയ്യ.
പ്രിയപ്പെട്ട സാം മോൻ, താങ്കളുടെ ചിത്രത്തിലെ സസ്പെൻസ് നിലനിർത്തിക്കൊണ്ടു തന്നെ ചില കഥാ സൂചനകൾ മാത്രം;
.......ഏപ്രിൽ 30. അന്ന് പാലാ സർക്കിൾ ഇൻസ്പെക്ടറുടെ വ്യക്തി ജീവിതത്തിലെ ഏറ്റവുമധികം സന്തോഷമുണ്ടാകേണ്ട ഒരു ദിവസമായിരുന്നു. പക്ഷേ രാവിലെ 10 മണിയോടെ എല്ലാം കീഴ്മേൽ മറിഞ്ഞു. അല്ലെങ്കിലും സദാ കൃത്യനിർവ്വഹണ ചുമതലയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് വ്യക്തി ജീവിതം എത്രയോ അകലെയാണ് ....
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒരു കോവിഡ് രോഗി മുങ്ങി .... മധ്യവയസ്കനായ ഇയാൾ ഒരു കാറിൽ പാലായിലേക്ക് കടന്നതായി പാലാ പോലീസിന് അറിവ് കിട്ടി. സി.ഐ. സുരേഷും സംഘവും പാലാ സെന്റ് തോമസ് കോളജിന് സമീപം വെച്ച് കാർ തടഞ്ഞെങ്കിലും ഇയാൾ കടന്നു കളഞ്ഞു. പോലീസ് സംഘം പിന്നാലെ പാഞ്ഞു.
ഒടുവിൽ കിഴതടിയൂർ ബൈപ്പാസിൽ വെച്ച് പോലീസ് ജീപ്പ് , രോഗിയുടെ കാർ മറി കടന്ന് , കുറുകെ നിർത്തി വഴിതടഞ്ഞു.
രോഗിയായ മധ്യവയസ്ക്കൻ ഇറങ്ങിയോടി. സി.ഐ.യും സംഘവും പിന്നാലെയും...... ഒടുവിൽ കോവിഡ് രോഗിയാണെന്നതു പോലും ഗൗനിക്കാതെ, സി.ഐ. ഇയാളെ വട്ടം പിടികൂടി, കീഴടക്കി.
അതേ സമയം തന്നെ സി.ഐ. സുരേഷിന്റെ ഫോണടിച്ചു; മറു തലയ്ക്കൽ ആ സന്തോഷ വാർത്ത..... പക്ഷേ ഓടി എത്താൻ കൊതിച്ച ആ ആഹ്ലാദ നിമിഷങ്ങളിലേക്ക് പോകാൻ ഈ പോലീസ് ഉദ്യോഗസ്ഥനു കഴിഞ്ഞില്ല.... കോവിഡ് രോഗിയുമായി നേരിട്ട് ഇടപെട്ട സി.ഐ. ജനറൽ ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിയണമെന്ന് ആശുപത്രി അധികാരികൾ ആവശ്യപ്പെട്ടു....... ഈ കഥയുടെ തുടക്കത്തിൽപ്പറഞ്ഞ സംഭവം അവിടെയാണ്.
പോലീസ് ഉദ്യോഗസ്ഥരുടെ വ്യക്തി ജീവിതത്തിലെ വേദനകളും വിഹ്വലതകളും കൂടി തെളിയുന്ന ടെലിഫിലിമിൽ ഡ്രോൺ പരിശോധനയും ചീട്ടുകളി സംഘത്തെ പിടികൂടുന്നതുമൊക്കെ ചിത്രീകരിച്ചിട്ടുണ്ട്. ഒപ്പം ഉദ്യോഗസ്ഥർ അറിയാതെ തന്നെ കോവിഡ് കാലത്തെ അവരുടെ ദൈനം ദിന സേവനങ്ങളും ഒപ്പിയെടുത്തിട്ടുണ്ടെന്ന് സംവിധായകൻ പിണ്ണാക്കനാട് സാം മോൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us