പാലാ: പിൽക്കാലത്ത് മലയാള നാടിൻ്റെ മഹാകവിയായ പാലാ നാരായണൻ നായരുൾപ്പെടെ വിജ്ഞാന ദാഹവുമായെത്തിയ തലമുറകളായുള്ള കുട്ടികൾ ദേഹ ദാഹം ശമിപ്പിച്ച അമൃത ഗംഗ . അറിവിൻ്റെ വെള്ളവും വെളിച്ചവും സമൂഹത്തിനു വിതറി പാലാ മഹാത്മാ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ചരിത്രത്താളിലേക്ക്.
/sathyam/media/post_attachments/emen5qIn3Cio4vF2fkYn.jpg)
മഹാത്മാഗാന്ധി സ്കൂളിന് 5 കോടിയുടെ പുതുപുത്തൻ മന്ദിരം നിർമ്മിക്കാനൊരുങ്ങിയപ്പോൾ തന്നെ സ്കൂൾ അധികാരികളും മാതാപിതാക്കളും കുട്ടികളും ചേർന്നൊരു തീരുമാനമെടുത്തിരുന്നു. പൂർവ്വസൂരികൾക്ക് അമൃത ജലം പകർന്നു തന്ന കിണർ അമൃത ഗംഗയെ നിലനിർത്തും.! അന്ന് ധനകാര്യ മന്ത്രിയായിരുന്ന സ്ഥലം എം. എൽ. എ കെ. എം. മാണിയും ഈ അഭിപ്രായത്തിൻ്റെ തന്നെ കപ്പിയിൽ കയറിട്ടു.
കിണറിനു മുകളിൽക്കൂടി വരുന്ന നിലയിലായിരുന്നു പുതിയ മന്ദിരത്തിൻ്റെ പ്ലാൻ. ഈ പഴയ കിണർ മൂടിയാൽ കെട്ടിട നിർമ്മാണം കൂടുതൽ സുന്ദരമാകുമെന്നും പുതുതായി വേറെ കിണർ കുത്തി നൽകാമെന്നും കെട്ടിടം പണി ഏറ്റെടുത്തവർ പറഞ്ഞെങ്കിലും അതിനു കോരിയ വെള്ളമങ്ങ് ഒഴുക്കിക്കളഞ്ഞേക്കാനായിരുന്നൂ അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും മാതാപിതാക്കളുടേയും മറുപടി. അങ്ങനെ പുതിയ മനോഹരമായ മന്ദിരത്തിനുള്ളിൽത്തന്നെ അമൃത ഗംഗയ്ക്ക് ഇരിപ്പിടമായി.
അടിയിൽ നിന്നേ കരിങ്കല്ല് കെട്ടിക്കയറിയ ഈ കിണറ്റിലെ വെള്ളം ഒരിക്കലും വറ്റില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത. പാലാ നഗരം കുടിവെള്ള ക്ഷാമത്താൽ വീർപ്പുമുട്ടിയപ്പോഴും ഗവൺമെൻ്റ് ഹൈസ്കൂൾ കവാടത്തിലെ ഈ കിണറിൽ ഒരാൾ പൊക്കം ജലനിധി ഉണ്ടായിരുന്നു. ദിവസേന ആയിരത്തോളം കുട്ടികൾ കോരിക്കുടിച്ചിട്ടും അമൃത ഗംഗ സദാ ചുരത്തി നിന്നു.
/sathyam/media/post_attachments/NgcGf2Bhhl4n7AtnqodW.jpg)
സമീപത്തെ വ്യാപാരികളും വേനൽക്കാലത്ത് സ്കൂളിനടുത്തുള്ള വീട്ടുകാരുമൊക്കെ കുടിവെള്ളമെടുത്തത് ഇവിടെ നിന്നാണ്. ഇത് അറിയാവുന്നതുകൊണ്ടാണ് ഈ കിണർ പരിപാലിക്കണമെന്ന അഭിപ്രായത്തിനു കോരി തീർക്കാനാവത്തത്ര ജന പിന്തുണ കിട്ടിയത്.
പുതിയ സ്കൂൾ മന്ദിരത്തിനുള്ളിൽ ഹാളിനോടും അടുക്കളയോടും ചേർന്ന് ഇരുമ്പു വേലി മറയും മൂടിയുമാക്കി അമൃത ഗംഗയെ പരിപാലിച്ചിരിക്കുകയാണ്. ഒപ്പം പഴയ രീതിയിലുള്ള തൊട്ടിയും കയറും ഇട്ടിട്ടുമുണ്ട്.
2013-ൽ മന്ത്രിയായിരുന്ന കെ.എം.മാണിയുടെ കരുതലിൽ 5 കോടി മുടക്കിയാണ് സ്കൂളിന് ഇരട്ട ബഹുനില മന്ദിരങ്ങൾ നിർമ്മിച്ചു തുടങ്ങിയത്. മഹാകവി പാലാ നാരായണൻ നായർ ഉൾപ്പെടെ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാഹിത്യ-സാംസ്ക്കാരിക പ്രവർത്തകരുടേയും മാതൃവിദ്യാലയമാണിത്. സ്വകാര്യ സ്കൂളുകൾക്ക് പോലും ഇല്ലാത്ത ആധുനിക കെട്ടിട സൗകര്യങ്ങളാണ് ഇപ്പോൾ പാലാ ഗവ: സ്കൂളിന് ലഭ്യമായിരിക്കുന്നത്.
നാളെ ( 9.9. 2020) രാവിലെ 10.30 ന് മു മ്യഖ്യമന്ത്രി പിണറായി വിജയൻ പുതിയ മന്ദിരം നാടിന് സമർപ്പിക്കും.വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.
എം.പി.മാരായ ജോസ്. കെ. മാണി, തോമസ് ചാഴികാടൻ, മാണി. സി. കാപ്പൻ എം. എൽ. എ തുടങ്ങിയവർ സ്കൂൾ ഹാളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us